— കാളിയമ്പി —
1960 മേയ് മാസം.
ബ്യൂണോസ് ഐഴ്സിനടുത്തുള്ള ഏതോ രഹസ്യ സങ്കേതം. കുറേയാൾക്കാർ ചേർന്ന് ഒരു വൃദ്ധനെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ നിന്നുതന്നെ അവർ രഹസ്യപ്പോലീസുകാരെന്ന് നിശ്ചയമാണ്. അയാളുടെ പേരാണ് ചോദിയ്ക്കുന്നത്. ആദ്യം അയാൾ ഏതോ കള്ളപ്പേരൊക്കെ പറഞ്ഞു നോക്കി.
അവസാനം നിലയില്ലാതെ വന്നപ്പോൾ പറഞ്ഞു.
“ശരി, സമ്മതിച്ചു. ഞാനാണ് അഡോൾഫ് ഐക്മാൻ. അത് തന്നെയാണ് എന്റെ പേർ”
ചോദ്യം ചെയ്യുന്നവർ ശരിയ്ക്കും മരവിച്ച ഒരവസ്ഥയിലായിരുന്നു ഇത് കേട്ടപ്പോൾ. ഇസ്രേയലി രഹസ്യപ്പോലീസായ മോസാദിലെ ചെറുപ്പക്കാർ, തങ്ങളുടെ മാതാപിതാക്കളേയും ബന്ധുക്കളേയുമുൾപ്പെടെ ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നുതള്ളിയ നാസി ഭീകരനെ നേരിട്ടു കാണുകയാണ്. ലോകം ഞെട്ടാൻ പോകുന്ന ഒരു ഓപ്പറേഷനാണ് തങ്ങൾ നടത്തിയിരിയ്ക്കുന്നത്. നാസി ഭീകരതയുടെ നേർ മുഖമാണ് ഐക്മാൻ. കോൺസണ്ട്രേഷൻ ക്യാമ്പുകൾ നേരിട്ട് നോക്കിനടത്തിയിരുന്ന ആൾ. ഹിറ്റ്ലറുടെ വലം കൈ. അവർ തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയതുകൊണ്ട്, തങ്ങൾ തിരഞ്ഞുവന്നയാളാണിതെന്നുറപ്പിച്ച് ബാക്കിക്കാര്യങ്ങളാലോചിയ്ക്കാൻ തിരിഞ്ഞുനടന്നപ്പോൾ ആ കസേരയിൽ ബന്ധിതനായിരുന്ന ഐക്മാൻ അവരിലൊരാളെ തിരികെ വിളിച്ചു പറഞ്ഞു.
“എനിയ്ക്കൊരു ഗ്ളാസ് വൈൻ തരൂ.”
ആ തെക്കനമേരിക്കൻ രാജ്യത്തുനിന്ന് ഐക്മാനെ ഇസ്രേയലിലെത്തിയ്ക്കണം. ജീവനോടെ തന്നെ. മൊസാദിനു വേണമെങ്കിൽ അയാളെ അവിടെവച്ച് തന്നെ കൊല്ലാം. പക്ഷേ കഴിയില്ല. ഇയാളെ നീതിയുടേയും നിയമത്തിന്റേയും മുന്നിൽ കൊണ്ടുവരണം. അയാൾ കൊന്ന ആറു ദശലക്ഷം ജൂതന്മാരെപ്പോലെ വിചാരണയുടെ പോലും ആനുകൂല്യമില്ലാതെ അയാൾ വധിയ്ക്കപ്പെടാൻ പാടില്ല. അത് കാലത്തിന്റെ കാവ്യനീതിയാണ്. ഇയാൾ ചെയ്തതെന്തെന്ന് ലോകം അറിയണം.
