കേന്ദ്രസർക്കാരിനോട്:;
സുനാമി സമയത്തും ഉത്തരാഖണ്ഡ് പ്രളയസമയത്തും ഇതിലും വലിയ നാശനഷ്ടം ഉണ്ടായിട്ടും സൗജന്യ വിദേശ സാമ്പത്തിക സഹായം ഒന്നും നമ്മൾ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കും. അതൊന്നും ഇപ്പോൾ ദുരിതക്കയത്തിൽ ഉഴറുന്ന ഞങ്ങൾ കേരളക്കാർക്ക് അറിയേണ്ട കാര്യമല്ല. അന്നവർക്ക് പരാതിയുണ്ടായില്ലായിരിക്കും പക്ഷെ ഇന്ന് ഞങ്ങൾക്ക് പരാതിയുണ്ട്. തകർന്ന് കിടക്കുന്ന കേരളത്തിനെ പുനർനിർമ്മിക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നാൽ അത് വാങ്ങിയെടുക്കാൻ ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴി ഉണ്ടാവണം, ഉണ്ടാക്കണം. കമ്മ്യൂണിസ്റ്റുകാർ അടിച്ചിറക്കിയ UAEയുടെ 700 കോടി കള്ളകഥ പൊളിഞ്ഞെങ്കിലും തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളുടെ സഹായം ഇന്ത്യ വേണ്ടെന്ന് വച്ചത് ജനത്തിന് മുന്നിലുണ്ട്. രാജ്യത്തിന് എന്തൊക്കെ ‘കൺസേണുകൾ’ ഉണ്ടോ അതൊക്കെ ‘മീറ്റ്’ ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ ചയ്യേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്. ദുരിതക്കയത്തിൽ നിൽക്കുന്ന ജനങ്ങളെ സംബന്ധിച്ച് സഹായമായി ലഭിക്കാൻ സാധ്യതയുള്ള ഒരു രൂപ പോലും നഷ്ടപ്പെടാതെ കയ്യിൽ കിട്ടണം എന്ന ഒറ്റക്കാര്യമേയുള്ളൂ. Pls don’t let us down.
നിങ്ങൾക്കത് ചെയാൻ കഴിയുന്നില്ലെങ്കിൽ, യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഡാമുകൾ തുറന്ന് വിട്ട് പത്ത് നാനൂറ് ജീവനുകളെ മുക്കിക്കൊന്ന, ലക്ഷക്കണക്കിന് പേരുടെ ജീവിതം വഴിമുട്ടിച്ച ഭരണപരാജയത്തിന്റെ മകുടോദാഹരണമായി നിൽക്കുന്ന കേരള സർക്കാർ ഇനി ദുരിതാശ്വാസ-നഷ്ടപരിഹാര പ്രവർത്തനങ്ങളിലും വരാൻ സാധ്യതയുള്ള എല്ലാ പാളിച്ചകളും ഈ ഒരൊറ്റക്കാരണം പറഞ്ഞ് കേന്ദ്രത്തിന്റെ തലയിലിട്ട് ഇതിൽ നിന്ന് തലയൂരും. ആത്യന്തികമായി ജനങ്ങളാണ് വഞ്ചിക്കപെടാൻ പോകുന്നത്. So pls act positively before it is too late.
സംസ്ഥാന സർക്കാരിനോട്:
ഇത്രയും വലിയ നൂറ്റാണ്ടിലെ ദുരന്തം ഉണ്ടായപ്പോൾ, അതുണ്ടാവാനിടയായ കാരണങ്ങളും, അതിനു കാരണമായ സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകളും ചർച്ച ചെയ്യപ്പെടുന്നതിൽ നിന്ന് കുറച്ച് ദിവസം കുറച്ചാളുകളുടെ ശ്രദ്ധ മാറ്റാൻ മാത്രമേ നിങ്ങൾക്ക് ആ ഒരു 700 കോടിയുടെ കള്ളക്കഥ കൊണ്ട് സാധിച്ചിട്ടുള്ളൂ എന്ന് മനസിലാക്കുക.
