താരങ്ങളുടെ രാഷ്ട്രീയത്തിൽ മതം കലർത്തുന്നതാര്.

—-ദേവി പിള്ള——–

     പണ്ട് പണ്ട്, അതായത് ഇപ്പൊ എന്റെ ഫേസ്ബുക്ക്‌ ചുവരിൽ വന്ന് ഒളിഞ്ഞും തെളിഞ്ഞും മതേതരത്വം വിളമ്പുന്ന മീശ മുളയ്ക്കാത്ത മക്കളില്‍ പലരും ജനിക്കുക പോലും ചെയ്യാത്ത ഒരു കാലത്ത്, കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ പ്രക്ഷേപണം ആരംഭിച്ചു. അന്ന് ദൂരദര്‍ശന്‍ എന്നൊരു ചാനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ തന്നെ ടെലിവിഷന്‍ വിരളമായിരുന്ന അക്കാലത്ത് എന്റെ വീട്ടിലൊരു ടിവി വന്നു. കളര്‍ ആയിരുന്നൂ ട്ടോ. സോളിഡയര്‍ എന്നൊരു ബ്രാന്‍ഡ് ടിവി. അന്നത്തെ സൂപ്പര്‍ ബ്രാണ്ടായിരുന്നു. എന്റെ അമ്മാവന്‍ പ്രിയ സഹോദരിയായ എന്റെ അമ്മയ്ക്ക് സമ്മാനമായി കൊടുത്തതായിരുന്നു ആ ടിവി. അതുവരെ ഞങ്ങളുടെ നാട്ടില്‍ ഒരു ബന്ധുവീട്ടില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍റെ മുന്നിലായിരുന്നു ഞങ്ങള്‍ ഒരു ഗ്രാമത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗം വരുന്ന ആളുകളും ഒരക്ഷരം മനസ്സിലാകാതെ ചിത്രഹാറിന്‍റെയും സീരിയലുകളുടെയും മുന്നില്‍ മിഴിച്ചിരുന്നത്. അതൊക്കെ ഒരു കാലം..

സോളിഡയര്‍ ടിവി നിറപ്പകിട്ടുമായി എന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓഡിയന്‍സ് ഓടിപ്പാഞ്ഞു വന്നു അതിനുമുന്നില്‍ നിരന്നിരുന്നു. മഴവില്ലിന്റെ നിറമുള്ള കാഴ്ചകള്‍ കണ്ടമ്പരന്നു. ആകെ ഉള്ളത് ഹിന്ദി പരിപാടികള്‍. വൈകിട്ട് ഒരു ചിന്ന മലയാളം ന്യൂസ്. അപനീ രാഷ്ട്ര ഭാഷാ ഹിന്ദി ഇന്നസെന്റിന്റെയും ലളിതയുടെയും പിടിയില്‍ വഴുതിക്കളിച്ച പോലെ ഞങ്ങളുടെയും മുന്നിലും പിന്നിലും താഴെയും മുകളിലും ഒക്കെയായി ഹാ ഹേ ഹോ ഹൂ എന്നൊക്കെ ഒച്ച കേള്‍പ്പിച്ചു കറങ്ങി നടന്നു. പകലൊന്നും അധികം പരിപാടികളില്ല. രാത്രി 8 മണിക്ക് ചിത്രഹാര്‍ പിന്നെ സീരിയല്‍. (എല്ലാം കൃത്യമായി ഓര്‍ക്കുന്നില്ല- വിഷയം അതല്ല താനും ) ബുനിയാദ് – യെ ജോ ഹേ സിന്ദഗി- ഹം ലോഗ്. ആരൊക്കെയോ വരുന്നു, സംസാരിക്കുന്നു, പോകുന്നു. ചിലപ്പോള്‍ ചില സീനുകളില്‍ നിന്നും ചിലത് മനസ്സിലാകും. ഞായറാഴ്ച ആഘോഷമാണ്. സിനിമകള്‍. പല അവാര്‍ഡ് സിനിമകളും ഉച്ചക്ക് ഒന്നരയ്ക്ക് പ്രാദേശിക സിനിമ പ്രദര്‍ശനത്തില്‍ കണ്ടു. മരുഭൂമിയിലെ മഴപോലെ വരുന്ന മലയാള പടങ്ങളും കണ്ടു. സീരിയലുകളിലെ പല മുഖങ്ങളും പരിചിതമായി തുടങ്ങി. രാമായണവും മഹാഭാരതവും ആരവങ്ങള്‍ മുഴക്കിയെത്തി.

