ഫാറൂക്ക് അബ്ദുള്ളയുടെ സെക്കുലര്‍ ബുദ്ധിഭ്രമം

530556_10151940258543885_1324604954_n കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് പത്രത്തില്‍ വന്ന ഒരു പ്രസ്താവന : “ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയാല്‍ ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തിന് മാറ്റം വരും, അത് ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക്‌ കളങ്കം ചാര്‍ത്തും..”.  ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രിയും ആയ ഫാറൂക്ക് അബ്ദുള്ളയുടേ  താണ് ഈ പ്രസ്താവന. തീര്‍ത്തും അപരിഷ്കൃതവും അപക്വവുമായ ഈ പ്രസ്താവന ഒന്നുകില്‍ വയസ്സായ അബ്ദുള്ളയുടെ ഓർമ്മപ്പിശകില്‍ വന്നതോ അല്ലെങ്കില്‍ ബുദ്ധിഭ്രമം ആയതോ ആവാനാണ് സാധ്യത. മതേതരത്വത്തെ കുറിച്ചു വാചാലനായ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും തങ്ങളുടെ സംസ്ഥാനത്തിന്റെ ഭരണഘടന സംവിധാനത്തില്‍ മതേതരത്വം എന്ന പദം ചേര്‍ക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. പറയുന്നത് പ്രവർത്തിക്കുക എന്നാണല്ലോ പ്രമാണം എന്തായാലും അബ്ദുള്ള അങ്ങിനെ ഉള്ള പ്രമാണങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല എന്ന് തോന്നുന്നു. സെക്കുലറിസം എന്ന പദത്തിനോട് വലിയ ഇഷ്ട്ടമുണ്ടായിട്ടല്ല ഈ കുറിപ്പ് എഴുതുന്നത്‌, മറിച്ചു ഇരട്ടത്താപ്പുകാരുടെ കൈയ്യിലിരിപ്പ്‌ തുറന്നു കാണിക്കുക എന്ന ഒരു ഉദ്ദേശം മാത്രം.

അതെ, സംശയമുള്ളവര്‍ക്ക് പരിശോധിക്കാം.  നവംബര്‍ 17, 1964 ഇല്‍ സംസ്ഥാന അസംബ്ലി അംഗീകരിച്ച ജമ്മു കശ്മീരിന്റെ സംസ്ഥാന ഭരണഘടന എവിടെയും തങ്ങളുടെ സംസ്ഥാനം ഒരു മതേതര സംസ്ഥാനം ( സെക്കുലര്‍) ആണ് എന്ന് പറയുന്നില്ല. അതുമാത്രമല്ല, ഈ സംസ്ഥാനം ( മുസ്ലീം ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം) 1976 ഇല്‍ ശ്രീമതി ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന “സെക്കുലര്‍” എന്ന പുതിയ പദം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇന്ദിരാ ഗാന്ധിയുടെ ഈ പുതിയ കണ്ടുപിടിത്തം 42nd Constitutional Amendment Act, 1976 ലൂടെ ഇന്ത്യയിലെ മറ്റു എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായെങ്കിലും ഇത് ജമ്മു കശ്മീരിന് ബാധകം ആയിരുന്നില്ല. അതിനു കാരണം പറയേണ്ടതില്ലല്ലോ, അതെ നമ്മുടെ “ഡിസ്കവറി ഓഫ് ഇന്ത്യ” എഴുതിയ ശ്രീ പണ്ഡിറ്റ്‌ നെഹ്രുവിന്റെ സംഭാവന ആയ ആര്‍ട്ടിക്കിള്‍ 370 യിലൂടെ ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടനയില്‍ വരുന്ന ഭേദഗതികള്‍ (പ്രതിരോധം, വിദേശകാര്യം, വാർത്താ വിനിമയം  എന്നീ വിഭാഗത്തിലെ  ഭേദഗതികള്‍ ഒഴികെ) ഒന്നും ബാധകമല്ല. അതുകൊണ്ട് തന്നെ ഇന്ദിരാ ഗാന്ധിയുടെ ഈ പുതിയ കണ്ടുപിടിത്തം ജമ്മു കശ്മീര്‍ സംസ്ഥാനം അംഗീകരിച്ചതും ഇല്ല. ഇതിന്റെ കൂടെ ഒരു കാര്യം കൂടി എല്ലാവരുമായി പങ്കുവെക്കുന്നു. നമ്മുടെ മതേതര മാധ്യമങ്ങള്‍ നമ്മളില്‍ നിന്നും മറച്ചു വെച്ച സത്യങ്ങളില്‍ ഒന്ന് കൂടി.  അതെ, മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മുകാശ്മീരില്‍  “ന്യൂനപക്ഷം” എന്നൊരു വിഭാഗം ഇല്ല. അത് മതപരമായും, അംഗസംഘ്യയുടെ പേരില്‍ ആയാലും അവിടെ നമ്മുടെ മതേതര ഭരണകൂടത്തിനു ഉള്ള ‘ ന്യൂനപക്ഷം’  ഏക മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരില്‍ ഇല്ല.