കേന്ദ്ര സർക്കാർ രണ്ട് തവണയായി പ്രഖ്യാപിച്ച 600 കോടി എന്ന തുകയെ ചെറുതാക്കിക്കാണിക്കുക എന്ന ഒറ്റ ദുരുദ്ദേശത്തോടെയാണ് UAE സഹായിക്കാൻ പോകുന്നു എന്ന വിവരം കിട്ടിയ മാത്രയിൽ വെറും സങ്കുചിതമായ ബുദ്ധിയിൽ വിരിഞ്ഞ 700 കോടി എന്ന സംഖ്യ ശൂന്യതയിൽ നിന്ന് നിങ്ങൾ എടുത്തതെന്ന്, ഇന്ന് UAE അംബാസഡറുടെയും കേന്ദ്രസർക്കാരിന്റെയും പ്രതികരണങ്ങളിൽ നിന്ന് ജനത്തിന് മനസ്സിലായിട്ടുണ്ട്.
700 കോടി അല്ലെങ്കിലും UAEയും മറ്റ് രാജ്യങ്ങളും സഹായിക്കാൻ സന്നദ്ധരാണെന്നത് വാസ്തവമാണെന്ന് നമുക്കറിയാം. ഇന്ത്യക്ക് അത്തരം സഹായങ്ങൾ വാങ്ങാതിരിക്കുക എന്ന നയമാണ് ഇപ്പോഴുള്ളതെന്നും പത്രങ്ങളിൽ നിന്ന് നാം വായിച്ച് അറിയുന്നു. ഈ സാഹചര്യത്തിൽ ‘പൊളിറ്റിക്കൽ പോയിന്റ്സ്’ നേടുക എന്നതിനപ്പുറം സ്വന്തം ജനത്തിന് വേണ്ടത് ചെയ്യുക എന്ന ചിന്ത ആത്മാർഥമായി ഉണ്ടെകിൽ കേന്ദ്ര സർക്കാരുമായി ഇക്കാര്യം സംസാരിച്ച് ഇങ്ങനെയൊരു നയം തടസമാണെങ്കിൽ മറ്റേത് വിധത്തിൽ അതിനെ മറികടാക്കാം എന്നതിനെ കുറിച്ച് ഒരു ചർച്ച നടത്തുകയല്ലേ ആദ്യം വേണ്ടത്?
കേന്ദ്രസർക്കാരുമായി ഇങ്ങനെയൊരു ചർച്ചക്ക് ഒരു സർവകക്ഷി സംഘത്തെ അയക്കാമായിരുന്നില്ലേ?
വേണ്ട, എല്ലാവരും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തിരക്കിലായിരിക്കും, എങ്കിൽ കേന്ദ്രവുമായി അത്തരമൊരു ചർച്ചക്ക് ഒരു മന്ത്രിയെയെങ്കിലും ചുമതലപ്പെടുത്തിയോ?
പോട്ടെ പ്രധാനമന്ത്രിക്ക് ഇക്കാര്യം പറഞ്ഞ് മുഖ്യമന്ത്രി ഒരു കത്തെങ്കിലും അയച്ചോ?
ഇല്ല എന്നാണ് മനസിലാക്കുന്നത്.
അതിന് പകരം എല്ലാം പകൽ പോലെ വ്യക്തമായതിനു ശേഷവും എല്ലാദിവസവും പത്രസമ്മേളനം നടത്തി യാതൊരു ലജ്ജയുമില്ലാതെ UAEയുടെ 700 കോടി വാഗ്ദാനം ഉണ്ടെന്നും, കേന്ദ്രം തടയുന്നു എന്നുമുള്ള സന്ദേശം ജനത്തിന് കൊടുക്കുന്നു. കേന്ദ്രത്തോട് സംസാരിക്കുന്നതിന് മുൻപ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
അങ്ങനെ ഇതിനെ എല്ലാവരുടെയും – കേന്ദ്രസർക്കാരിന്റെയും, കേരള സർക്കാരിന്റെയും, UAEയുടെയും, യൂസഫലിയുടെയും അഭിമാനപ്രശ്നമാക്കി മാറ്റി –pushing everybody to a difficult position – ഒരുകാരണവശാലും പോസിറ്റീവ് ആയ ഒരു പരിഹാരം ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങൾ അല്ലെ കേരള സർക്കാർ ചെയ്യുന്നത്?
