കേരള മോഡൽ അഥവാ ഒരു ജീർണ്ണതയുടെ കഥ …

24TH_OPEN_LIQUOR_1122983f

courtesy : http://www.thehindu.com

—- വിജയകുമാർ —–


ത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം ജീര്‍ണ്ണതബാധിച്ചതായിരുന്നു – തൊട്ടുകൂടായ്മയുണ്ടായിരുന്നു. സാമൂഹിക പരിഷക്കര്താക്കളുടെ ശ്രമഫലമായി നവോത്ഥാനത്തിന്റെ കാറ്റ് അത്തരം ജീര്‍ണ്ണവ്യവസ്ഥയെഎല്ലാം തൂത്തെറിഞ്ഞു. ഇന്ന് നിലനില്‍ക്കുന്നത് രാഷ്ട്രീയ അയിത്തം മാത്രം. അഴിമതിയ്ക്കും ദുര്‍ഭരണത്തിനുമെതിരെ ഇന്ത്യമൊത്തം ആഞ്ഞടിച്ച രാഷ്ട്രീയകൊടുങ്കാറ്റിനെപോലും തടയാന്‍ ആ അയിത്തത്തിനു കഴിഞ്ഞു. മാറിയ കാലത്തിനനുസരിച്ച് ബുദ്ധിപരമായ തീരുമാനമെടുക്കാന്‍ മലയാളിയ്ക്ക് കഴിയുന്നില്ല എന്നതാണ് കേരളം ഇന്ന് നേരിടുന്ന ദുര്യോഗം. എല്ലാ രംഗത്തും വിശ്വാസതകര്‍ച്ച നേരിട്ട ഒരു സമൂഹത്തില്‍ ഇത് സ്വാഭാവികമായി സംഭവിക്കാവുന്നതാണ്. മലയാളിയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്താണ്? എല്ലാ മേഖലയിലും സ്വത്വരാഹിത്യം. ഈ അവസ്ഥ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. എന്തുകൊണ്ടാണ് പരിഹാരമില്ലെന്ന് തോന്നുന്ന ഇരുട്ടില്‍മലയാളികള്‍ ആണ്ടുകിടക്കുന്നത്?

യൂറോപ്പില്‍ പിറന്ന അജി-പ്രോപ് സംവിധാനത്തിലൂടെ ചരിത്രത്തെ വളച്ചൊടിച്ചും നേട്ടങ്ങള്‍ അതിശയോക്തിപരമായി ചിത്രീകരിച്ചും പരാജയങ്ങളെ തമസ്കരിച്ചും വിദ്യാശൂന്യരായ സാധാരണക്കാരുടെ ദൌര്‍ബല്യം ചൂഷണം ചെയ്തുകൊണ്ട് കമ്യൂണിസ്റ്റ്പ്രസ്ഥാനം കേരളത്തില്‍ ശക്തിപ്രാപിച്ചപ്പോള്‍ തുടങ്ങുന്നു കേരളത്തിന്റെ തകര്‍ച്ച. നാടുവാഴി -ജന്മി സമൂഹത്തിലെ ജീര്‍ണതയെ വിമര്‍ശിച്ചുകൊണ്ടും അതെ ജീര്‍ണതയുടെ മറ്റൊരു മുഖമാണ് കേരളത്തിലെ സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റുകള്‍ പ്രതിനിധാനംചെയ്തത്. ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സ്റാലിനിസ്റ്റുകളെ ഭയപ്പെട്ടും അവരുടെ ദയാ-ദാക്ഷിണ്യമില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലും അവസരവാദപരമായ നിലപാട് സ്വീകരിക്കേണ്ടിവന്നു. കേരളത്തിലെ സാംസ്കാരിക മേഖലയില്‍ സ്റ്റാലിനിസ്റ്റ് ആധിപത്യത്തിന് കളമൊരുങ്ങി. പാര്‍ട്ടിയോട് പൂര്‍ണ്ണ വിധേയത്വമുള്ളവരെ മാത്രം അധികാരസ്ഥാനങ്ങളിലേക്ക് കൊണ്ടുവരിക എനാത് രാഷ്ട്രീയ തന്ത്രമായി. ജീവിതത്തിലൊരിക്കലും ചേറ്റിലിറങ്ങാത്തവന്‍ കര്‍ഷകതൊഴിലാളി നേതാവായി . എ.സി. കാറില്‍ നിന്നിറങ്ങിയാല്‍ 2011-12-16__nat999വിയര്‍പ്പില്‍ കുളിക്കുന്നവന്‍ ചുമട്ടുതൊഴിലാളി നേതാവായി .