അബ്ദുള്ളയുടെ സെക്കുലര്‍ ബുദ്ധിഭ്രമത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം കുടുംബ വാഴ്ചയായി  ജമ്മുകാശ്മീരില്‍ വാണപ്പോള്‍ അവിടെ ഈ പറയുന്ന “സെക്കുലര്‍” എന്നാ സാധനം എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല. സെക്കുലറിസത്തിനോടു ഇത്ര സ്നേഹം ഉണ്ടായിരുന്ന അദ്ദേഹത്തിന് തന്റെ സംസ്ഥാനത്തെ ഭരണഘടനയില്‍ ഇങ്ങനെ ഒരു പദം ചേര്‍ക്കാന്‍  ഇതു വരെ തോന്നിയിട്ടില്ല. 1982-1984, 1986-1990, 1996 – 2002 കാലഘട്ടങ്ങളില്‍ അദ്ദേഹം അവിടെ മുഖ്യമന്ത്രി ആയിരുന്നു. ദാ ഇത് എഴുതുമ്പോള്‍ അദ്ധേഹത്തിന്റെ മകന്‍ കുടുംബ വാഴ്ച തുടര്‍ന്നു കൊണ്ട് മുഖ്യമന്ത്രി ആയി അവിടെ വാഴുന്നു. അവിടെ കലാപങ്ങളില്‍ ഹിന്ദുക്കളെ വീണ്ടും ആക്രമിച്ചു കൊന്നതിന്റെ വാര്‍ത്തകള്‍വരുന്നു. എന്നിട്ടും ഈ സെക്കുലറിസം എന്തെന്ന് അറിയാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല, അദ്ധേഹത്തിന്റെ കുടുംബവും ശ്രമിച്ചിട്ടില്ല. അതിനെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം ചിലപ്പോള്‍ കഷ്മീരിയത്തിനെ കുറിച്ചും അവിടെ ഉള്ള സൈന്യത്തിന്റെ അധികാരത്തെ കുറിച്ചും ചിലപ്പോള്‍ വാചാലനായേക്കും.സെക്കുലറിസത്തെ കുറിച്ച് വാചാലനായ അബ്ദുള്ള ഒരു കാര്യം മറന്നെന്നു തോന്നുന്നു. 1990 ജനുവരി നാലാം തിയതി തുടങ്ങി, നൂറു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസാനിക്കാതിരുന്ന ജമ്മു കശ്മീരിലെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത പദ്ധതി അവിടെ അവതരിച്ചപ്പോള്‍ അവിടെ ഭരിച്ചിരുന്നതു ഈ സെക്കുലര്‍ ബുദ്ധിഭ്രമം സംഭവിച്ച ഫാറൂക്ക് അബ്ദുല്ലയായിരുന്നു. കശ്മീരിലെ ഉറുദു പത്രങ്ങള്‍ ഹിസ്ബുള്‍ മുജാഹിദിന്റെ “ഹിന്ദുക്കള്‍ മുഴുവനും കശ്മീര്‍ വിട്ടുപോവുക” എന്ന പത്ര പ്രസ്താവന പ്രസിദ്ധീകരിച്ചപ്പോള്‍,അതിന്റെ തുടര്‍ച്ചയായി മുഖം മൂടി ധാരികള്‍ കലാഷ്നിക്കോവും കയ്യിലേന്തി ജിഹാദ് നടത്താന്‍ ഇറങ്ങിയപ്പോള്‍, ഹിന്ദുക്കളെ വെടിവെച്ചു കൊന്നു തുടങ്ങിയപ്പോള്‍, ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു കശ്മീരിന്റെ തെരുവോരങ്ങളില്‍ ഹിന്ദുവിനെ കൊന്നൊടുക്കിയപ്പോള്‍, എവിടെ ആയിരുന്നു സാര്‍ താങ്കളുടെ ഈ സെക്കുലറിസം? അന്ന് നാടുഭരിച്ചിരുന്ന അങ്ങ് ഈ സെക്കുലറിസത്തെ കുറിച്ച് ഓര്‍ത്തില്ലേ? അതിനു ശേഷം ഇലക്ഷനില്‍ മത്സരിക്കരുതെന്നു ഓര്‍ത്തില്ലേ? കശ്മീരിലെ പണ്ഡിറ്റുകളെ കൊല്ലുകയും സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ എവിടെ ആയിരുന്നു സാര്‍ താങ്കളുടെ സെക്കുലാരി സം? ദൈവ സ്തുതികള്‍ വരേണ്ട പള്ളികളില്‍ നിന്നും “പണ്ടിട്ടുകളെ കൊന്നിടും സ്ത്രീകളെ ഞങ്ങള്‍ പ്രാപിക്കും” (1) എന്ന് ഉള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങുമ്പോള്‍ എവിടെ ആയിരുന്നു സാര്‍ താങ്കളുടെ സെക്കുലരിസം? മാസങ്ങളോളം നീണ്ടു നിന്ന കവര്‍ച്ചയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഒരു സമൂഹത്തിനെ കാര്‍ന്നു തിന്നുമ്പോള്‍ എവിടെ ആയിരുന്നു സാര്‍ താങ്കളുടെ സെക്കുലറിസം? കശ്മീര്‍ എന്ന പേരിനെ വരെ സ്വാധീനിച്ച അയ്യായിരത്തോളം വര്ഷം പഴക്കമുള്ള ഒരു സംസ്കാരത്തെ അവിടെ നിന്നും ഉന്മൂലനം ചെയ്യുമ്പോള്‍ എവിടെ ആയിരുന്നു സാര്‍ താങ്കളുടെ സെക്കുലറിസം? രണ്ടു പതിറ്റാണ്ട് കൊണ്ട് ഇരുന്നൂറ്റി എട്ടു ക്ഷേത്രങ്ങള്‍ ( അവിടത്തെ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍) തകരുമ്പോള്‍ എവിടെ ആയിരുന്നു സാര്‍ താങ്കളുടെ സെക്കുലറിസം? (2) ഇതൊക്കെ സംഭവിക്കുമ്പോള്‍ താങ്കള്‍ക്ക് സെക്കുലറിസത്തെ കുറിച്ച് ഓര്മ ഉണ്ടായിരുന്നില്ലേ? അതോ താങ്കള്‍ക്ക് ബുദ്ധിഭ്രമം സംഭവിച്ചോ ?