ഇതിൽ നിന്ന് ജനത്തിന് മനസിലാവുന്നത്, സഹായങ്ങൾ നേടിയെടുത്ത് ജനത്തിനെ ഒരുകൈ സഹായിക്കുകയല്ല കേരള സർക്കാരിന്റെ ഉദ്ദേശം മറിച്ച് 400 മലയാളികളുടെ ശവത്തിന് മുകളിൽ നിന്നിട്ടായാൽ പോലും, ലക്ഷക്കണക്കിന് മലയാളികളുടെ ദുരിതത്തിന് മുകളിൽ നിന്നിട്ടായാൽ പോലും വേണ്ടില്ല ചീഞ്ഞളിഞ്ഞ രാഷ്ട്രീയം കളിച്ച്, കമ്മ്യൂണിസ്റ്റുകൾ ആജന്മ ശത്രുക്കളായി അവരോധിച്ചിട്ടുള്ള പ്രധാനമന്ത്രി മോദിയെ കരിവാരിത്തേക്കുക എന്ന സങ്കുചിത ലക്ഷത്തിന് വേണ്ടി ഈ ഒരു ദുരന്തത്തിനെയും ഉപയോഗിക്കുന്നു എന്നതാണ്.
ഇനിയെങ്കിലും ഇല്ലാത്ത ഒരു 700 കോടിയുടെ പുകമറ ഉയർത്തിപ്പിടിച്ച് വിലപ്പെട്ട സമയം കളയാതെ, ഇതിനോടകം ലഭിച്ച കോടാനുകോടി രൂപ ദുരിതം അനുഭവിക്കുന്നവർക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് കേരള സർക്കാർ ചെയ്യേണ്ടത്. പല സ്ഥലത്തും ദുരിതാശ്വാസക്യാംപുകൾ പ്രവർത്തനം അവസാനിപ്പിക്കാൻപോകുന്നു. വരുന്ന ആഴ്ചമുതൽ സ്‌കൂളുകൾ തുറക്കുന്നതാണ് കാരണം. നാട്ടുകാരും സന്നദ്ധസംഘടനകളും സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കിയാണ് ഇത് വരെ പല കാമ്പുകളും നടത്തുന്നത്. അവർക്കൊക്കെ സർക്കാർ ധനസഹായം ഏത് വിധം എത്തിക്കുമെന്നതിൽ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമൊന്നും ഒരു വ്യക്തതയുമില്ല ഇപ്പോഴും. അപ്പോഴാണ് ഇല്ലാത്ത ഒരു 700 കോടിയുടെ പേരിൽ സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടിയും രാഷ്ട്രീയ പൊറാട്ട് നാടകം നടത്തി ജനങ്ങളെ വിഡ്ഡികളാക്കാൻ നോക്കി സ്വയം വിഡ്ഢിവേഷം കെട്ടുന്നത്.
So pls act positively before it is too late.
ഇനി, last but not the least, കേരളത്തിലെ മാധ്യമങ്ങളോട്:
കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഈ പ്രളയത്തെ സമീപിച്ചത് വളരെ സമഗ്രമായും അത്യാവശ്യം നിഷ്പക്ഷമായും ആണെന്നത് അംഗീകരിക്കാതെ പോകുന്നത് മര്യാദകേടായിരിക്കും. സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും നല്ലകാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചും പിടിപ്പ്കേടുകളെയും പോളിസി പ്രശ്നങ്ങളെയും കൃത്യമായി വിമർശിച്ചും ചൂണ്ടിക്കാണിച്ചും നല്ലൊരു മാതൃകയാണ് അവർ ഇതുവരെ സൃഷ്ടിച്ചത്.