പതിയെപ്പതിയെ ഹിന്ദി ഭാഷ വഴങ്ങിത്തുടങ്ങി. അങ്ങനെയിരിക്കെയാണ് പുതിയ സീരിയല്‍ “ഫൌജി!” വരുന്നു. പട്ടാളക്കാരുടെ സീരിയല്‍. അതില്‍ ലഫ്ടനന്‍ട് അഭിമന്യു റായി ആയി ഒരു സുന്ദരന്‍ ചെക്കന്‍. കാര്യം ഭാഷ വലുതായി പിടികിട്ടുന്നില്ലെങ്കിലും സകലര്‍ക്കും ചെക്കനെ അങ്ങ് പിടിച്ചു. ചെക്കന്റെ നീണ്ട മൂക്ക്. ചെക്കന്റെ തിളങ്ങുന്ന തലമുടി. ചെക്കന്റെ അടിപൊളി ഹെയര്‍ സ്റൈല്‍, ചറപറ ഹിന്ദി. ജീന്‍സ്, ടീഷര്‍ട്ട്. എന്റമ്മോ ആകെപ്പാടെ ഞങ്ങള്‍ പെണ്‍പിള്ളാര്‍ എല്ലാം മൂക്കും കുത്തി അവന്റെ കാല്‍ക്കലേക്ക് അങ്ങ് വീണു. കോളേജില്‍ ഒരു മിനിറ്റ് സമയം കിട്ടിയാല്‍ ഫൌജി ആണ് താരം. അന്ന് മെഗാ സീരിയല്‍ 537e3f8a92ef9.imageഒന്നുമില്ല. പതിമൂന്നു എപിസോഡോടെ സംഭവം കഴിയും. വീഡിയോയും ഒന്നും ലഭ്യമല്ല. നമ്മള്‍ ചെക്കന്റെ ഓര്‍മ്മകളോടെ കഴിഞ്ഞു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചെക്കന്‍ പിന്നെ ലൈഫ് ലൈന്‍ എന്നൊരു സീരിയലില്‍ വന്നു എന്നാണു തോന്നുന്നത്. ഒരു ഹോസ്പിടല്‍ സീരിയല്‍. ഇസിജി ഗ്രാഫ് ഇങ്ങനെ നിരങ്ങി നിരങ്ങി പോകുന്ന മൊണ്ടാഷ്. അതിലും കൂടെ ചെക്കനെ കണ്ടപ്പോള്‍ പിന്നെ ആകെമൊത്തം ആരാധന ആയി. നാനയിലോ മറ്റോ വന്ന ഒരു കുറിപ്പില്‍ നിന്നും പേരും മനസ്സിലാക്കി. ഷാരൂഖ് ഖാന്‍. ങേ, ഇതെന്തൊരു പേരോ. ആഹ്, എന്തേലും ആവട്ടെ. ശാരുക്കാന്‍ ഷാരുക്കാന്‍ എന്നൊക്കെ പറഞ്ഞു നാവു വഴക്കിയെടുത്തു. അന്ന് മുതല്‍ നമ്മുടെ മനസ്സില്‍ കയറി കൂടിയതാണ് മക്കളേ, ഇന്നത്തെ കിംഗ്‌ ഖാന്‍ എന്ന് വിളിക്കുന്ന സാക്ഷാല്‍ ഷാരൂഖ് ഖാന്‍. നിങ്ങളൊന്നും ജനിച്ചിട്ട്‌ പോലും ഇല്ലാത്ത കാലത്ത്…..

മനസ്സിലായോ?

തീയറ്ററില്‍ പോയി ഹിന്ദി സിനിമ കാണാന്‍ അവസരം കിട്ടിയിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദി സിനിമകള്‍ അധികം വരാറും ഇല്ലായിരുന്നു. അങ്ങനെ കാലം കടന്ന് പോയി.

