കഴിഞ്ഞമാസം കോഴിക്കോട് നഗരത്തിൽ കേരളത്തെ ദുഖത്തിലാഴ്ത്തിയ ഒരു ദുരന്തമുണ്ടായി. നഗരത്തിലെ മാൻഹോൾ വൃത്തിയാക്കുന്നത്തിനിടയിൽ രണ്ടു തൊഴിലാളികൾ പ്രാണവായു കിട്ടാതെ അപകടത്തിലാകുകയും, അവരെ രക്ഷിക്കാനായി ഇറങ്ങിയ നൗഷാദ് എന്ന ധീരനായ ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയും ചെയ്തു.
ഇതേത്തുടർന്ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി അടിയന്തിരമായി കോഴിക്കോട് എത്തി നൗഷാദിന്റെ വീട് സന്ദർശിച്ച് ആ കുടുംബത്തിന്, അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നൗഷാദിന്റെ വിധവയ്ക്ക് ജോലിയും വാഗ്ദാനം ചെയ്യുകയുണ്ടായി. ഈ സംഭവം ഉണ്ടായത് ശ്രീ. വെള്ളാപ്പള്ളി നടേശൻ നടത്തിവന്ന സമത്വമുന്നേറ്റയാത്രയുടെ ഇടയിലായിരുന്നു. മുഖ്യമന്ത്രി നടത്തിയ അടിയന്തിര ഇടപെടൽ സ്വാഗതാർഹമാണ് എങ്കിൽപ്പോലും സമാനമായ നിരവധി സംഭവങ്ങളിൽ സർക്കാർ തിരിഞ്ഞുനോക്കാനേ തയ്യാറായില്ല എന്നും, മുഖ്യമന്ത്രിയുടെ ഇടപെടലിന് സാമുദായികവും രാഷ്ട്രീയവുമായ മാനങ്ങൾ ഉണ്ടാകാൻ സാധ്യതയുമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്ത ശ്രീ. വെള്ളാപ്പള്ളി നടേശൻ, സമാനസംഭവങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചുംകൊണ്ട് സർക്കാരിന്റെ വിവേചനത്തിനെതിരെ രംഗത്തെത്തി. സമത്വമുന്നേറ്റയാത്രക്ക് ആലുവയിൽ ലഭിച്ച സ്വീകരണച്ചടങ്ങിൽ ആലുവാ മണപ്പുറത്തുവച്ച് അൻപതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ സാക്ഷിനിർത്തി അദ്ദേഹം ഈ സർക്കാർ മരണങ്ങളിൽപ്പോലും കാണിക്കുന്ന മതവിവേചനത്തിനെതിരെ ആഞ്ഞടിച്ചു.
ആലുവയിൽ വച്ച് നൗഷാദ് വിഷയത്തിൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശത്തെ മതസ്പർദ്ധയുണ്ടാക്കുന്ന ഒന്നായി മാധ്യമങ്ങൾ വളച്ചൊടിക്കുകയും മതന്യൂനപക്ഷവോട്ടുബാങ്കുകളുടെ അടിമയായ ഉമ്മൻ ചാണ്ടി സർക്കാർ അതേറ്റുപിടിച്ച് ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ ഐ. പി. സി. 153 എ പ്രകാരം കുറ്റം ചുമത്തി ജാമ്യമില്ലാത്ത വ്യവസ്ഥയിൽ കേസ് എടുക്കുകയും ചെയ്തു. സമത്വമുന്നേറ്റയാത്ര തിരുവനന്തപുരത്തെത്തും മുൻപേ ശ്രീ. നടേശനെ ജയിലിലിടും എന്ന് പ്രഖ്യാപിച്ച് എടുത്ത കേസിൽ സർക്കാരിന്റെ കള്ളക്കളി വെളിപ്പെടുമെന്നതിനാൽ തുടരന്വേഷണത്തിൽ നിന്നും പോലീസും സർക്കാരും പിൻവലിയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. കേസ് അവസാനിപ്പിക്കാതെ ഒരു കുറ്റവാളിയുടെ പരിവേഷം ശ്രീ. വെള്ളാപ്പള്ളിക്ക് ചാർത്തിനൽകി