പക്ഷെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ അജണ്ടകൾ നിശ്ചയിക്കുന്ന, പ്രമുഖ മാധ്യമപ്രവർത്തകർ പലരും വ്യക്തിപരമായി അത്യന്തം നിഷേധാത്മകമായ, വിഷലിപ്തമായ നിലപാടുകൾ ആണെടുത്തത് എന്നും പറയാതിരിക്കാനാവില്ല. കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരിൽ ബഹുഭൂരിപക്ഷവും ഇടത് പക്ഷ-പാതികളോ, മുൻകാല ഇടത്പക്ഷക്കാരോ ആണെന്നത് ഇന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. അവരാണ് മുഖ്യമന്ത്രി പറത്തി വിട്ട 700 കോടിയെന്ന കള്ളക്കഥക്ക് വലിയ പ്രചാരം കൊടുത്തത്. പിണറായി സർക്കാരിന്റെ പിടിപ്പ്കേടുകളിൽ നിന്ന് ജനശ്രദ്ധ മാറ്റാനായി കേന്ദ്രവിരോധം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ അഹോരാത്രം പണിയെടുക്കുന്ന ഒരു യന്ത്രം പോലെയാണ് അവർ ഇപ്പോഴും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.
ഈ 700 കോടിയെന്ന ഇല്ലാക്കഥയുടെ ബലത്തിൽ കേരളം ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന വിഭജന-വിധ്വംസക ചർച്ചകൾ വരെ തുടങ്ങിവച്ചത് ഇവരിൽ പെട്ടവരാണ്. ഇവർ കാരണമാണ് സത്യത്തിൽ യൂസഫലി പ്രശ്നത്തിലായത്, ഇന്ത്യ-UAE ബന്ധത്തിൽ പോലും മുറിവ് പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നത്. ഇതിലും വലിയ ദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നും കാണാത്ത വിഭജന ചർച്ചകളും വെറുപ്പിന്റെ രാഷ്ട്രീയവും കേരളത്തിൽ നിന്ന് ഉയരുന്നത് കണ്ട് ദേശീയ മാധ്യമങ്ങൾ വരെ അത് ചർച്ച ചെയുന്ന ദുരവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് ഇവരാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേരളത്തിന് പുറത്തുള്ള ആരെങ്കിലും വിമർശിച്ചാൽ അതിനെ “കേരളത്തിനെ വിമർശിക്കുന്നെ”, “സംസ്ഥാന ദ്രോഹം”, “എന്നാൽ നമുക്ക് ഇന്ത്യയിൽ നിന്ന് സ്വാന്ത്ര്യം പ്രഖ്യാപിക്കാം” എന്നൊക്കെ ഇരവാദം മുഴക്കി അതിനെ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെയുള്ള ജനരോഷമായി തിരിച്ച് വിടുക എന്നത് ഇവർ ഒരിക്കൽ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്.
പക്ഷെ പിന്നീട് തുറന്ന്കാണിക്കപ്പെട്ട ഈ തന്ത്രം പിന്നെയും പിന്നെയും ഉപയോഗിക്കുമ്പോൾ അവർ സ്വയം അപഹാസ്യരാകുന്നതിൽ കവിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല, അവരുടെ കുറെ ഗ്വാ ഗ്വാ വിളിക്കാർ അല്ലാതെ ഒരാളും ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് ഇനിയെങ്കിലും ഇവർ മനസിലാക്കണം.
രണ്ട് മൂന്ന് വർഷം മുൻപ് കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ശിശുമരണ നിരക്ക് സോമാലിയയിലെ ശിശുമരണ നിരക്കിനോട് ഉപമിക്കത്തക്കതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ, ഇതാ മോദി “‘കേരളത്തെ മൊത്തത്തിൽ’ സൊമാലിയയോട് ഉപമിച്ച് അപമാനിക്കുന്നെ” എന്ന് പ്രചരിപ്പിച്ചതായിരുന്നു ഇതിലെ ആദ്യത്തെ സംഭവങ്ങളിലൊന്ന്. അതിൽ അന്നവർ കാര്യമായി വിജയിച്ചു.
പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശ രാജ്യത്തിന്റെയും സൗജന്യ സാമ്പത്തിക സഹായം ഇന്ത്യ സ്വീകരിക്കുന്നതല്ല എന്ന ഇന്ത്യയുടെ പൊതു നിലപാടിനെ, 700 കോടിയുടെ ഇല്ലാത്ത UAE സഹായം, കേന്ദ്ര സർക്കാർ കേരളത്തിനോടുള്ള വൈരാഗ്യം മൂലം ഇല്ലാതാക്കി എന്ന് വ്യാഖ്യാനിച്ച് ഇവർ നടത്തിയ പ്രചണ്ഡ പ്രചാരണത്തെ സുബോധം ഇനിയും ബാക്കിയുള്ളവർ യുക്തിഭദ്രമായി പൊളിച്ചടുക്കിയപ്പോഴും ഇവർ ഇതേ ഇരവാദം ഉയർത്താൻ നോക്കി. “കേരളത്തിനുള്ള സഹായം തടയുന്ന കേന്ദ്രം, ആ കേന്ദ്രത്തിനെ ന്യായീകരിക്കുന്ന സംസ്ഥാന ദ്രോഹികൾ” ഇതായിരുന്നു ആദ്യത്തെ ഇരവാദം.
പിന്നീട് UAE എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും വിശദീകരണം വന്ന് ഔദ്യോഗികമായിത്തന്നെ അങ്ങനെയൊരു 700 കോടി എന്ന ‘ഫിഗർ’ എവിടെയുമില്ല എന്ന് തെളിഞ്ഞപ്പോൾ, അത് ചൂണ്ടിക്കാണിച്ച് ഇവരുടെ കള്ളക്കഥ പൊളിഞ്ഞ കാര്യം പറഞ്ഞപ്പോൾ “ദാ കേരളത്തിന് സഹായം ഇല്ലെന്നറിഞ്ഞതിൽ സന്തോഷിക്കുന്ന സംസ്ഥാന ദ്രോഹികൾ” എന്നായി അടുത്ത ഇരവാദം.
ഇപ്പോൾ ഏറ്റവും പുതിയതായി അർണാബ് ഗോസ്വാമി കേരളത്തിനെ മൊത്തം അപമാനിച്ചെന്ന് പറഞ്ഞ് വലിയൊരു പ്രചാരണത്തിന് കോപ്പ് കൂടിയ ഇവർ അതിലെ സത്യാവസ്ഥ പറഞ്ഞ നേരം കൊണ്ട് പുറത്ത് വന്നപ്പോൾ വീണ്ടും അപഹാസ്യരായി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ദുരന്ത സമയത്ത് പോലും, ഇല്ലാത്ത ഒരു 700 കോടിയുടെ വ്യാജ വാർത്ത സൃഷ്ടിച്ച് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം പോലും അപകടത്തിലാക്കുന്ന വിധം, കേരളത്തെ ഇന്ത്യയിൽ നിന്ന് വിഭജിക്കണം എന്ന് പോലും പ്രചരിപ്പിക്കുന്ന വിധം വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്ന കഴുകന്മാരയ “ഒരു കൂട്ടം കേരളത്തിലെ കമ്യൂണിസ്റ്റ് കോൺഗ്രസ് നേതാക്കൾ” എന്ന് പറഞ്ഞതിനെ “കേരളത്തിനെ മൊത്തത്തിൽ ബിജെപി ചാനൽ & അർണാബ് ആക്ഷേപിപ്പിച്ചേ” എന്ന ഇരവാദം മുഴക്കാനാണ് അവർ ഇത്തവണ ശ്രമിച്ചത്. പക്ഷെ അൽപായുസായിപ്പോയി ആ പ്രചാരണത്തിനും.
So, നിങ്ങളുടെ ഫേസ്ബുക് പോസ്റ്റുകളിൽ ഇത്തരം ദുഷിച്ച പ്രചാരണങ്ങൾക്ക് ലൈക് അടിക്കുന്ന രാഷ്ട്രീയ വെറുപ്പ് കൊണ്ട് അന്ധരായ വെറും അഞ്ഞൂറും ആയിരവും ആളുകൾ അല്ല കേരളം എന്ന് നിങ്ങൾ ഇനിയെങ്കിലും മനസിലാക്കുക.
Let us together build a new Kerala. #WeShallOvercome