വളരുന്ന ദേശീയത തളരുന്ന കമ്മ്യൂണിസം

12439001_1490148757959082_8806842153158191848_nദേശീയതയെ അപഹസിച്ചു കൊണ്ട് സാര്‍വ ദേശീയതയെ പുണരാന്‍ വെമ്പുന്ന, ജനിക്കും മുന്‍പേ പരാജയമടഞ്ഞ കമ്മ്യൂണിസത്തിന്‍റെ, പരിഹാസ്യമായ നയങ്ങളുടെ പരിണിതഫലം ഭീകരമായിരിക്കും. ബഹു സ്വരതക്കുള്ളില്‍ മത ജാതി ബോധത്തിനതീതമായി ഏവരെയും കോര്‍ത്തു നിര്‍ത്തുന്ന ദേശീയതയുടെ ശക്തിയാണ് ശിഥിലമാകുന്ന രാഷ്ട്രത്തോടൊപ്പം ക്ഷയിക്കുന്നതു. ആധുനിക കാലഘട്ടത്തില്‍ മിക്ക രാജ്യങ്ങളുടെയും വികാസത്തിലേക്ക് നയിച്ച പ്രധാന ഘടകം അവിടങ്ങളിൽ വളര്‍ന്നു വന്ന ദേശീയത അഥവാ ദേശീയ ബോധം ആയിരുന്നു. ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിയിലേക്കുള്ള കുതിപ്പിന് ദേശീയ ബോധത്തില്‍ തീര്‍ത്ത അഗ്നി ചിറകുകള്‍ സഹായകമായി മാറിയ കഥകള്‍ പല രാഷ്ട്ര ചരിതങ്ങളും വര്‍ണ്ണിക്കുന്നുണ്ട്. ഭാരതത്തില്‍ വൈദേശീയ സംസ്കാരത്തിന്‍റെ ആഗമനം, പതിയെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും, അതിലൂടെ സര്‍വസ്വവും കവര്‍ന്നെടുത്തത് ദേശീയ ബോധം നഷ്ടപ്പെട്ടു ഉഴന്നിരുന്ന ഒരു ജനതയുടെ ആലസ്യം വിദഗ്ദമായി മുതലാക്കിയായിരുന്നു. ആത്മാഭിമാനത്തിനേറ്റ ക്ഷതത്തിന്റെ മുറിവുകളില്‍ മരുന്ന് പുരട്ടി p12x1ഉണക്കിയിരുന്നത് ദേശീയ ബോധത്തില്‍ പടുത്തുയര്‍ത്തിയ സ്വാതന്ത്ര്യ സമരങ്ങളും, ദേശത്തിന് വേണ്ടി മുന്നേ ഗമിച്ചു, ചിതറി വീണ ഗളങ്ങളുടെയും ഒഴുകി പരന്ന രക്തത്തിന്റെയും ഗന്ധവുമാണ്. അധിനിവേശങ്ങളുടെ തേര്‍ വാഴ്ചകള്‍ക്കു നിരന്തരമായ തിരിച്ചടികള്‍ നേരിടാന്‍ തക്ക വണ്ണം ഒരു സമുദ്രമെന്നോണം ആര്‍ത്തിരമ്പി വന്ന ഭാരത പുത്രന്മാരുടെ ഉള്ളില്‍ ജ്വലിച്ചു നിന്നിരുന്ന ആത്മവീര്യം, ദേശീയതയുടെ അല്ലെങ്കില്‍ ദേശ ഭക്തിയുടെ അഗ്നി നാളമായിരുന്നു.സ്വതന്ത്ര്യ സമര പോര്‍മുഖങ്ങളില്‍ വിപ്ളവ ഗാനങ്ങള്‍ അന്തരീക്ഷത്തെ കിടിലം കൊള്ളിചിരുന്നുവെങ്കില്‍, ആ വരികള്‍ രാജ്യത്തെ മൊത്തം ആവേശത്തില്‍ ആറാടിച്ചിരുന്നു എങ്കില്‍ അവ ജന്മം കൊണ്ടു ഉയിര്‍ത്തു വന്നത് ദേശ സ്നേഹത്തിന്‍റെ തീച്ചൂള വമിക്കുന്ന കാരിരുമ്പ് ഹൃദയങ്ങളില്‍ നിന്നായിരുന്നു..

