ശിവ ശാക്തേയ സങ്കൽപം


പ്രസാദ് പ്രഭാവതി

ഡിസംബർ 25 ക്രിസ്തുമസ് ആണെന്ന് എല്ലാ ഹിന്ദുക്കൾക്കും അറിയാം, പക്ഷെ അടുത്ത ചൊവ്വാഴ്ച ഭഗവാൻ ശിവന്റെ ജന്മദിനം ആണെന്ന് എത്ര ഹൈന്ദവർക്കറിയാം ?? രണ്ടു ദിവസങ്ങൾക്ക് മുൻപ് വാട്സ് ആപ്പിൽ ഒരു സുഹൃത്തയച്ച സന്ദേശം ആണിത്. ജനിക്കാത്ത ശിവന് ജന്മദിനമോ എന്ന മറുചോദ്യം ഉടനെ ചോദിച്ചതും, നീ എല്ലാ വിശ്വാസങ്ങളെയും തിരുത്താൻ നടക്കൂ എന്നായി സ്നേഹിതൻ. ആദ്യമേ പറഞ്ഞോട്ടെ, വിശ്വാസങ്ങളെ തിരുത്താനല്ല മറിച്ച് വിശ്വാസപ്രമാണങ്ങളുടെ യാഥാർഥ്യം ഓരോരുത്തരും അറിയാൻ ശ്രമിക്കണം എന്നതുകൊണ്ടാണ് ഇത്തരം മറുചോദ്യങ്ങൾ ചോദിക്കേണ്ടി വരുന്നതും. ധനുമാസത്തിലെ തിരുവാതിര ശിവന്റെ പിറന്നാൾ എന്ന പേരിൽ ആരാധിക്കുന്ന സമ്പ്രാദയം കേരളത്തിൽ മാത്രമാണുള്ളത്. ഈയൊരു വിശ്വാസത്തെ പിൻപറ്റുന്ന ഭക്തജനങ്ങൾ അറിയുക ഇവിടെ ചിത്രങ്ങളായി പ്രചരിക്കുന്നത് പോലെ ശൂലമെല്ലാം പിടിച്ച് കൈലാസത്തിൽ സകുടുംബം താമസിച്ചിരുന്ന, താമസിക്കുന്ന ഒരു ശിവനില്ല. ഉള്ളത് പ്രകൃതിയുടെ ശിവത്വമാണ്. ആ ഒരു തത്വത്തെ അറിയാൻ ആദ്യം തന്നെ ഉപേക്ഷിക്കേണ്ടത് കാലാകാലങ്ങളിൽ പലരിലും രചിക്കപ്പെട്ട പുരാണകഥകളെയുമാണ്.

ബിഗ് ബാംഗ് തിയറിക്കും സഹസ്രാബ്ദങ്ങൾക്ക് മുൻപേ തന്നെ സർവ്വപ്രപഞ്ചത്തിന്റെയും സൃഷ്ടിയും, രൂപാന്തരവുമെല്ലാം ഒരു പൊട്ടിത്തെറിയിൽ നിന്നും ആണെന്ന് വിശ്വസിച്ച മനുഷ്യരുണ്ടായിരുന്നു ഭാരതത്തിൽ. ഇന്ത്യയിലെ ശൈവ-ശാക്തേയ താന്ത്രികർ. അവരുടെ തിയറി അനുസരിച്ച് അനാദിയായ ആ കണത്തിനു ജന്മം നൽകിയ യോനിയെ മൂലപ്രകൃതിയെന്നും, അതിനു കാരണമായ ഊർജ്ജത്തെ പ്രകൃതിയുടെ പുരുഷനെന്നും വിളിച്ചു. ഈ പ്രകൃതീ-പുരുഷ സങ്കൽപം തന്നെയാണ് ശിവ-ശക്തി ഭാവനകളായി ഇരുവിഭാഗങ്ങളാലും ആരാധിക്കപ്പെട്ടത്. വൈദീകമതം അടക്കമുള്ള നവീന മതങ്ങൾ നല്ലതെന്നു വ്യാഖ്യാനിക്കപ്പെടുന്നതിനെ എല്ലാം ദൈവീകമായും, ചീത്തയെന്നു വ്യാഖ്യാനിക്കപ്പെടുന്നതിനെ എല്ലാം പൈശാചികത മൂലമെന്നും വ്യാഖ്യാനിച്ചപ്പോൾ; പ്രകൃതിയിൽ പൂർണ്ണമായും നല്ലതെന്നോ ചീത്തയെന്നോ വ്യാഖ്യാനിക്കാവുന്ന ഒന്നും തന്നെ സംഭവിക്കുന്നില്ല, ശരിതെറ്റുകളും നന്മതിന്മകളും അവയെ അനുഭവിക്കുന്നവരെ ആശ്രയിച്ചിരിക്കുന്നു എന്ന് വിശ്വസിച്ചവരാണ് ശൈവ-ശാക്തേയ വിശ്വാസികൾ. ഏതൊരു സംഭവത്തിന്റെയും ഇരുവശങ്ങളിലും അതിനെ നല്ലതായും, ചീത്തയായും അനുഭവപ്പെടുന്നവർ ഉണ്ടാകുമെന്ന സാമാന്യതത്വം അവർ ഉൾക്കൊണ്ടിരുന്നു. അരൂപിയായ ശിവന്റെ ദൃശ്യരൂപമായി ആകാശത്തെയും, രുദ്രനേത്രങ്ങളായി സൂര്യചന്ദ്രാദികളെയും അവർ കണ്ടു. ഹിമാലയത്തിന്റെ താഴ്വാരങ്ങളിൽ ജീവിച്ചിരുന്ന ശൈവമതസ്ഥർ അരൂപിയായ ശിവന്റെ പ്രതിബിംബം ഹിമാലയത്തിലാണ് കണ്ടത്. നദികളും, വിഷ നാഗങ്ങളും, ഗിരിവർഗ്ഗ ഗോത്രങ്ങളും, യാക്കുകളും വസിക്കുന്ന ഹിമാലയത്തിൽ പ്രകൃതിയുടെ പുരുഷനായ ശിവനെ സങ്കല്പിച്ച ശൈവമതക്കാർ ശിവനെ നാഗഭരണ ഭൂഷിതനായും, ഗംഗാധരനായും, ഭൂതനാഥൻ ആയും, നന്ദീ വാഹനനായും വർണ്ണിച്ചു. ആ ഭാവനയിൽ പിറവി കൊണ്ടതാണ് നയനമനോഹരമായ സിക്സ് പാക്ക് ശിവരൂപം.