മതഭ്രാന്തന്മാര്‍ക്ക് ജമ്മു കാശ്മീരിനെ കൊലനിലമാക്കാന്‍ വിട്ടുകൊടുത്തു കൊണ്ട് രാജിവെച്ചു അവിടെ നിന്നും മുങ്ങിയതാണോ താങ്കളുടെ സെക്കുലറിസം? അതിനു ശേഷം വീണ്ടും ഇലക്ഷന് മത്സരിക്കുമ്പോള്‍ താങ്കളുടെ സെക്കുലറിസം ഒളിവില്‍ പോയതാണോ ?

മാരിച്ഝാപ്പിയിലെ കലാപത്തിലൂടെ (3) പതിനായിരക്കണക്കിനു ഹിന്ദുക്കളെ കൊന്നൊടുക്കിയ സഖാവ് ജ്യോതിബസുവിന് വന്ന അതേ ബുദ്ധിഭ്രമം അബ്ദുള്ളക്കും വന്നിരിക്കുന്നു. അതെ, ആ വംശഹത്യ ഇന്ന് അബ്ദുള്ളക്കു ബുദ്ധിഭ്രമത്തിലൂടെ മറന്നു പോയിരിക്കുന്നു. ഇന്നും സംസ്ഥാനവും കേന്ദ്രവും ഭരിക്കുമ്പോള്‍ അദ്ദേഹത്തിന് ഇതിനെ പറ്റി ഓർമ്മയേ ഇല്ല, അബ്ദുള്ളക്കു ഓര്മ ഉള്ളത് നമ്മുടെ ഭരിക്കാന്‍ അറിയാതിരുന്ന ഇന്ത്യയുടെ ഏറ്റവും മഹാനായ പ്രധാനമന്ത്രി, അബ്ദുള്ളയുടെ പിതാവിന് നല്‍കിയ വാക്ക് മാത്രമാണ്. അതെ അത് തന്നെയാണ് ഈ സെക്കുലര്‍ ബുദ്ധിഭ്രമത്തിന്റെ കുഴപ്പവും..

Courtesy:  Arvind Lavakare’s column at Niti Central

Ref:
1: http://www.ndtv.com/video/player/hum-log/video-story/221781
2: http://www.hindustantimes.com/India-news/Srinagar/208-temples-damaged-in-Kashmir-in-last-two-decades–Kashmir-govt/Article1-939793.aspx
3: http://en.wikipedia.org/wiki/Marichjhapi_massacre