തങ്ങൾ നിൽക്കുന്ന തെക്കനമേരിക്കൻ രാജ്യത്തിലെ അധികൃതരെ അറിയിച്ചാൽ ചിലപ്പോഴത് സാദ്ധ്യമാകില്ല. കാരണം നാസികളെ അനുകൂലിയ്ക്കുന്ന ഒരു ഭരണകൂടമാണിവിടെയുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിൽപ്പോലും അവസാന നിമിഷം വരേയും പങ്കെടുത്തിരുന്നില്ല ആ രാജ്യം. നാസികളോടുള്ള ആഭിമുഖ്യമായിരുന്നു കാരണം. എന്നാൽ പേൾ ഹാർബർ ആക്രമണം കഴിഞ്ഞപ്പോൾ തങ്ങളോട് വളരെയധികം വ്യാപരബന്ധമുള്ള അമേരിക്കൻ ഐക്യനാടുകളുടെ സമ്മർദ്ദത്തിനു വഴങ്ങി അവസാന നിമിഷം ഒന്ന് പങ്കെടുത്തെന്ന് വരുത്തി.
എന്നിട്ടും യുദ്ധം അവസാനിച്ചപ്പോൾ നാസികളിലെ പ്രമുഖർ പലരും ഒളിച്ചുതാമസിക്കാൻ തിരഞ്ഞെടുത്ത സുരക്ഷിത സ്വർഗ്ഗമായിരുന്നവിടം.
ഇസ്രേയൽ എയർലൈനായ El Al ന്റെ ഒരു വിമാനം ഇസ്രേയൽ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനെന്ന് പറഞ്ഞു കൊണ്ടുവരികയും അതിലെ ജീവനക്കാരന്റെ വേഷത്തിൽ മയക്കുമരുന്ന് കൊടുത്ത് അവശനാക്കിയ ഐക്‌മാനെ വിമാനത്താവളത്തിലെത്തിച്ച് വിമാനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ഒരു കുഞ്ഞുപോലുമറിയാതെ അയാളെ ടെൽ അവീവിലെത്തിച്ചു. ഉപരിക്കോടതിയിലും മെൽക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ കേസുപറഞ്ഞു. പ്രസിഡന്റിന്റെ ദയാഹർജിയ്ക്ക് വരെ അവസരം കൊടുത്തു. അയാളുടെ ഭാര്യയും സഹോദരന്മാരും ഇസ്രേയൽ പ്രസിഡന്റിന്റെ മുന്നിൽ ദയാഹർജിയ്ക്ക് അപേക്ഷിച്ചു.
1962 ജൂൺ ഒന്നാം തീയതി ഐക്മാനെ തൂക്കിലേറ്റി. ഇസ്രേയലിൽ എന്ന രാജ്യത്ത് നടന്ന അവസാന തൂക്കിക്കൊല. അവിടെ അതിനുശേഷം വധശിക്ഷ നടന്നിട്ടേയില്ല.
വധശിക്ഷയ്ക്ക് തൊട്ടുമുന്നേ ഐക്മാന്റെ അവസാനത്തെ വാക്കുകൾ ഇതായിരുന്നു.
“Long live Germany. Long live Argentina. Long live Austria. These are the three countries with which I have been most connected and which I will not forget. I greet my wife, my family and my friends. I am ready. We’ll meet again soon, as is the fate of all men. I die believing in God.”
എന്ത്?
അതന്നെയാണ് പറഞ്ഞത്. ജർമ്മനി ജയിക്കട്ടെ, അർജന്റീന ജയിയ്ക്കട്ടെ ആസ്ട്രിയ ജയിയ്ക്കട്ടെ എന്ന്.
മനസ്സിലായില്ലേ? വാമോസ് അർജന്റീന എന്ന്.
അർജന്റീന. ആ രാജ്യത്താണ് ഐക്‌മാൻ ഒളിച്ചുതാമസിച്ചിരുന്നത്. ആ രാജ്യത്താണ് ഐക്‌മാനേപ്പോലെ അനേകം നാസി ഉന്നത ഉദ്യോഗസ്ഥരും നാസികളുടെ തലതൊട്ടപ്പന്മാരും സുരക്ഷിത സ്വർഗ്ഗമായി താമസിച്ചിരുന്നത്. ജീവിച്ചിരിയ്ക്കുന്ന മനുഷ്യരെ കീറിമുറിച്ച് പരീക്ഷണങ്ങൾ നടത്തി പരീക്ഷണശാലകളിലെ എലികളേയെന്നപോലെ കൊന്നുതള്ളിക്കൊണ്ടിരുന്ന മരണദൂതൻ ജോസഫ് മെംഗലേ എന്ന നാസി ഡോക്ടറും അർജന്റീനയിലാണ് ഒളിച്ചു താമസിച്ചത്. ബാറിലോചേ എന്ന അർജന്റീനിയൻ നഗരത്തിൽ ആയിരക്കണക്കിനു നാസികൾ ഒളിച്ചു താമസിച്ചിരുന്നെന്ന വിവരമാണ് കുറച്ചുകാലം മുൻപ് പുറത്തായത്. .