വിവാഹം കഴിഞ്ഞു മക്കളെ വളര്‍ത്തുന്ന തിരക്കില്‍ ഈ ലോകത്ത് തന്നെ എന്ത് സംഭവിക്കുന്നു എന്നറിയാതെ രണ്ടുമൂന്നു കൊല്ലങ്ങള്‍ അറേബ്യന്‍ മരുഭൂമിയില്‍ ഒരിടത്ത് കഴിഞ്ഞുപോയി. മക്കള്‍ വളര്‍ന്നുകൊണ്ടിരുന്നു. ഒരിടത്ത് അടങ്ങിയിരിക്കുന്ന സമയമായില്ല എങ്കിലും ടിവിയില്‍ വല്ല കാസറ്റും ഇട്ടു കൊടുത്താല്‍ കണ്ടുകൊള്ളും. മലയാളം ചാനലുകള്‍ ഒന്നും ഗള്‍ഫില്‍ അന്ന് ലഭ്യമല്ല. വീഡിയോ കാസറ്റ് ലൈബ്രറികളുടെ സുവര്‍ണ്ണ കാലം. ഹിന്ദി പാട്ടുകളുടെ കാസറ്റുകള്‍ക്കാണ് പ്രിയം കൂടുതല്‍. മക്കള്‍ക്ക് കാസറ്റും ഇട്ടുകൊടുത്തു ഞാനും അങ്ങനെ നോക്കിയിരിക്കെ, അതാ വരുന്നു ചെക്കന്‍….

ജാതീ ഹൂം മേ…….. ജല്‍ദി ഹേ ക്യാ……. അങ്ങനെ കുറെ പാട്ടുകളിലൂടെ….

കഴുത്തില്‍ ഉറുമാല്, കയ്യില്‍ വലിയ ബ്രേസ് ലറ്റ്, നെറ്റിയിലേക്ക് വീണു കിടക്കുന്ന കോലന്‍ മുടി. കാജോള്‍, ശില്പ ഷെട്ടി, രവീണ ടണ്ടന്‍. കൂട്ടിനു നിരവധി സുന്ദരികളും! പിന്നെപ്പിന്നെ ചാനലുകളായി, കാസറ്റുകള്‍ പോയി സിഡികള്‍ വന്നു, സാറ്റലൈറ്റ് വന്നു, ഗള്‍ഫില്‍ നിറയെ ചാനലുകള്‍ കിട്ടിത്തുടങ്ങി. ചെക്കനും കത്തിക്കേറിത്തുടങ്ങി.

ചെക്കന്റെ കസറന്‍ ഭാഷണങ്ങളും പാട്ടുകളും അനുകരിക്കാത്ത സ്റ്റേജ് ഷോകള്‍ ഇല്ലെന്നായി. എമ്പാടും പരന്നു പറന്ന് കളിക്കുന്ന പേര്- ഷാരൂഖ് ഖാന്‍ ………. ഷാരൂഖ് ഖാന്‍ …..ഷാരൂഖ് ഖാന്‍…

‘ദില്‍വാലെ ദുല്‍ഹനിയാ ലേ  ജായേഗേ’ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും മുംബയിലെ മറാത്തി മന്ദിറില്‍ ഫുള്‍ ഹൌസ് ഓടിയ ചിത്രം. അന്ന് ലോകം ഇളക്കി മറിച്ചു ശേഷം ഇന്ന് മുംബായില്‍ രണ്ടു പതിറ്റാണ്ടു ആഘോഷിച്ചതിന്റെ ഹാങ്ങോവറില്‍ ആണ്. എത്രയെത്ര സിനിമകള്‍.

ഡര്‍..ബാസീഗര്‍…..രാജൂ ബന്‍ ഗയാ ജെന്റില്‍മാന്‍…..കുച്ച്  കുച്ച് ഹോത്ത ഹേ…..ദില്‍ തോ പാഗല്‍ ഹേ… 

സിനിമകള്‍ മുഴുവന്‍ കണ്ടില്ലെങ്കിലും പാട്ടുകള്‍ വീഡിയോയില്‍ കണ്ടുകൊണ്ടിരുന്നു. അങ്ങനങ്ങനെShahrukh-Khan-Career-Graph-1992-2013 കഭി ഖുശി കഭി ഗം വന്നു. നമ്മുടെ പയ്യനാണ് നായകന്‍ രാഹുല്‍. അവന്‍ അഞ്ജലിയെ കല്യാണം കഴിച്ചപ്പോള്‍ അച്ഛന്‍ വീട്ടില്‍ കയറ്റിയില്ല. അപ്പോള്‍ നമ്മള്‍ കരഞ്ഞു. ദേഷ്യം പിടിച്ചു. പിന്നീട് ലണ്ടനില്‍ അവര്‍ സുഖമായി ജീവിക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു. അത് കഴിഞ്ഞു അടുത്തത് ദാ വരുന്നു ‘കല്‍ ഹോ ന ഹോ’. നാളെ ഉണ്ടായാലും ഇല്ലെങ്കിലും…