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉടലെടുത്ത സാമൂഹിക സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഏറെയും ഉയര്‍ത്തിപ്പിടിച്ചിരുന്നത് ദേശീയത എന്ന മഹത്തായ സങ്കല്പം ആയിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ ആത്മീയതയുടെ ജ്ഞാന കണികകള്‍ ആവേശിപ്പിച്ച ഉഗ്രവാണികള്‍, തീഷ്ണമായ ദേശീയ ബോധം ജനങ്ങളില്‍ ജ്വലിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്. ഗാന്ധിജിയും തിലകനും തുടങ്ങി അനേക മഹത് വ്യക്തിത്വങ്ങള്‍ ആത്മീയ നവോഥാന ചിന്തയില്‍ ഊന്നിയ ദേശീയതയുടെ പ്രതീകങ്ങള്‍ ആയി മാറി. അരവിന്ദഘോഷും ബാലഗംഗാധര തിലകനും വിപിൻ ചന്ദ്രപാലും സവര്‍ക്കറും മറ്റും തുടങ്ങിവച്ച രാഷ്ട്രീയാദർശങ്ങൾ ഇന്ത്യയിൽ ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് പ്രേരകഘടകങ്ങളായിത്തീർന്നു .

0സ്വരാജ്യം എന്ന ദേശീയ ബോധത്തെ ഫാസിസത്തിന്‍റെ മുഖമായി കണ്ടു വികൃതമാക്കുന്ന കമ്മ്യൂണിസം ലക്ഷ്യം വക്കുന്നത്, ജാതി മത സമവാക്യങ്ങളെ മറികടന്നു ഭാരതീയരെ ഒന്നാക്കി നിര്‍ത്തുന്ന ദേശ ബോധത്തിന് വിള്ളല്‍ വീഴ്ത്തി മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിച്ച ബ്രിട്ടീഷ് കുറുക്കന്റെ മറ്റൊരു പതിപ്പാകാനാവാം. ഭാരതത്തിന്റെ നാനാത്വത്തിന്റെ ഭിന്നതയില്‍ പോലും ഒരുമിച്ചു കോര്‍ത്തു തുന്നി നിര്‍ത്തുന്ന ദേശീയ ബോധത്തിന്‍റെ കെട്ടുകള്‍ പഴകിയളിഞ്ഞ ഒരു പ്രത്യയ ശാസ്ത്രത്തിന്‍റെ ആഹാരമാകാന്‍ വേണ്ടി മാത്രം പൊളിച്ചെറിയാന്‍ ശ്രമിക്കുന്നത് ആത്യന്തികമായി വിഘടിച്ചു , തമ്മിലടിക്കുന്ന ഒരു സമൂഹത്തെ ആയിരിക്കും സൃഷ്ടിക്കാൻ പോകുന്നത് എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. മധുര മനോജ്ഞ ചൈനയടക്കം ഡോക്ടർ സൺ യാത് സെന്നിന്റെ നേതൃത്വത്തിൽ ദേശീയ ബോധത്തില്‍ അധിഷ്ടിതമായ് വ്യവസ്ഥകളിലൂടെ ജനങ്ങളെ  ഉദ്ബോധിപ്പിച്ചപ്പോള്‍, ഭാരതീയ കമ്മ്യൂണിസം ഇന്നും പ്രചരിപ്പിക്കുന്നത് ദേശീയത എന്നത് അയിത്തം കല്‍പ്പിച്ചു വെറുക്കപ്പെടേണ്ട തൊട്ടാല്‍ അറക്കുന്ന എന്തോ ഒന്നാണെന്ന പാശ്ചാത്യ നവലിബറൽ വാദങ്ങളാണ് എന്നത് ഇവരുടെ വീഴ്ചകള്‍ക്ക് പലപ്പോഴും കാരണമായി മാറികൊണ്ടിരിക്കുന്നു.