ഇവരെല്ലാം കൂടി കേരളത്തിലെ കാര്‍ഷിക-വ്യവസായ മേഖലയെ തകര്‍ത്തു. കര്‍ഷകര്‍ക്കും തൊഴിലാളിക്കുമിടയില്‍ നിലനിന്ന തൊഴില്‍ബന്ധം തകര്‍ത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ മേഖലയില്‍ ശക്തിപ്പെട്ടത്. അഭിമാനത്തിനു മറ്റെന്തിനെക്കാളും വിലനല്കുന്ന കര്‍ഷകനെ മാനം കെടുത്തി കൃഷിയില്‍നിന്ന് പിന്‍വലിപ്പിക്കാനുള്ള മന:ശാസ്ത്രതന്ത്രംപോലും പാര്‍ട്ടി സ്വീകരിച്ചു. കാര്‍ഷികയന്ത്രം ഉപയോഗിക്കണമെങ്കില്‍ തൊഴിലാളി നേതാവിന് അപേക്ഷനല്‍കി നഷ്ട്ടപരിഹാരതുക കെട്ടിവെച്ചു അനുവാദം വാങ്ങണമെന്ന ഭീഷണിയുടെ പിന്നിലുള്ളത് അതായിരുന്നു. ഫലമോ ,കേരളത്തിന്റെ പൊന്നുവിളയുന്ന കൃഷിഭൂമി ഒന്നടങ്കം ടൂറിസം മാഫിയയുടെ കൈകളില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ വിജയിച്ചത് പാര്‍ട്ടിയും തോറ്റതു തൊഴിലാളിയും കര്‍ഷകനുമാണ്. ജന്മി മുതലാളിത്വ ഉദ്യോഗസ്ഥ യജമാനത്ത്വത്തെ നിരന്തരമായ സമരത്തിലൂടെ ദുര്‍ബലപ്പെടുത്തുക എന്ന പാര്‍ടി ദൌത്യം വിജയിക്കുകയും, അടുത്ത ഘട്ടത്തില്‍ എല്ലാ യജമാനന്‍മാര്‍ക്കും പകരമുള്ള ‘സര്‍വാധിപ യജമാന ‘നായി പാര്‍ട്ടി മാറുകയും ചെയ്തു. ആധുനിക കേരളത്തിന്റെ എല്ലാ ദുരന്തങ്ങളുടെയും തുടക്കം ഇവിടെനിന്നാണ്. രാഷ്ട്രീയത്തിന്റെ നുഴഞ്ഞുകയറ്റംവഴി നമ്മുടെ സേവനമേഖലയ്ക്കുണ്ടായ ജീര്‍ണ്ണത ഭയാനകമാണ്. സാമൂഹ്യക്ഷേന്മാത്തിനുപകരം പാര്‍ട്ടിവളര്‍ച്ചയും സാമൂഹ്യനീതിയ്ക്കുപകരം പാര്‍ട്ടി തീരുമാനിക്കുന്ന നീതിയും പാലിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നു. സംരക്ഷിക്കാന്‍ പാര്‍ട്ടിയുള്ളതുകൊണ്ടുതന്നെ ഓരോ സര്‍ക്കാര്‍ ഓഫീസും അഴിമതിക്കാരുടെ താവളമായിമാറി.