എന്തൊരു സിനിമ! അമന്‍ ആയി നമ്മുടെ പയ്യന്‍. അവന്റെ സ്നേഹവും ജീവിത വീക്ഷണവും. ഞാനും മക്കളും കൂടി കല്‍ ഹോ ണ ഹോ എത്ര തവണ കണ്ടു എന്ന് ഓര്‍മ്മയില്ല. ഓരോ ഡയലോഗും കാണാപ്പാഠം. ഒരു ദിവസം മൂന്നു തവണ വീതം വരെ ആ സിനിമ വീട്ടില്‍ ഓടിയിട്ടുണ്ട്. കടുത്ത മടുപ്പോ വിഷമമോ വരുമ്പോള്‍ ഇപ്പോഴും യു ട്യൂബിലേക്ക് കയറും. കല്‍ ഹോ ന ഹോ യുടെ ഏതെങ്കിലും ഒരു ക്ലിപ്പ് കാണാന്‍. അത് കണ്ടു കഴിയുമ്പോഴേക്കും നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു കയറിയ പോലൊരു ഉന്മേഷം. അതിനുശേഷവും എത്രയോ ഹിറ്റ്‌ ചിത്രങ്ങള്‍..

ഇതിനിടയില്‍ ചെക്കന്‍ ഗൌരിയെ കല്യാണം കഴിച്ചു. ഹാ! കൊള്ളാല്ലോ….ഗൌരി ഗൌരിയായിത്തന്നെ ജീവിച്ചു. അവര്‍ക്ക് മകനുണ്ടായി, ആര്യനെന്നു പേരിട്ടു. മതം ഏതെന്നു തിരിച്ചറിയാതിരിക്കാന്‍ ആണ് ആ പേരിട്ടതെന്ന് ചെക്കന്‍ പത്രങ്ങളോട് പറഞ്ഞത് അവര്‍ വെണ്ടയ്ക്ക നിരത്തി. പിന്നീടൊരു മകള്‍ ഉണ്ടായി സുഹാന. അവളെയും മുസ്ലിം ആയിട്ടാണോ വളര്‍ത്തിയത്?27-1422357799-akcover

ആ..ആര്‍ക്കറിയണം? അടുത്തിടെ ആര്യന്റെയും അമിതാഭ് ബച്ചന്റെ ചെറുമകളുടെയും നല്ല ചൂടന്‍ പടങ്ങള്‍ ഇന്റര്‍ നെറ്റില്‍ കറങ്ങി നടക്കുന്നത് കണ്ടു പിള്ളേരുടെ ഓരോ തമാശ.ആരും ജാതിയും മതവും ഒന്നും അന്വേഷിക്കാന്‍ പോയില്ല. പിന്നീട് ചെക്കന്‍ ക്രിക്കറ്റ്ക്കാരുടെ കൂടെ ദൈവമായി. കാശുള്ളവര്‍ അങ്ങനെ എന്തെല്ലാം ചെയ്യും. സിനിമ- ക്രിക്കറ്റ്, ക്രിക്കറ്റ്- സിനിമ അങ്ങനെ ചെക്കന്‍ ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജാവായി. കിംഗ്‌ ഖാന്‍ ആയി. ആരേലും അയാളുടെ മതം ചോദിച്ചോ? പള്ളിയില്‍ പോകുന്നുണ്ടോ, നിസ്കരിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചോ? ആലോചിച്ചോ? പോയാലെന്ത് പോയില്ലെങ്കില്‍ എന്ത്? ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍..