ദേശീയതയെ ശിഥിലമാക്കാതെ കമ്മ്യൂണിസം എന്ന ആശയത്തിന് ഭാരത മണ്ണില്‍ ചുവടുറപ്പിക്കാന്‍ ആവില്ലെന്ന് തീര്‍ച്ച. മറിച്ചു ദേശീയത അഭിനയിച്ചു പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളുടെ കാലപ്പഴക്കം ചെന്ന മൂല്യങ്ങളെ മറി കടക്കാന്‍ ശ്രമിച്ചാല്‍, അവരുടെ ബൌദ്ധിക പാപ്പരത്ത്വത്തിന്‍റെ ആഴം ഏവര്‍ക്കും വ്യക്തമാക്കപ്പെടുക മാത്രമേ സംഭവിക്കുകയുള്ളൂ.. മിഥ്യാ ബോധം എന്നു കമ്മ്യൂണിസം ആവര്‍ത്തിക്കുന്ന ദേശീയത അല്ലെങ്കില്‍ ദേശീയ ബോധം കോളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ചാലക ശക്തിയായി നിലനിന്നതാണ് ഭാരതത്തിന്റെ സ്വാതന്ത്യ സമര ചരിത്രം തന്നെ തെളിയിക്കുന്നത്. നാസിസവും ഫാസിസവും കടന്നു വന്ന നാള്‍ വഴികളിലൂടെ അല്ലാതെ, മണ്ണിന്റെ മക്കൾക്കു പ്രാധാന്യം നല്‍കിയ ദേശീയ ബോധം ഒരു പക്ഷെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉടലെടുത്തത് ഭാരതത്തില്‍ ആകാം. അതിനു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഹിഷ്ണുതയുടെ പൈതൃകത്തിന്റെ വശ്യമായ ഗന്ധവും ഉണ്ട്.

tumblr_ndy2imSHUY1s7e5k5o1_500ഭാഷകള്‍, മതങ്ങള്‍, സമാന ചിന്താധാരകളുടെ കൂടിച്ചേരലുകള്‍ എല്ലാം തന്നെ ദേശീയത എന്ന ഐകമത്യ ബോധം മനസ്സില്‍ സൃഷ്ടിക്കാന്‍ ഉതകുന്ന കാരണങ്ങള്‍ ആയി മാറാറുണ്ട്. ആധുനിക ഭാരതത്തില്‍ ദേശീയ ചിന്തക്കുള്ള പ്രധാന്യത്തിലേക്ക് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നു. ദേശ സ്നേഹത്തില്‍ പൊതിഞ്ഞ കര്‍മ്മ മാര്‍ഗത്തിലൂന്നി രാജ്യത്തെ ലോകത്തെ ഏറ്റവും മികച്ച ഒരു രാജ്യമാക്കി പരിണമിപ്പിക്കാന്‍ കഴിഞ്ഞ ജപ്പാന്‍ ജനത നമുക്ക് മാതൃകയാണ്. പ്രകൃതിയുടെ വികൃതിയിലും, മനുഷ്യന്‍റെ ആസക്തിയിലും ഉടലെടുത്ത കനത്ത ആഘാതങ്ങള്‍ നീന്തി കടന്നു ജപ്പാന്‍ വിജയം കൊയ്തത് ദേശബോധവും പൈതൃക സ്വത്വവും തുടിക്കുന്ന ആത്മവീര്യം കര്‍മ്മപാഥത്തോട് ചേർത്ത് കൊണ്ടായിരുന്നു എന്നത് ചരിത്രം മാത്രമല്ല ഇന്നത്തെ വര്‍ത്തമാനവും കൂടിയാണ്.

ജനിച്ചു നൂറു വര്‍ഷം തികയുന്നതിനു മുന്‍പേ ജീര്‍ണിച്ചു എന്നു ഗാന്ധിജി വിശേഷിപ്പിച്ച കമ്മ്യൂണിസം ഭാരതത്തില്‍ ഇന്നു തകര്‍ന്നു തരിപ്പണം ആയിരിക്കുന്നു. ഇവിടെ ദേശീയ ബോധത്തിന്‍റെ പ്രസക്തി അനുദിനം വളരുകയാണ്.. ഭാരതീയരുടെ ദേശീയ ബോധവും രാജ്യസ്നേഹവും ഒരിക്കലും സാര്‍വ ദേശീയതയുടെ ശതുക്കള്‍ അല്ല, മറിച്ചു ദേശീയ ബോധത്തില്‍ ഊന്നി നിവര്‍ന്നു നിന്നു കൊണ്ട് സാര്‍വ ദേശീയതയെ ഉള്‍ക്കൊള്ളുന്ന ഭാരതത്തിന്‌ മാത്രം അവകാശപ്പെടാന്‍ കഴിയുന്ന നമ്മുടെ സംസ്കാരം ആണു എന്നു പലരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

 

 2AC3824C00000578-3172365-image-a-1_1437667604638 stalintoppled stalin_statue1