ഐക്മാനെ തട്ടിക്കൊണ്ടുപോയതോടെ അർജന്റീന വലിയ ബഹളമാണുണ്ടാക്കിയത്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ ഉടനേ യോഗം ചേരണമെന്ന് അവർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ കൂടി പ്രമേയം പാസാക്കി. പ്രമേയം 138 . അർജന്റീനയുടെ പരമാധികാരത്തെ ഇസ്രേയൽ കളങ്കപ്പെടുത്തിയെന്നും പരിഹാരം ചെയ്യണമെന്നുമായിരുന്നു പ്രമേയം. പിന്നീട് ഇസ്രേയലും അർജന്റീനയും തമ്മിൽ നടന്ന സന്ധിസംഭാഷണത്തിൽ അവർ ഒരു സമവായത്തിലെത്തി.
ഇന്നും ഈ 2018ലും നിയോനാസികൾ അരങ്ങുവാഴുന്ന തെക്കൻ അമേരിക്കൻ രാജ്യങ്ങളിലൊന്ന് അർജന്റീനയാണ്. ജർമ്മനിയിൽ നിന്ന് നാസി ആശയങ്ങൾ ഏതാണ്ട് തുടച്ചുമാറ്റിയെങ്കിലും അർജന്റീനയിൽ ഉൾപ്പെടെ പല തെക്കനമേരിയ്ക്കൻ രാജ്യങ്ങളിലും ഇന്നും നാസികൾ വ്യാപകമായുണ്ട്. ഇനി നാസികൾ മാത്രമേയുള്ളോ? വെള്ളക്കാരന്റെ സ്വർഗ്ഗമാണ് അർജന്റീന. യൂറോപ്പ്യൻ പൂർവപിതാക്കന്മാരിൽ അഭിമാനിയ്ക്കുന്ന, ആഫ്രിക്കക്കാരന്റേയും എന്തിന് അവിടെയുണ്ടായിരുന്ന തദ്ദേശീയരായ അമേരിക്കക്കാരുടേയും ജീവിതങ്ങൾക്കോ മൂല്യങ്ങൾക്കോ യാതൊരു വിലയുമില്ലാത്ത നാട്. വളരെ ചുരുക്കം ആഫ്രിക്കൻ അടിമകളായെത്തിയവരുടെ പിന്തുടർച്ചക്കാർ അവിടെയുണ്ട്.
1996 ൽ അമേരിയ്ക്കയിൽ സന്ദർശനത്തിനെത്തിയ അർജന്റീനിയൻ പ്രസിഡന്റിനോട് അവിടെയുള്ള ആഫ്രിക്കക്കാരെപ്പറ്റി ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് “ കറുത്ത മനുഷ്യർ അർജന്റീനയിൽ നിലവിലില്ല. ബ്രസീലിനാണ് ആ പ്രശ്നമുള്ളത്” എന്നാണ്. ആ വാക്ക് ശ്രദ്ധിയ്ക്കണം “പ്രശ്നം”.
97 ശതമാനം വെള്ളക്കാരാണ് അർജന്റീനയിൽ. 1850 കളിൽ ഉണ്ടാക്കിയ അവരുടെ ഭരണഘടനയിൽത്തന്നെ വെള്ളക്കാരുടെ അവകാശങ്ങൾ പ്രത്യേകം തിരിച്ചിട്ടുണ്ട്.