ചെക്കനെ ആരാധകര്‍ പലവിധ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ഷാരൂഖ് ഖാന്‍ എന്ന മുസ്ലീമിന് പദ്മശ്രീ നല്‍കിയതായി എവിടെയും വായിച്ചില്ല. ആരും ആലോചിചിട്ടുമില്ല. എന്റെ തലമുറയെ നിഷ്കരുണം ഉപേക്ഷിച്ച് ചെക്കന്‍ അടുത്ത തലമുറയുടെ സ്വപ്ന കാമുകനായി. അവിടെയും ആരെങ്കിലും മതം അന്വേഷിച്ചോ? കഴിഞ്ഞയാഴ്ച ചെക്കന്‍റെ അന്‍പതാം പിറന്നാള്‍ ആഘോഷം. (നിര്‍ഭാഗ്യവശാല്‍ അത് നൂറുകോടി ഡോളര്‍ വിദേശ നാണയ ഇടപാടില്‍ എന്ഫൊഴ്സ്മെന്റ് ഡയരക്ടറേറ്റിന്‍റെ മൂന്നാമത്തെ നോടീസ് ചെന്നതിന്റെ പിറ്റെന്നിന്റെ പിറ്റേന്നായിരുന്നു. ആദ്യ രണ്ടു നോട്ടീസ് കണ്ടില്ലെന്നു നടിച്ചപ്പോഴാണ് മൂന്നാമത്തെ നോടീസ് ചെല്ലുന്നത്) അതോടെ കാര്യങ്ങള്‍ എല്ലാം മാറി മറിയുന്നു. ചെക്കന്‍ മൈക്ക് എടുക്കുന്നു. പ്രസ്താവന ഇറക്കുന്നു. ചെക്കനെ രാജാവായി വാഴിച്ചു കൊണ്ട് നടക്കുന്ന ഈ ഭാരതത്തില്‍ അസഹിഷ്ണുതയാണത്രേ! ഇവിടെ ജീവിക്കാന്‍ പേടിയാണത്രേ!

അതുശരി. അപ്പൊ അങ്ങനെയാണ് കാര്യങ്ങള്‍. കേട്ടവരെല്ലാം മിണ്ടാതിരിക്കണമോ? നമ്മളൊക്കെ സ്വന്തം എന്നും പറഞ്ഞു നടക്കുന്ന ആള്‍ക്കാരില്‍ ഒരാളാണ്. ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടു. അസഹിഷ്ണുതയെപ്പറ്റി പറഞ്ഞവരോട് എല്ലാവരോടും ചോദിച്ച ചോദ്യങ്ങള്‍ ..

ശാസ്ത്രഞ്ജന്‍ ഭാര്‍ഗവയോടും, സിനിമാക്കാരന്‍ പട്ട്വര്‍ദ്ധന്‍ അങ്ങനെ അങ്ങിനെ തൊണ്ണൂറു പേരോട് ചോദിച്ച അതേ ചോദ്യങ്ങള്‍.. വള്ളിപുള്ളി വ്യത്യാസമില്ല. പെട്ടന്ന് ചെക്കന് സംരക്ഷകര്‍ അവതരിക്കുന്നു. നമ്മള്‍ ഇത്രയും നാള്‍ സ്വപ്നം കണ്ട്, താലോലിച്ചു കൊണ്ട് നടന്ന ഷാരൂഖ് ഖാന്‍ മുസ്ലീം ആണത്രേ! അയാള്‍ ന്യൂന പക്ഷമാണത്രേ! ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതത്തില്‍ ജീവിക്കാന്‍ പറ്റുന്നില്ലത്രേ! മൈക്ക് എടുത്ത് സ്വന്തം രാജ്യത്ത് കുഴപ്പമാണ് എന്ന് പറയുമ്പോള്‍ ശത്രുരാജ്യം അടങ്ങിയിരിക്കുമോ? ദാ വരുന്നു ക്ഷണം! ഇങ്ങോട്ട് പോരെ! അവിടെയാണെങ്കില്‍ തേനും പാലും പുഴകളായി ഒഴുകുകയാണ്! ക്ഷണം കിട്ടിയപ്പോള്‍ ഇവിടെ വേറെ ചിലര്‍ വാളെടുത്തു. അങ്ങോട്ട്‌ പൊക്കോ. ചാനലുകള്‍ ഏറ്റെടുത്തു. ബുദ്ധിജീവികള്‍ ഉറഞ്ഞു തുള്ളി. ങേ! മോഡിക്കാലത്ത് ന്യൂനപക്ഷ പീഡനം! ചര്‍ച്ചകള്‍ കൊഴുക്കുന്നു. സ്റ്റാറ്റസുകള്‍ പെരുകുന്നു.ചോദ്യങ്ങള്‍ ഉയരുന്നു.