അദ്ദേഹത്തെ ജനങ്ങളുടെ മുന്നിൽ അപഹാസ്യനാക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ നാടകത്തെ ശ്രീ. നടേശൻ നേരിട്ടത്, കേസിൽ ഒരു തീരുമാനം വരാനായി കേരളാഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ വഴിയായിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ, സർക്കാരിന് അവരുടെ വാദവും പറയണം എന്നും, കേസിന്റെ വാസ്തവങ്ങൾ കോടതിയിൽ വെളിപ്പെടും എന്നുമുള്ള സ്ഥിതി അങ്ങനെ സംജാതമായി. ശ്രീ. നടേശൻ ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ വിഷ്വൽ കണ്ട കോടതിക്ക്, ഈ കേസുണ്ടായി ഇത്രയും നാൾ ശ്രീ. നടേശനെ അനുകൂലിച്ച സാധാരണക്കാർ ചോദിച്ചിരുന്ന അതേചോദ്യം തന്നെ ചോദിക്കേണ്ടിവന്നു: മതസ്പർദ്ധ വളർത്തുന്ന എന്താണ് ശ്രീ. നടേശൻ പറഞ്ഞതെന്നും, അദ്ദേഹം സർക്കാരിനെ വിമർശിക്കുകയല്ലേ ചെയ്തതെന്നും. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ ഹാജരാകുന്ന അതേദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിക്കാനും കോടതി ഉത്തരവായി.
ഇവിടെ ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിനു മുന്നിൽ പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ സാമുദായികരാഷ്ട്രീയം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. മരിക്കണം എങ്കിൽ മുസ്ലീമായി മരിക്കണം എന്നുള്ള സ്ഥിതിയാണ് മതവിവേചനം കാണിക്കുന്ന സർക്കാർ മൂലം സംജാതമായതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞപോലെ, രാഷ്ട്രീയരംഗത്ത് കേരളത്തിൽ പ്രവർത്തനം എങ്കിൽ അത് ന്യൂനപക്ഷവോട്ടുബാങ്കിനെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം മാത്രമാകണം എന്നുള്ളതാണ് സ്ഥിതി എന്നും കൂടി പറയേണ്ട അവസ്ഥയാണ്.
കേരളത്തിന്റെ രാഷ്ട്രീയശൈലി ഇതാണ്- ഭൂരിപക്ഷവിഭാഗമായ ഹിന്ദുവിനെ ഒരിക്കലും കേരളരാഷ്ട്രീയത്തിൽ അഡ്രസ് ചെയ്യരുത്. ഹിന്ദു എന്നാൽ വർഗീയം എന്നുള്ള ഡിഫോൾട്ട് മനസ്ഥിതിയിൽ മാത്രം പ്രവർത്തിക്കുക. ന്യൂനപക്ഷവോട്ടുബാങ്കിനെയൊ മതതീവ്രവാദത്തെയൊ ഒന്നും വിമർശിക്കരുത്. മുസ്ലീം ലീഗിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും സമുദായപ്രീണനരാഷ്ട്രീയത്തെ എതിർക്കരുത്. എങ്ങാനും ന്യൂനപക്ഷങ്ങളുടെ അനധികൃത രാഷ്ട്രീയകൈകടത്തലിനെ വിമർശിച്ചാൽ ഉള്ള അനുഭവം ഒരിക്കൽ ഹിന്ദുവിനായി ശബ്ദിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന എ. കെ. ആന്റണിയുടെ അനുഭവമായി മുന്നിലുണ്ട്.