വ്യക്തവും കൃത്യവുമായി അവിടത്തെ തദ്ദേശീയരായ അമേരിക്കൻ ജനത, ചുരുക്കം ചില കറുത്തവർഗ്ഗക്കാർ, ജൂതർ എന്നിവർക്കൊക്കെയെതിരേ നിയമപരമായിത്തന്നെ വെള്ളക്കാർക്ക് അവകാശങ്ങളുണ്ട്. തദ്ദേശീയ ജനതയുടേ ബാക്കിയുള്ള സ്ഥലങ്ങൾ പോലും സർക്കാരും വൻ കോർപ്പറേറ്റുകളും ചേർന്ന് കൊണ്ടുപോകുന്നു. പത്തുലക്ഷത്തോളം വരുന്ന തദ്ദേശീയരായ യഥാർത്ഥ അമേരിക്കൻ വംശജർ “തങ്ങളുടെ സ്വന്തം നാട്ടിൽ ഞങ്ങൾ അന്യരാണെന്നാണ്” പറയുന്നത്. 1853ൽ വെള്ളക്കാരായ കുടിയേറ്റക്കാർ ഉണ്ടാക്കിയ ഭരണഘടന വലിയ മാറ്റമൊന്നുമില്ലാതെയാണ് ഇന്നും പിന്തുടരുന്നതെന്ന് പറയുമ്പോൾ അധികം പറയേണ്ടല്ലോ. ആമ്നസ്റ്റി ഇന്റർനാഷണൽ ഒക്കെ ഇടപെട്ട ശേഷം കഴിഞ്ഞ പത്തുകൊല്ലംകൊണ്ട് അൽപ്പം മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
ജൂതന്മാരുടെ കാര്യമാണല്ലോ നമ്മൾ പറയുന്നത്.
ജൂതന്മാർക്കെതിരേയുള്ള മനോഭാവം അതായത് ആന്റി സെമറ്റിസം അതിശക്തമാണ് അർജന്റീനയിൽ. രണ്ടാം ലോകമഹായുദ്ധവും ഐക്മാനുമൊക്കെ പോകട്ടെ. അതൊക്കെ കഴിഞ്ഞ് എഴുപതുകളിലും എൺപതുകളിലും നിയോ നാസി ഗ്രൂപ്പുകളുടെ വേലിയേറ്റമായിരുന്നു അവിടെ. ആ സമയമായപ്പോൽ അവർക്ക് രഹസ്യമായി പുതിയൊരു പങ്കാളിയേയും കിട്ടി. ഹിസ്ബൊള്ളയും, ഇറാനും. ഇറാനിൽ നിന്ന് എണ്ണ വിലകുറഞ്ഞ് ഇറക്കുമതി ചെയ്ത് ഹിസ്ബൊള്ളയുടെ ജൂതർക്കെതിരേയുള്ള സകല തോന്നിയവാസത്തിനും അർജന്റീന കണ്ണടച്ചു.
അർജന്റീനിയയിലെ ഇസ്രേയൽ എംബസി 1992ൽ ബോംബിട്ടു. ഇരുപത്തിയൊമ്പത് പേർ മരിച്ചു. 1994ൽ ജൂതരുടെ ഒരു കമ്യൂണിറ്റി സെന്റർ ബോംബിട്ടു തകർത്തു. എൺപത്തിയഞ്ച് പേരാണ് മരിച്ചത്.ആ ആക്രമണം കഴിഞ്ഞപ്പോൾ പേരിന് കുറച്ച് ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ അർജന്റീന പുറത്താക്കി. അപ്പോഴും ആ ബോംബിങ്ങിനെക്കുറിച്ച് അർജന്റീനയിലെ ഒരു കൗൺസിലർ പറഞ്ഞ വാചകം മറക്കരുത്. “യഥാർത്ഥ അർജന്റീനിയക്കാരേയും ജൂതന്മാരായ അർജന്റീനിയക്കാരേയും കൊന്ന ബോംബിങ്” എന്നാണയാൾ പറഞ്ഞത്. അതായിരുന്നു അവരുടെ ജൂതന്മാർക്കെതിരെയുള്ള മനോഭാവത്തിന്റെ ആഴം.
