വാമോസ്’ അർജന്റീന …

— കാളിയമ്പി —

1960 മേയ് മാസം.

ബ്യൂണോസ് ഐഴ്സിനടുത്തുള്ള ഏതോ രഹസ്യ സങ്കേതം. കുറേയാൾക്കാർ ചേർന്ന് ഒരു വൃദ്ധനെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ നിന്നുതന്നെ അവർ രഹസ്യപ്പോലീസുകാരെന്ന് നിശ്ചയമാണ്. അയാളുടെ പേരാണ് ചോദിയ്ക്കുന്നത്. ആദ്യം അയാൾ ഏതോ കള്ളപ്പേരൊക്കെ പറഞ്ഞു നോക്കി.

അവസാനം നിലയില്ലാതെ വന്നപ്പോൾ പറഞ്ഞു.

“ശരി, സമ്മതിച്ചു. ഞാനാണ് അഡോൾഫ് ഐക്മാൻ. അത് തന്നെയാണ് എന്റെ പേർ”

ചോദ്യം ചെയ്യുന്നവർ ശരിയ്ക്കും മരവിച്ച ഒരവസ്ഥയിലായിരുന്നു ഇത് കേട്ടപ്പോൾ. ഇസ്രേയലി രഹസ്യപ്പോലീസായ മോസാദിലെ ചെറുപ്പക്കാർ, തങ്ങളുടെ മാതാപിതാക്കളേയും ബന്ധുക്കളേയുമുൾപ്പെടെ ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നുതള്ളിയ നാസി ഭീകരനെ നേരിട്ടു കാണുകയാണ്. ലോകം ഞെട്ടാൻ പോകുന്ന ഒരു ഓപ്പറേഷനാണ് തങ്ങൾ നടത്തിയിരിയ്ക്കുന്നത്. നാസി ഭീകരതയുടെ നേർ മുഖമാണ് ഐക്മാൻ. കോൺസണ്ട്രേഷൻ ക്യാമ്പുകൾ നേരിട്ട് നോക്കിനടത്തിയിരുന്ന ആൾ. ഹിറ്റ്ലറുടെ വലം കൈ. അവർ തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയതുകൊണ്ട്, തങ്ങൾ തിരഞ്ഞുവന്നയാളാണിതെന്നുറപ്പിച്ച് ബാക്കിക്കാര്യങ്ങളാലോചിയ്ക്കാൻ തിരിഞ്ഞുനടന്നപ്പോൾ ആ കസേരയിൽ ബന്ധിതനായിരുന്ന ഐക്മാൻ അവരിലൊരാളെ തിരികെ വിളിച്ചു പറഞ്ഞു.

“എനിയ്ക്കൊരു ഗ്ളാസ് വൈൻ തരൂ.”

ആ തെക്കനമേരിക്കൻ രാജ്യത്തുനിന്ന് ഐക്മാനെ ഇസ്രേയലിലെത്തിയ്ക്കണം. ജീവനോടെ തന്നെ. മൊസാദിനു വേണമെങ്കിൽ അയാളെ അവിടെവച്ച് തന്നെ കൊല്ലാം. പക്ഷേ കഴിയില്ല. ഇയാളെ നീതിയുടേയും നിയമത്തിന്റേയും മുന്നിൽ കൊണ്ടുവരണം. അയാൾ കൊന്ന ആറു ദശലക്ഷം ജൂതന്മാരെപ്പോലെ വിചാരണയുടെ പോലും ആനുകൂല്യമില്ലാതെ അയാൾ വധിയ്ക്കപ്പെടാൻ പാടില്ല. അത് കാലത്തിന്റെ കാവ്യനീതിയാണ്. ഇയാൾ ചെയ്തതെന്തെന്ന് ലോകം അറിയണം.

തങ്ങൾ നിൽക്കുന്ന തെക്കനമേരിക്കൻ രാജ്യത്തിലെ അധികൃതരെ അറിയിച്ചാൽ ചിലപ്പോഴത് സാദ്ധ്യമാകില്ല. കാരണം നാസികളെ അനുകൂലിയ്ക്കുന്ന ഒരു ഭരണകൂടമാണിവിടെയുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിൽപ്പോലും അവസാന നിമിഷം വരേയും പങ്കെടുത്തിരുന്നില്ല ആ രാജ്യം. നാസികളോടുള്ള ആഭിമുഖ്യമായിരുന്നു കാരണം. എന്നാൽ പേൾ ഹാർബർ ആക്രമണം കഴിഞ്ഞപ്പോൾ തങ്ങളോട് വളരെയധികം വ്യാപരബന്ധമുള്ള അമേരിക്കൻ ഐക്യനാടുകളുടെ സമ്മർദ്ദത്തിനു വഴങ്ങി അവസാന നിമിഷം ഒന്ന് പങ്കെടുത്തെന്ന് വരുത്തി.

എന്നിട്ടും യുദ്ധം അവസാനിച്ചപ്പോൾ നാസികളിലെ പ്രമുഖർ പലരും ഒളിച്ചുതാമസിക്കാൻ തിരഞ്ഞെടുത്ത സുരക്ഷിത സ്വർഗ്ഗമായിരുന്നവിടം.

ഇസ്രേയൽ എയർലൈനായ El Al ന്റെ ഒരു വിമാനം ഇസ്രേയൽ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനെന്ന് പറഞ്ഞു കൊണ്ടുവരികയും അതിലെ ജീവനക്കാരന്റെ വേഷത്തിൽ മയക്കുമരുന്ന് കൊടുത്ത് അവശനാക്കിയ ഐക്‌മാനെ വിമാനത്താവളത്തിലെത്തിച്ച് വിമാനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ഒരു കുഞ്ഞുപോലുമറിയാതെ അയാളെ ടെൽ അവീവിലെത്തിച്ചു. ഉപരിക്കോടതിയിലും മെൽക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ കേസുപറഞ്ഞു. പ്രസിഡന്റിന്റെ ദയാഹർജിയ്ക്ക് വരെ അവസരം കൊടുത്തു. അയാളുടെ ഭാര്യയും സഹോദരന്മാരും ഇസ്രേയൽ പ്രസിഡന്റിന്റെ മുന്നിൽ ദയാഹർജിയ്ക്ക് അപേക്ഷിച്ചു.

1962 ജൂൺ ഒന്നാം തീയതി ഐക്മാനെ തൂക്കിലേറ്റി. ഇസ്രേയലിൽ എന്ന രാജ്യത്ത് നടന്ന അവസാന തൂക്കിക്കൊല. അവിടെ അതിനുശേഷം വധശിക്ഷ നടന്നിട്ടേയില്ല.

വധശിക്ഷയ്ക്ക് തൊട്ടുമുന്നേ ഐക്മാന്റെ അവസാനത്തെ വാക്കുകൾ ഇതായിരുന്നു.

“Long live Germany. Long live Argentina. Long live Austria. These are the three