ശ്രീ. വെള്ളാപ്പള്ളി നടേശൻ ആലുവയിൽ നൗഷാദ് വിഷയം പരാമർശിച്ച ഉടനെ, ഒരു വശത്ത് സ്വാർഥത നിറഞ്ഞ കുറെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും അദ്ദേഹത്തെ വിമർശിച്ചുവെങ്കിൽ, മറുവശത്ത് മരണത്തിൽപ്പോലും മതപരമായ അവഗണനയും പക്ഷപാതിത്വവും അനുഭവിച്ചവരുടെ ബന്ധുക്കൾ അകമഴിഞ്ഞ പിന്തുണയുമായി ശ്രീ. വെള്ളാപ്പള്ളിയെ തേടിയെത്തി. ചിലരുടെ ആവശ്യം, അവർ നേരിട്ട അവഗണനയും ശ്രീ. വെള്ളാപ്പള്ളി പറയണം എന്നുള്ളതായിരുന്നു. അങ്ങനെ പലതും അവഗണിക്കപ്പെട്ടവർക്കായി ശ്രീ. നടേശൻ ഉറക്കെ വിളിച്ചുപറഞ്ഞു. യാത്രക്കിടയിൽ അപകടമരണം സംഭവിച്ച ഹാൻഡ് ബോൾ താരങ്ങളുടെയും അവരുടെ ട്രെയിനറുടെയും കാര്യം ശ്രീ. വെള്ളാപ്പള്ളി നടേശൻ ആലുവയിൽ വച്ച് സൂചിപ്പിച്ചിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം ആലുവയിൽ പെരിയാറിൽ അയ്യപ്പന്മാരെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട ഉല്ലാസിന്റെ വിവരം ശ്രീ. നടേശൻ ജനശ്രദ്ധയിൽ എത്തിച്ചു. കോന്നിയിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടുകാർക്ക് മരണാന്തര ആനുകൂല്യങ്ങൾ ലഭിക്കാതെ പോയത് അദ്ദേഹം പരാമർശിച്ചു. അങ്ങനെ, കോഴിക്കോട് കൊയിലാണ്ടിയിൽ മരണപ്പെട്ട രാജീവനടക്കമുള്ളവരുടെ, മൊത്തത്തിൽ, ഇരുപത്തിയെട്ടു വിവിധ കേസുകൾ ആണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ശ്രീ. നടേശന്റെ മുന്നിൽ എത്തിയത്. അതായത്, സർക്കാർ അവഗണിച്ച നിരവധി കുടുംബങ്ങൾ അവരുടെ നീതിക്കായി ശബ്ദിക്കാൻ, അവരുടെ നാവായി, നേതാവായി, ശ്രീ. വെള്ളാപ്പള്ളി നടേശനെ ഏറ്റെടുത്തു.
കേസ് അന്തിമവിധി ആകുമ്പോൾ മാത്രമേ പരിസമാപ്തി ആകുന്നുള്ളൂ. പക്ഷേ, ഇപ്പോൾത്തന്നെയുണ്ടായ കോടതിവിധി അങ്ങേയറ്റം പരിഗണനീയമാണ്. ശ്രീ. നടേശന്റെ പ്രസംഗത്തിന്റെ വിഷ്വൽ കണ്ട കോടതിക്ക് ഇതിൽ എന്താണ് തെറ്റെന്ന് ചോദിക്കാതെയിരിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. ചോദ്യം കേട്ട സർക്കാർ വക്കീൽ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലിക്ക് കോടതിയെ ബോധ്യപെടുത്തുന്ന വിധത്തിൽ വെള്ളാപ്പള്ളി ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാനേ ആയില്ല. ഡിസംബർ 23-ന് ജാമ്യം നൽകിയതുപോലും കേസ് അവസാനിപ്പിക്കുന്ന അന്തിമവിധി നൽകുന്നപോലെയുള്ള പ്രതീതി നൽകിയെങ്കിൽ, അത് അങ്ങേയറ്റം വലിയ കള്ളക്കേസ് ആണ് വെള്ളാപ്പള്ളിക്കെതിരെ ചുമത്തപ്പെട്ടത് എന്ന് കോടതിക്കും കേസ് വീക്ഷിക്കുന്ന ആർക്കും ഉത്തമബോധ്യം നൽകുന്നതായതിനാലാണ്.