കിരീടം വയ്ക്കാത്ത രാജാവിനെ ആരാണ് പീഡിപ്പിക്കുന്നത്..? എന്ഫൊഴ്സ്മെന്റ് ഡയരക്ടറേറ്റ് ആണോ? ശത്രു രാജ്യത്തിന്‌ ഇയാള്‍ എന്ത് മറുപടി 11224482_10205212332966599_1155334294801084535_nകൊടുക്കും? ങേ? സംരക്ഷകര്‍ അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. ഒരു ന്യൂനപക്ഷത്തിനെ ചോദ്യം ചെയ്യുന്നോ? ആരവിടെ! ഈ ഹിന്ദു തീവ്രവാദികളെ പിടിക്കുക! കെട്ടുക! ഫേസ്ബുക്ക് ചുവരുകളില്‍ തെറിവിളി. എത്ര മുസ്ലിങ്ങളെ ചുട്ടു തിന്നാനാണ് ആഗ്രഹം എന്ന ചോദ്യങ്ങള്‍! ഇതിനൊക്കെ ആര് ഉത്തരം പറയാന്‍? ഷാരൂഖാനെ പിടിച്ചു ന്യൂനപക്ഷ തൊഴുത്തില്‍ കെട്ടിയ സംരക്ഷകര്‍ തന്നെ ഉത്തരം പറയുന്നതല്ലേ അതിന്റെ ഒരു ശരി?

ഈ നിമിഷവും ഷാരൂഖാന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഐക്കന്‍ ആണ്. ജനകോടികള്‍ ആരാധിക്കുന്നവന്‍. അയാള്‍ ഒരു വാക്ക് പറഞ്ഞാല്‍ അതിനു ഒരു പ്രസംഗത്തിന്റെ വില കൊടുക്കുന്നവര്‍. അങ്ങനെയുള്ളപ്പോള്‍ അതി ബ്രുഹത്തായ ഉത്തരവാദിത്തം തന്റെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും സൂക്ഷിക്കേണ്ടയാള്‍. അതെന്താ മോഡി വന്നു കഴിഞ്ഞാല്‍ ആര്‍ക്കും മിണ്ടാന്‍ ഒക്കില്ലേ? ഒക്കുമല്ലോ. തീര്‍ച്ചയായും. പക്ഷെ അതൊന്നും രാജ്യത്തോടുള്ള പ്രതിബദ്ധതയ്ക്ക് വിരുധമാകാന്‍ പാടില്ല. മോഡിയല്ല രാജ്യം. രാജ്യമല്ല മോഡി. ഭാരതത്തില്‍ അസഹിഷ്ണുതയാണ് എന്ന് ഷാരൂഖാന്‍ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ സ്വന്തം രാജ്യത്തെയാണ് നാണം കെടുത്തുന്നത്.

പിന്നെ അയാള്‍ എന്ത് ചെയ്യണമായിരുന്നു….?
നിങ്ങള്‍ ഹിന്ദുക്കളെ പേടിച്ചു മിണ്ടാതിരിക്കണോ..?
 
ഏതു ഹിന്ദു, എവിടെത്തെ ഹിന്ദു?
ഇവിടത്തെ ഹിന്ദുക്കള്‍ ഷാരൂഖാന്‍ മുസ്ലീം ആണെന്ന് വിചാരിച്ചു പെരുമാറി എന്ന് നിങ്ങള്‍ ആദ്യം തെളിയിക്കു. അപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം തരാം.

പിന്നെ ഷാരൂഖാന്‍ എന്ന മുസ്ലീം എന്തു പറയണം എന്നെനിക്കറിയില്ല, പക്ഷെ ഷാരൂഖാന്‍ എന്ന ഇന്ത്യന്‍ ഐക്കണ്‍ എന്ത് പറയണമായിരുന്നു എന്നെനിക്കറിയാം. ഷാരൂഖാന്‍ പിറന്നാള്‍ ദിനത്തില്‍ നടത്തണമായിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്ന അതിമനോഹരമായ ആ പ്രസംഗം എന്റെ മനസ്സില്‍ ഏതാണ്ട് ഇങ്ങനെയാണ്.