പിന്നെയും നൂറ്റാണ്ടുകൾ ഒരുപാട് കഴിഞ്ഞാണ് വൈദീക വ്യവസ്ഥ ശിവനെ കഥാപുരുഷൻ ആക്കിയതും. മേൽപ്പറഞ്ഞ വിധം ശൈവ-ശാക്തേയരുടെ പ്രകൃതീ ആരാധന എന്ന് ഒരൊറ്റവാചകത്തിൽ ഒതുക്കാമെങ്കിലും ശിവ-ശക്തി സങ്കല്പത്തോളം സൗന്ദര്യവത്തായ മറ്റൊരു ഈശ്വര സങ്കൽപം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. മറ്റു ദൈവീക സങ്കല്പങ്ങളെ അപേക്ഷിച്ച് ആഢ്യത്വ ഭാവമോ, നിബന്ധനകളോ ഇല്ലാത്തതാണ് ശിവശക്തി സങ്കൽപ്പങ്ങൾ. ദൈവങ്ങൾക്ക് കല്പിച്ചു നൽകിയ ചട്ടക്കൂടിൽ ഒതുങ്ങാതെ നൃത്തമാടുന്ന ദൈവങ്ങൾ. പ്രകൃതീ പുരുഷന്മാരുടെ ആ നടനങ്ങളെ മനസ്സിൽ കണ്ടാണ് ഭരതൻ നാട്യശാസ്ത്രം രചിച്ചത്. അവരെ ധ്യാനിച്ചാണ് പതഞ്‌ജലിയുടെ യോഗസൂത്രം പിറവി കൊണ്ടത്. മാനായും, മയിലായും, മഹിഷമായും, മനുഷ്യനായും എല്ലാം കാമകേളികൾ ആടി സകലജീവജാലങ്ങൾക്കും അവർ ജന്മം നൽകിയെന്ന ഭാവനയെ പുണർന്നാണ് വാത്സ്യായനൻ കാമസൂത്രം വർണ്ണിച്ചത്. പ്രകൃതിയുടെ ക്ഷുഭിതഭാവം പോലും താണ്ഡവ സ്തോത്രമായി എഴുതപ്പെട്ടത്.

തിരുവാതിര ദിവസം ഉപവസിക്കുന്നത് ശാരീരികമായും, മാനസികമായും നല്ലത് തന്നെ. പക്ഷെ അതിന്റെ അടിസ്ഥാനം അമർചിത്ര കഥകൾ ആകുന്നതാണ് ഒഴിവാക്കേണ്ടത്. സ്വന്തം പിറന്നാൾ ആഘോഷിക്കുന്നവരെ കണ്ടു സന്തോഷിച്ചനുഗ്രഹം വാരിക്കോരി ചൊരിയുന്ന, സ്തുതിക്കുന്നവരിൽ സംപ്രീതനാകുന്ന, തന്നെ ആരാധിക്കുന്നവർക്ക് നിഷ്ഠകളും നിബന്ധനകളും ചുമത്തുന്ന ദൈവം ശൈവശാക്തേയ വിഭാഗങ്ങൾക്ക് അപരിചതവുമാണ്. തന്നിലെ ഓരോ കണവും സൗന്ദര്യവത്തായി നിലനിർത്തുന്ന അതെ പ്രകൃതി തന്നെയാണ്, സമസ്ത പ്രപഞ്ചവും തങ്ങൾക്ക് കറി വെച്ച് കഴിക്കാനുള്ളതാണ് എന്ന ബോധം മനുഷ്യന് കൂടുന്നതിനനുസരിച്ച്, ന്യൂട്ടന്റെ മൂന്നാം ചലനനിയമം പ്രവർത്തികമാക്കുന്നതും.