അധികാരം നേടിയപ്പോള്‍ നമ്മുടെ ജനാധിപത്യ ഭരണഘടനയില്‍ മര്‍മ്മപ്രധാനമായ ലെജിസ്ലെട്ടീവ് – എക്സിക്യൂട്ടീവ് – ജ്യൂഡീഷ്യറി വിഭജനം കാറ്റില്‍പറത്തി പാര്‍ട്ടി സര്‍വാധിപത്യം കൊണ്ടുവന്നു. കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ശക്തിയായിരുന്ന പൊതുസമൂഹത്തെ തകര്‍ത്തുകളഞ്ഞ് അവിടെ പാര്‍ട്ടിസമൂഹത്തെ സൃഷ്ട്ടിച്ചു. കേരളത്തിന്റെ ആ പഴയ സാമൂഹ്യജീവിതത്തിന്റെ ശക്തിയായിരുന്ന പൊതു ഇടങ്ങള്‍, വായനശാലകള്‍, കലാ സാംസ്കാരിക സംഘടനകള്‍ ഒക്കെ പിടിച്ചെടുത്തു പാര്‍ട്ടി സ്ഥാപനങ്ങളാക്കി മാറ്റി. ഭൂപരിഷ്ക്കരണത്തിനു പിറകെ വരേണ്ട വ്യവസായവികസനം നിരന്തരസമരങ്ങളിലൂടെ തടസപ്പെടുത്തി . സ്വദേശി വ്യവസായങ്ങളുടെ അഭാവത്തില്‍ അഭ്യസ്തവിദ്യരും അല്ലാത്തവരുമായ വലിയ തൊഴിലില്ലാപ്പട കേരളത്തില്‍ ഉടനീളം ഉയര്‍ന്നപ്പോള്‍ ഒരു വിപ്ളവപാര്‍ട്ടിയും അവരെ സഹായിച്ചില്ല. ഗതികിട്ടാതെ ഗള്‍ഫ്‌ രാജ്യങ്ങള്‍ ആഫ്രിക്ക അമേരിക്ക മുതലായി നാനാദേശങ്ങളില്‍ എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന്‌ മലയാളികള്‍ അതാതു രാജ്യങ്ങളുടെ വ്യവസായവികസനത്തില്‍ തങ്ങളറിയാതെ പങ്കാളികളായി. കേരളത്തിലെ മുതലാളിത്തവികസനം തടയാന്‍വേണ്ടി വലിച്ചെറിയപ്പെട്ടവര്‍ ലോകത്തൊട്ടാകെ മുതാളിത്വവികസനത്തിന് ഉപകരിച്ചു. ഒപ്പം അവരയച്ച പണംകൊണ്ട് കേരളം പട്ടിണിയില്‍നിന്ന് രക്ഷപെട്ടു.                                                                                                                    