അർജന്റീനിയയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതൽ തന്നെ കടുത്ത വലതുപക്ഷ ക്രിസ്ത്യൻ യൂറോപ്യൻ പക്ഷപാതികളാണ് ഭരണം എന്ന് പറഞ്ഞല്ലോ. ചിലപ്പോഴൊക്കെ പട്ടാളഭരണം. അല്ലാത്തപ്പോൾ ഏതാണ്ട് ഏകാധിപത്യമെന്ന് പറയാവുന്ന ഭരണം. 1970കളിൽ “മലിനയുദ്ധം” (Dirty War) എന്നൊരു കാലമുണ്ടായിരുന്നു അർജന്റീനിയയിൽ. 1983 വരെയുള്ള കാലം ഒരു ശതമാനം വരുന്ന ജൂതന്മാരിൽ നിന്നാണ് അന്ന് ഭരണകൂടം പലരീതിയിൽ നിശബ്ദരാക്കിയവരിലെ 12 ശതമാനമാൾക്കാരും. അതായത് സീ ഐ ഏ ആയിരുന്നു മലിന യുദ്ധത്തിന്റെ സൂത്രധാരരെങ്കിലും അർജന്റീനിയക്കാർ അന്നും ഉപദ്രവിച്ചതും കൊലപ്പെടുത്തിയതും കൂടുതൽ ജൂതരെയായിരുന്നു.
ആൽബർട്ടോ നിസ്മാൻ എന്ന പബ്ളിക് പ്രോസിക്യൂട്ടറേക്കുറിച്ചുകൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല. 1994ൽ ജൂത കമ്യൂണിറ്റി സെന്ററിലെ കാർബോംബിങ്ങ് അന്വേഷിച്ച പബ്ളിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. അന്വേഷണത്തിനിടയിൽ വലിയ ഗൂഡാലോചനയാണ് അദ്ദേഹം കണ്ടെത്തിയത്. വെറും ഹിസ്ബുള്ള മാത്രം ആലോചിച്ച് നടപ്പിലാക്കിയ കൊലയല്ല ആ എൺപത്തഞ്ച് പേരുടെ മരണകാരണമായ കാർ ബോംബിങ്ങ് എന്ന് അദ്ദേഹം കണ്ടെത്തി. ഇറാനും ഹിസ്ബൊള്ളയും, അർജന്റീനയിലെ വെള്ളക്കാരുടെ നിയോ നാസി ഗ്രൂപ്പുകളും എന്തിനു പ്രസിഡന്റിനു വരെ അതിൽ കൈയ്യുണ്ടോ എന്ന നിലയിലേക്ക് അന്വേഷണം നീങ്ങി. ഈ കാർബോംബിങ്ങിന്റെ ഗൂഡാലോചനയിൽ ഉൾപ്പെട്ട ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രസിഡന്റ് തന്നെയാണ് രക്ഷപെടുത്തിയത് എന്ന് അദ്ദേഹം കണ്ടെത്തി.
അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ അർജന്റീനിയൻ കോൺഗ്രസ്സിനു മുന്നിൽ അവതരിപ്പിയ്ക്കാൻ ഏതാനും മണിയ്ക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തിരുനെറ്റിയിലൂടെ തുളച്ചുകയറിയ ഒരു വെടിയുണ്ടയുമായി സ്വന്തം അപ്പാർട്ട്മെന്റിൽ അദ്ദേഹത്തിന്റെ ശരീരം കണ്ടെത്തി. വെടിയുണ്ട തല തുളച്ച് പുറത്തു പോയിരുന്നില്ല. മരണം നടന്നിട്ട് അധികമായിട്ടുമുണ്ടായിരുന്നില്ല. ഒരു ബേഴ്സ തണ്ടർ 22 കൈത്തോക്ക് ശരീരത്തിനടുത്തു നിന്നും കണ്ടെടുത്തു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് വെടിയുതിർത്തിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ലോകം മുഴുവൻ ഞെട്ടിയ ഒരു കൊലപാതകമായിരുന്നു അത്. പത്രങ്ങളും മാദ്ധ്യമങ്ങളും മുതൽ കവികളും കലാകാരന്മാരും വരെ സത്യസന്ധമായി കേസന്വേഷിച്ച ആ വക്കീലിന്റെ ജീവിതത്തിന്റെ കണക്ക് ചോദിച്ചു. പക്ഷേ രാഷ്ട്രീയമായി ഇതിനെയൊന്നും ഉപയോഗിക്കരുതെന്നായിരുന്നു അർജന്റീനയുടെ വാദം.