“ഭാരതത്തില്‍ അസഹിഷ്ണുത വേരോടുന്നു എന്നും പല പല സന്ദര്‍ഭങ്ങളിലും അത് വെളിവാകുന്നു എന്നും വാര്‍ത്തകള്‍ വരുന്നു. ഞാനും അത് കേള്‍ക്കുന്നുണ്ട്. കാണുന്നുണ്ട്. ചില സംശയങ്ങള്‍ എനിക്കും തോന്നുന്നുണ്ട്. പക്ഷെ……പക്ഷെ………… പ്രിയപ്പെട്ടവരേ, ഒരു പുതിയ സര്‍ക്കാര്‍ വന്നിരിക്കുന്ന ഈ അവസരത്തില്‍ നമ്മള്‍ മുന്‍വിധികളോട് കൂടി ഒന്നിനും പ്രതികരിക്കാന്‍ പാടില്ല. എല്ലാവരും സംയമനം പാലിക്കണം. ഒരു സാമുദായിക കലാപമോ മറ്റോ നമ്മുടെ ഒരു വാക്കില്‍ നിന്നും ഉണ്ടാവാന്‍ കാരണമാകാതിരിക്കുക. നമുക്ക് നോക്കാം. ഭാരതത്തില്‍ സാധാരണ ജീവിതം സാധ്യമല്ലാതാവുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അതിനുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കിയിരിക്കും. സംശയം വേണ്ട. പക്ഷെ തല്‍ക്കാലം നമ്മള്‍ എടുത്തു ചാടി കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കരുത്.”

പക്ഷെ നിര്‍ഭാഗ്യവശാല്‍ പണ്ടത്തെ സീരിയലിലൂടെ വന്നു മനം കവര്‍ന്ന ചെക്കന്‍ അങ്ങനെയൊന്നും പറഞ്ഞില്ല. അതിനു ചോദ്യങ്ങള്‍ ഉയര്‍ന്നു. രാജ്യസ്നേഹം വരെ ചോദ്യം ചെയ്യപ്പെട്ടു. ഒരു കാര്യം ഓര്‍ക്കണം,ഷാരൂഖാന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. അതിനു മുന്‍പല്ല. നൂറുകോടി ഡോളര്‍ രാജ്യത്തിന്‌ നഷ്ടമാക്കുന്നത് ഏതു വകുപ്പില്‍ വരും? രാജ്യ സ്നേഹത്തിലോ രാജ്യ ദ്രോഹത്തിലോ? ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പെട്ടന്ന് മതം ഓര്‍മ്മവരുന്നത് എന്തസുഖമാണ്? പണ്ട് അമേരിക്കയില്‍ വച്ച് അടിവസ്ത്രം അഴിച്ചു പരിശോധിച്ചപ്പോള്‍ മാതൃരാജ്യം കൂടെ നിന്നത് പെട്ടന്നങ്ങ് മറന്നുപോയോ എന്നൊക്കെ ആളുകള്‍ ചോദിച്ചു പോകും. ഇതില്‍ ഷാരൂഖാനേക്കാള്‍ വിഷമം ഇവിടുത്തെ അദ്ദേഹത്തിന്‍റെ സംരക്ഷകര്‍ക്കാണ് എന്നുള്ളതാണ് ഏറ്റവും വലിയ തമാശ. അവരോടാണ് എനിക്ക് പറയാനുള്ളത്. ഷാരൂഖിനെ ഏതെങ്കിലും മതത്തിന്റെയോ പക്ഷത്തിന്റെയോ തൊഴുത്തില്‍ കൊണ്ട് കെട്ടണം എന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമാണ്‌ എങ്കില്‍ അത് സ്വന്തം ചുവരുകളില്‍ ചെയ്യുക. ചര്‍ച്ചകളും കരച്ചിലുകളും ഒക്കെ കൊഴുക്കട്ടെ. പക്ഷെ അതിനു മറ്റുള്ളവരും കൂടി ഓശാന പാടണമെന്നാണ് എങ്കില്‍ നടപ്പില്ല. നിങ്ങളില്‍ പലരും ജനിക്കുന്നതിനു മുന്‍പ് തന്നെ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനെയും, അമീര്‍ ഖാനെയും കാണുകയും, ആരാധിക്കുകയും, സ്വന്തം പോലെ കൊണ്ടുനടക്കുകയും ചെയ്യാമെങ്കില്‍ ചില്ലറ ചോദ്യങ്ങളും അവരോട് ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്. ഉത്തരം വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷെ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ളവര്‍ മാറി നില്‍ക്കുക. നേരമില്ല. സത്യമായിട്ടും നേരമില്ല. ഇത്രയും എഴുതിയതില്‍ ഷാരൂഖ് ഖാന്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അദ്ദേഹം നേരിട്ട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ മറുപടി പറഞ്ഞുകൊള്ളാം. അപ്പൊ ശരി, എല്ലാം പറഞ്ഞപോലെ.

———————————————–

എഴുതിയത് : ദേവി പിള്ള