Courtesy : Economic Times

Courtesy : Economic Times

ഗള്‍ഫില്‍നിന്ന് തിരിച്ചുവന്ന ചെറിയൊരു വിഭാഗമായ നവ മുതലാളിമാര്‍ ഇവിടത്തെ വികസനത്തില്‍ മുന്നണിപ്പടയാളികളായി. നല്ല സ്കൂളുകള്‍, നല്ല ആശുപത്രികള്‍, നല്ല വീടുകള്‍ നല്ല ഹോട്ടലുകള്‍ എന്നിവയിലൂടെ വ്യവസായങ്ങളില്ലാത്ത ഒരത്ഭുത കേരളത്തില്‍ മാതൃക രൂപപ്പെടുത്തിയതായി കൊട്ടിഘോഷിച്ചു. ഒരു പരാശ്രയസാമ്പത്തിക മേഖലയായി മാറിയ കേരളം ഉപഭോഗസമൂഹമായി വളര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ ജന്മികുടുംബങ്ങള്‍പോലും ദാരിദ്ര്യം അനുഭവിച്ചിരുന്നു. ഇന്ന് കേരളം സമ്പന്നസംസ്ഥാനമാണ്. നാല് പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ ഗള്‍ഫ്‌ പ്രവാസമാണ് ഈ വലിയ മാറ്റം സാധ്യമാക്കിയത്. ഇപ്പോള്‍ 75000 കോടി രൂപയാണ് ഒരുവര്‍ഷം പുറത്തുനിന്നു ഇവിടെഎത്തുന്നത്. വിദേശത്തു കഷ്ട്ടപ്പാടുകള്‍ സഹിച്ചു പണമുണ്ടാക്കുന്നവരല്ല, കഷ്ട്ടപ്പാട് എന്തെന്നറിയാതെ നാട്ടില്‍കഴിയുന്നവരാണ് ഈ പണം ചിലവഴിക്കുന്നത്. ഈ പണം ഒഴുകുന്ന ചാലുകള്‍ക്കരികിലുള്ളവര്‍ക്കും അതിന്റെ ഗുണം ലഭിക്കുന്നു. ആളോഹരിവരുമാനം ദേശീയശരാശരിയ്ക്കും താഴെയായിരുന്നിട്ടും ഉയര്‍ന്ന സാക്ഷരതയും കുറഞ്ഞശിശുമരണനിരക്കും സാമൂഹികതലത്തില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പമെത്തി കേരളം ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. രാജ്യസ്നേഹം നഷ്ട്ടപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആര്‍ജവം നഷ്ട്ടപ്പെടുത്തി. ആത്മാവ് കൈമോശംവന്ന സാംസ്കാരികപ്രവര്‍ത്തകര്‍ സംസ്കാരത്തിന്റെ സവിശേഷതകളെ ഇല്ലാതാക്കി.

വീക്ഷണമില്ലാത്ത വിദ്യാഭ്യാസ വിചക്ഷണന്മാര്‍ വിദ്യാഭ്യാസത്തിന്റെ മാനവികത വികലമാക്കി. ആത്മീയതയില്ലാത്ത മതനേതാക്കള്‍ മതത്തിന്റെ പരിപാവനത കളങ്കപ്പെടുത്തുകയും അതിനെ മാഫിയവല്ക്കരിച്ചു തെരുവില്‍ ഗുണ്ടായിസം കാണിക്കുന്നു. സാമൂഹ്യ പ്രതിബദ്ധത മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം കരിയറിനെ ഉപജീവന ഉപാധി മാത്രമാക്കി. പരസ്പരസ്നേഹം നഷ്ട്ടപ്പെട്ട കുടുംബങ്ങള്‍ പുതിയ നരകങ്ങള്‍ സൃഷ്ട്ടിച്ചു. സേവനം കൈയ്യൊഴിഞ്ഞ ജീവനക്കാര്‍ അഴിമതി സമൃദ്ധമായ ബ്യൂറോക്രസിയുടെ സംരക്ഷകരായി. തൊഴിലെടുക്കാന്‍ മടിക്കുന്ന തൊഴിലാളി. പഠിപ്പിക്കാത്ത അദ്ധ്യാപകര്‍. പഠിച്ചില്ലെങ്കിലും വിജയിക്കും എന്നതുകൊണ്ട്‌ പഠിക്കാത്ത കുട്ടികള്‍. നിയമം പാലിക്കാത്ത നിയമപാലകര്‍. അരാഷ്ട്രീയരായ രാഷ്ട്രീയനേതാക്കള്‍. സഞ്ചാരയോഗ്യമല്ലാത്ത ദേശീയപാതകള്‍. വിഷമാലിന്യങ്ങള്‍ നിറഞ്ഞ നദികള്‍. അനാരോഗ്യം നല്‍കുന്ന ആരോഗ്യാലയങ്ങള്‍. വ്യവസായമേഖല മുഴുവന്‍ തകര്‍ന്നു. പോതുമേഖലകളെല്ലാം കോടികളുടെ നഷ്ട്ടം പറയുന്നു. ഖജനാവു തുറക്കുന്നത് കെ എസ് ആര്‍ ടി യുടെയും കെ എസ് ഇ ബി യുടെയും നഷ്ട്ടം നികത്താനാണ്. പണം കൊടുത്ത് ജോലി വാങ്ങുന്ന യു ജി സി അധ്യാപകര്‍ കേരളത്തില്‍ മാത്രം കാണുന്ന അപൂര്‍വ പ്രതിഭാസം. രാഷ്ട്രീയക്കാരായ സിണ്ടിക്കേറ്റു എന്ന ചാവാലിക്കൂട്ടം യൂണിവെഴ്സിറ്റികളെ ഭരിക്കുന്നതും കേരളത്തിലെ മാത്രം പ്രത്യേകത. മദ്യ ഉപഭോഗത്തില്‍ ലോകറിക്കോര്‍ഡ് സ്ഥാപിച്ച കേരളത്തില്‍ ഉപഭോഗം വര്‍ഷംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വീടിനുള്ളില്‍പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാതായിരിക്കുന്നു.