നമ്മുടെ മാതൃരാജ്യമായ ഭാരതം പാലസ്തീനിനും ഇസ്രേയലിനും അനുകൂലമാണ്. ഇരു രാജ്യങ്ങളും നമുക്ക് തുല്യമാണ്. വേണ്ടപ്പെട്ടതുമാണ്. നമ്മുടെ കൂടെ നിൽക്കുന്നവരെ നമ്മൾ ബഹുമാനിയ്ക്കും, സ്നേഹിയ്ക്കും. പൊതുവേ മനുഷ്യനന്മകളായി കാണുന്ന ആധുനിക യുഗത്തിലെ മനുഷ്യാവകാശങ്ങൾ, നീതി, നിയമവാഴ്ച എന്നതൊക്കെ നമുക്കംഗീകരിയ്ക്കണം. രാജ്യതന്ത്രത്തിൽ അല്ലാതെയുള്ളതൊന്നും ആവശ്യമില്ല താനും. ഉണ്ടായിട്ടിന്നു വരെ കടുത്ത വലതുപക്ഷമോ സോഷ്യൽ ഡെമോക്രസി എന്ന് പറയാവുന്ന നിലയിൽ ആധുനികയുഗത്തിനോട് ചേർന്ന് നിൽക്കുന്ന ഗവണ്മെന്റുകളോ ഒക്കെയാണ് അർജന്റീന ഭരിച്ചിരിയ്ക്കുന്നത്. അവിടത്തെ ജനങ്ങളുടെ പൊതുവേയുള്ള മനോഭാവം വ്യക്തമായി നമ്മൾ മുകളിൽ കണ്ടു.
ഇസ്രേയലിൽ പോയി സൗഹൃദമത്സരം കളിച്ചാൽ ഉപദ്രവിയ്ക്കുമെന്ന് ഭീകരവാദികൾ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കളിയിൽ നിന്ന് പിൻമാറിയതെന്നാണ് അർജന്റീനിയൻ ഫുഡ്ബോൾ ടീമിന്റെ വാദം. പക്ഷേ അന്നുമുതലിന്നുവരെയുള്ള വെള്ളക്കാരനർജന്റീനിയനെ അറിയുന്നവനറിയാം കാര്യമെന്താണെന്ന്. ഹിസ്ബുള്ള എൺപത്തിയഞ്ച് പേരെ കാർബോംബിട്ട് കൊന്നവരെ സംരക്ഷിച്ച നിലയിൽ ജൂതവിരുദ്ധരാണ് അർജന്റീനക്കാർ. അല്ലാതെ അവർ ഒരു ഇടതുപക്ഷവുമല്ല. കടുത്ത വലതുപക്ഷമാണ് എന്നും എപ്പോഴും അർജന്റീനയിലെ ഭൂരിഭാഗമാൾക്കാരും.
1983ൽ വന്ന ആദ്യത്തെ ജനാധിപത്യ പ്രസിഡന്റ് മുതൽ ജനാധിപത്യത്തിന് അൽപ്പം വിലകൊടുക്കുന്നു. പൊതുവേ സോഷ്യൽ ഡെമോക്രാറ്റിക് റെട്ടറിക് അടിയ്ക്കുന്നു എന്നതൊഴിച്ചാൽ ഒരു ഇടതുപക്ഷവുമല്ല. വെള്ളക്കാരന്റെ മേൽക്കോയ്മയുടെ അവശിഷ്ടങ്ങൾ ധാരാളമുള്ള ഭരണഘടന പോലുമാണ് ആ രാജ്യം പിന്തുടരുന്നത്. അവിടത്തെ പ്രധാന പാർട്ടികളെല്ലാം നിയോ നാസി എലമെന്റുകളുണ്ട്.