കോഴിക്കോട്ട് നൗഷാദ് മരിക്കുന്നതിന് മൂന്നുദിവസം മുൻപാണ്, കൊയിലാണ്ടിയിൽ അഴിമുഖത്ത് മത്സ്യബന്ധനബോട്ട് മറിഞ്ഞ് ഏതാനും പേർ അപകടത്തിൽപ്പെട്ടത്. അവിടെ കരയിൽ ഉണ്ടായിരുന്ന മത്സ്യബന്ധനത്തൊഴിലാളി ആയിരുന്ന രാജീവൻ എന്ന വ്യക്തി ഉടനെ വെള്ളത്തിൽച്ചാടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. നാലുപേരെ രക്ഷിച്ച ശ്രീ. രാജീവൻ അഞ്ചാമത്തെ ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടൽച്ചുഴിയിൽപ്പെട്ട് മരണമടഞ്ഞു. നൗഷാദിന്റെ മരണത്തിന് മാധ്യമങ്ങളോ സർക്കാരോ നൽകിയ പ്രാധാന്യം രാജീവന്റെ മരണത്തിൽ ഉണ്ടായില്ല എന്ന് മാത്രമല്ല, മൂന്നുദിവസം കഴിഞ്ഞ് കോഴിക്കോട്ട് എത്തിയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി രാജീവന്റെ കുടുംബത്തിൽ പോകാനോ അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം പ്രഖ്യാപിക്കാണോ തയ്യാറായതുമില്ല. പറയാതെവയ്യ, രാജീവന്റെ കുടുംബത്തിനായി എന്തെങ്കിലും പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതിൽ പ്രഖ്യാതനായ ഒരു ബിസിനസ്സുകാരൻ നൌഷാദിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപാ ധനസഹായം പ്രഖ്യാപിച്ച് കയ്യടി നേടുന്ന കാഴ്ചയും കണ്ടു. കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷകളിൽ നിറയെ നൗഷാദിന്റെയും ഈ ബിസിനസ്സുകാരന്റെയും ചിത്രങ്ങൾ പതിച്ചിരിക്കുന്നത് അവിടെ യാത്ര ചെയ്യുന്നവർക്ക് കാണാനാകും. അദ്ദേഹവും രാജീവന്റെ കുടുംബത്തെപ്പറ്റി അറിയാനോ, എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചിട്ടില്ല. വ്യക്തമായ സാമുദായികകാഴ്ചപ്പാടും രാഷ്ട്രീയ അജണ്ടയും ആയിരിക്കണം അദ്ദേഹത്തെയും നയിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കോഴിക്കോട്ടെ ഓട്ടോതൊഴിലാളികളെക്കൊണ്ട് ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ പ്രകടനം നടത്തിപ്പിക്കുകയും അദ്ദേഹത്തിൻറെ കോലം കത്തിപ്പിക്കുകയും ചെയ്തു. ഇതൊക്കെ ചെയ്ത ആ പാവങ്ങൾക്ക് സത്യം തിരിച്ചറിയാൻ കോടതിയുടെ നിലപാട് സഹായകമാകട്ടെ.
ഏതായാലും നൗഷാദ് വിവാദവും കേസും മൂലം സംഭവിച്ചത് ഇതാണ്. അനീതികൾക്കും മതവിവേചനത്തിനും എതിരെ ശബ്ദിക്കാൻ തയ്യാറായ ശ്രീ. വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ അവഗണിക്കപ്പെട്ടവരുടെ ജനനായകനായി മാറി. ജാതിസമുദായഭേദമെന്യേ അദ്ദേഹത്തെ വരവേൽക്കാൻ ആൾക്കാർ മത്സരിക്കുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. വിവാദശേഷം സമത്വമുന്നേറ്റയാത്ര പുരോഗമിക്കവേ പത്തനംതിട്ടയിലേക്ക് പോകുംവഴി ആറന്മുള പ്രദേശത്തുവച്ച് നായർ സമുദായക്കാർ യാത്ര തടഞ്ഞുനിർത്തി ശ്രീ. വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകിയത് അതിന്റെ തെളിവാണ്. ഭൂരിപക്ഷസമുദായങ്ങളുടെ രാഷ്ട്രീയം, ഹിന്ദു ഐക്യം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ശ്രീ. നടേശൻ യാത്ര നയിച്ചത് അതിന്റെ ലക്ഷ്യങ്ങളെ പൂർണമായും നേടി.