ഇതാണ് കേരളമോഡല്‍ വികസനം. ഇതാണ് വികസനമെങ്കില്‍ കേരളത്തെപ്പോലെ മറ്റു സംസ്ഥാനങ്ങളും ‘വികസിച്ചാല്‍ ‘കേരളം പട്ടിണിയാകുമെന്ന കാര്യം നാം ഓര്‍ക്കുന്നില്ല .10%വൈദ്യുതി കമ്മിയെക്കുറിച്ച് ചിന്തിക്കുന്ന നമ്മള്‍ 90% വരുന്ന ഭക്ഷ്യകമ്മിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ജീവിതമൂല്യങ്ങളെക്കുറിച്ച് നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന കവിതയടക്കമുള്ള സാഹിത്യരൂപങ്ങളും ഒന്നുകില്‍ മരിക്കുകയോ അല്ലെങ്കില്‍ മരണാസന്നമായിത്തീരുകയോ ചെയ്തിരിക്കുന്നു. കേരളത്തിന്റെ ക്ളാസ്സിക് കലകള്‍പോലും കമ്പോളപരസ്യത്തിനു പൊലിമനല്‍കുന്ന വസ്ത്തുക്കള്‍ എന്ന നിലയ്ക്കാണ് ഇന്ന് പിടിച്ചുനില്‍ക്കുന്നത്. ഭരണകര്‍ത്താക്കളെ സ്വീകരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പേര്കാണുമ്പോള്‍ മാത്രമാണ് നമ്മുടെ എഴുത്തുകാരും ‘സാംസ്കാരിക നായകരും ‘ ജീവിച്ചിരിക്കുന്നുവന്നു നാം അറിയുന്നത്. എല്ലാം നാമാവശേഷമായ സമൂഹത്തില്‍, മതനേതാക്കള്‍ പോലും കാപട്യക്കാരും ചൂഷകരും ആയപ്പോള്‍ സംഭവിച്ച വിശ്വാസതകര്‍ച്ചയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കേരളീയരുടെ ജീവിതം അഭൂതപൂര്‍വമായ ചിന്താക്കുഴപ്പങ്ങളിലൂടെ കടന്നുപോകുകയാണ്. ലോകം ആദരവോടെ കണ്ട മഹത്തായ ഭാരതീയ സംസ്കാരത്തിലേക്ക്, അതിന്റെ മൂല്യങ്ങളിലേക്കു ഒരു തിരിച്ചുപോക്ക് സാധ്യമായില്ലെങ്കില്‍ പരാജയപ്പെട്ട ഒരു സമൂഹമായി മലയാളി മാറും.