കേരളത്തിലെ ഒരു മന്ത്രി നെഞ്ചത്ത് പന്തം കുത്തി നിലവിളിച്ചത് രാഷ്ട്രീയ നിലപാടിന്റെ പ്പേരിൽ അർജന്റീനയെ അനുകൂലിയ്ക്കുന്നുവെന്നാണ്. മുപ്പത്തിരണ്ട് പല്ലും കാട്ടി കോളിനോസ് പുഞ്ചിരിയുമായി യുവജനതയുടേയും വിദ്യാർത്ഥികളുടേയും ഉൾപ്പുളകങ്ങളും അർജന്റീനിയൻ മഹത്വം വിളമ്പി.
ക്രിസ്റ്റീന ഫെർണാഡേസ് ദെ കിർച്നർ ആയിരുന്നു ഹിസ്ബുള്ള ഭീകരരെ അർജന്റീനിയയിൽ നിന്ന് രക്ഷപെടുത്തിയ പ്രസിഡന്റ് എന്നാണ് പൊതുവേ പറയുന്നത്. ഇന്ന് വരെ തെളിഞ്ഞിട്ടില്ല. അന്വേഷിച്ചയാളെ കൊന്നും കളഞ്ഞു. ആറു ദശലക്ഷം ജൂതന്മാരുടെ ശവപ്പറമ്പുകൾക്ക് നടുവിൽ നിന്ന് നാസി ഭീകരതയുടെ മരണദൂതന്മാരുടെ സുരക്ഷിതസ്വർഗ്ഗത്തിന്റെ ജേഴ്സി നെഞ്ചത്തണിഞ്ഞ് മഹത്വം പറയുകയാണ് ഒരു ജനാധിപത്യരാഷ്ട്രത്തിലെ കളിപ്രേമികൾ.
കളിയുടെ “സ്പിരിറ്റ്” കൊണ്ട് നമ്മൾ രാഷ്ട്രീയമോ സാമൂഹികമോ ആയതൊന്നും നോക്കാതെ ചില ടീമുകളെ അനുകൂലിയ്ക്കുന്ന പോലെ അനുകൂലിച്ചാൽ ശരി തന്നെ, അത് കളിയുടെ “സ്പിരിറ്റ്”.സ്പോർട്സ്മാൻ സ്പിരിറ്റ്. പക്ഷേ തന്റെ “ഇന്നത്തെ” പിതൃരാജ്യമെന്ന് പറഞ്ഞ് കോളിനോസ് അട്ടഹാസവുമായി ആ ജേഴ്സിയുമിട്ട് നിൽക്കുന്ന വിപ്ളവതാരകങ്ങൾ തങ്ങളുടെ സ്വഭാവത്തിനു പറ്റിയ പിതൃരാജ്യത്തെത്തന്നെ എപ്പോഴത്തേയും പോലെ കണ്ടുപിടിയ്ക്കുന്നു എന്നത് അത്യത്ഭുതകരമായ ഒരു പ്രതിഭാസമാണ്.
പണ്ട് ജർമ്മൻ കമ്യൂണിസ്റ്റുകാർ പിതൃരാജ്യമെന്ന് പറഞ്ഞ് സോവിയറ്റ് യൂണിയനിൽ ചെന്നപ്പോൾ ആദ്യകാലത്ത് ഹിറ്റ്ലറുമായി ഭീകര പ്രണയത്തിലായിരുന്ന സ്റ്റാലിൻ അവരെ പിടിച്ച് ഗെസ്റ്റപ്പോവിനു കൈമാറി എന്ന് കഥകളുണ്ട്. അതുപോലെ സിനിമയിൽ താരപുത്രൻ ചെയ്തപോലെ പിതൃരാജ്യത്തേക്ക് അരിവാൾച്ചുറ്റികയും കൊണ്ട് റോഡ് ട്രിപ്പ് നടത്താൻ യുവതാരകങ്ങൾക്ക് വല്ല പദ്ധതിയുമുണ്ടെങ്കിൽ പോയ വഴി പിന്നെ കണ്ടില്ലന്ന് വരാം. ശ്രീമതി സുഷമാ സ്വരാജിനു ട്വീറ്റ് ചെയ്യാൻ പോലും സമയം കിട്ടിയെന്ന് വരില്ല.