ഡിസംബർ 23-ന് ഉണ്ടായ കോടതിവിധി ഒരു കണ്ണു തുറപ്പിക്കൽ ആയി മാറേണ്ടതുണ്ട്. കേരളത്തെ ഇടതു-വലതു രാഷ്ട്രീയക്കാർ ന്യൂനപക്ഷ വർഗീയതയുടെ ശരിവൽക്കരണത്തിലൂടെ ഹിപ്നോട്ടൈസ് ചെയ്ത് വച്ചിരിക്കുകയാണ്. ആ മായാനിദ്രയിൽനിന്നും കേരളത്തെ ഉണർത്തുകയായിരുന്നു ശ്രീ. വെള്ളാപ്പള്ളി. അതീവനിന്ദ്യമായ വിധത്തിൽ ന്യൂനപക്ഷപ്രീണനം തികഞ്ഞ സർക്കാർ നടപടിയെ, ശ്രീ. നടേശൻ എതിർത്തപ്പോൾ അതിനെതിരെ ചുമത്തപ്പെട്ട കള്ളക്കേസിൽ ആണ് വഴിത്തിരിവുണ്ടാക്കുന്ന കോടതി വിധിയും പരാമർശവും ഉണ്ടായത്. കോടതി ചോദിച്ച ചോദ്യം വാസ്തവത്തിൽ കേരളത്തിലെ തെരുവുകളിലും ഓഫീസുകളിലും വീടുകളിലും സാധാരണക്കാരൻ ചോദിച്ചിരുന്ന ചോദ്യംതന്നെ ആയിരുന്നു. അത് തിരിച്ചറിയാൻ ചില മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും കഴിഞ്ഞിരുന്നില്ല. പക്ഷേ, നിയമത്തിനുനിരക്കാത്ത നടപടിക്കെതിരെ കോടതിക്കുതന്നെ പരാമർശം ഉന്നയിക്കേണ്ടി വന്നു എന്ന് ശ്രീ. വെള്ളാപ്പള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ടായ വിധി സംബന്ധിച്ച ന്യൂസ് റിപ്പോർട്ടുകൾ തെളിയിക്കുന്നു. ഈ കേസ് കോടതിയിൽ വൈകാതെ അവസാനിച്ചേക്കും. പക്ഷേ, അധികം വൈകാതെ ജനങ്ങളുടെ കോടതി ജനാധിപത്യത്തിലൂടെ അവരുടെ വിധി നാലോ അഞ്ചോ മാസങ്ങൾക്കകം പുറപ്പെടുവിക്കും. അവിടെ വിജയിക്കാൻ പോകുന്നത് ശ്രീ. വെള്ളാപ്പള്ളി നടേശനും, അദ്ദേഹത്തിന് പൂർണപിന്തുണയർപ്പിച്ച് നിലകൊള്ളുന്ന കേരളത്തിലെ ഭൂരിപക്ഷസമുദായങ്ങളുടെ രാഷ്ട്രീയവും ആയിരിക്കും. ശിക്ഷിക്കപ്പെടാൻ പോകുന്നത് കേരളജനതയെ എന്നും മായാനിദ്രയിൽ മയക്കിയിടാമെന്ന് വ്യാമോഹിക്കുന്ന ഇവിടത്തെ ഇടതുവലതുമുന്നണികളും.