കൈയ്യിൽക്കിട്ടിയാലും, 1996ൽ അർജന്റീനിയൻ പ്രസിഡന്റ് കറുത്തവർഗ്ഗക്കാരെപ്പറ്റി പറഞ്ഞപോലെ “കേരളത്തിലെ അന്തംകമ്മികൾ അർജന്റീനിയയിലില്ല. അത് യൂ എസ് ഏയുടെ പ്രോബ്ളം” ആണെന്ന് പറഞ്ഞുകളയും. ആൾക്കാരെ കാണാതാവുന്നത് അവിടെ പുതുമയൊന്നുമല്ലല്ലോ.
അപ്പോൾ ചങ്ങാതീ, കഥയിൽ ചോദ്യങ്ങളുണ്ട്. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിയ്ക്കണം. ലോകത്ത് മറ്റൊരു രാജ്യത്തിനുമില്ലാത്തപോലെ ഇസ്രേയൽ എന്ന രാഷ്ട്രത്തിനെ അയിത്തമാകുന്ന അർജന്റീനിയക്കാരൻ മാത്രമല്ല, ഹിസ്ബുള്ളയെ സ്വന്തം നാട്ടിൽ ഭീകരവാദത്തിനഴിച്ച് വിട്ട് സ്വന്തം നാട്ടുകാരുടെ പോലും പുക കാണത്തക്കരീതിയിൽ ആന്റിസെമറ്റിസം ബാധിച്ച ഒരു ജനതയുടെ രാഷ്ട്രീയനിലപാടുകൾക്ക്, ക്രിസ്ത്യൻ യൂറോപ്യൻ പാരമ്പര്യത്തിന്റെ പേരിൽ തദ്ദേശീയരായ ജനതയെപ്പോലും അടിച്ചമർത്തുന്ന ഒരു ഭരണകൂടത്തിന്റെ രാഷ്ട്രീയനിലപാടുകൾ ഒരു ഗൂഗിൾ സെർച്ചിന്റെ കൈയ്യകലത്തിലിരിയ്ക്കേ അവരെ വെള്ളപുതപ്പിച്ച് ജേഴ്സിയുമണിയിച്ച് ഇളിച്ചുനിൽക്കുന്നവന്റെ യഥാർത്ഥ ഉദ്ദേശമെന്തെന്ന് ശരിയ്ക്കും ചോദിയ്ക്കണം. വീണ്ടും വീണ്ടും ചോദിയ്ക്കണം.
ഉപക്രമം: നമ്മൾ ഒരു ഫുഡ്ബോൾ ടീമിനെ അനുകൂലിയ്ക്കുന്നു. അതിനുള്ള ഒരേ ഒരു കാരണം ആ ടീമിന്റെ കളിയോടുള്ള ഇഷ്ടമാണെന്ന് പറയുന്നവർക്ക് ഇതൊന്നും ബാധകമല്ല. രാഷ്ട്രീയ നിലപാടുകൾക്കപ്പുറം, ഒന്നുമില്ലേൽ പഴയ മറഡോണയുടെ ടീമല്ലേ എന്ന നിലയിൽ അർജന്റീനിയൻ ടീമിന്റെ കളി കാണാൻ ആഗ്രഹം ഫുഡ്ബോളിനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമുണ്ടാകും. ഫുഡ്ബോൾ അല്ലെങ്കിലും അർജന്റീന എന്ന രാജ്യത്തിനു നിലവിൽ ഭാരതവുമായി ദേഷ്യമോ സ്നേഹമോ ഒന്നുമില്ല, അതിന്റെ ആവശ്യവുമില്ല. പക്ഷേ ഇല്ലാത്ത ‘പക്ഷ’ത്തിന്റെ മഹത്വം വാഴ്ത്തുന്നവന്റെ ഉദ്ദേശം കൃത്യമായി നമ്മളും മനസ്സിലാക്കണമല്ലോ.
നമ്മൾക്ക് മനസ്സിലായി എന്ന് അവർക്ക് മനസ്സിലാവുകയും വേണമല്ലോ.
അപ്പോൾ…
Vamos Argentina !!!