“സുവിധ” – സ്ത്രീ സുരക്ഷക്ക്

— ദുർഗ്ഗ ലക്ഷ്മി —

സാനിറ്ററി നാപ്‌കിനു 13.7% ഉണ്ടായിരുന്ന നികുതി ജി എസ് ടിയിൽ 12% ആയപ്പോ, അത്ര കാലം കൂടിയ നികുതി കൊടുത്ത് നാപ്‌കിൻ വാങ്ങിയവർ തന്നെ അതൊക്കെ മറന്നു നാപ്‌കിനു ആദ്യമായി നികുതി വന്നെന്ന രീതിയിൽ ജി എസ് ടിയെ വിമർശിച്ചു നടന്നിരുന്നു. ഇതില്‍ തന്നെ നാപ്‌കിനു മുന്നേ ഉള്ള നികുതി അറിയാത്ത പോലെ തന്നെ വേറെ ഒരു അറിവില്ലായ്മ ഉണ്ട്. ഇരുപതു ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ള ചെറുകിട നാപ്‌കിൻ കമ്പനികളുടെ നാപ്‌കിനു ഒരു നികുതിയുമില്ല.
ഇനി നികുതി ഉള്ളത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍.. ഏഴുപത്തി അഞ്ചു ലക്ഷം വരെയാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവെങ്കിൽ അവരുടെ നാപ്‌കിനു 2 % നികുതി കൊടുക്കണം.  അപ്പൊ മുകളില്‍ പറഞ്ഞ 12% നികുതി ആര്‍ക്കു ആണെന്നാവും.അത് ഏഴുപത്തിയഞ്ചു ലക്ഷത്തിനും മുകളില്‍ വാര്‍ഷിക വിറ്റുവരവ് ഉള്ള കമ്പനികളുടെ നാപ്‌കിനുകള്‍ക്ക് ഉള്ളതാണ്.  പറഞ്ഞു വരുമ്പോ ജി എസ് ടി യില്‍ നാപ്‌കിനു നികുതി ഒഴിവാക്കി/ കുറച്ചെങ്കിലും, നികുതിയുടെ പേരും പറഞ്ഞു ജി എസ് ടി യെ വിമര്‍ശിക്കാന്‍ നടക്കുന്നവര്‍ പണിയെടുക്കുന്നത് ആഗോള കുത്തക മുതലാളിമാര്‍ക്ക് ആണെന്ന് പറയേണ്ടി വരും.

ഇത് പഴയ കഥ..
പക്ഷെ പഴയതെങ്കിലും അന്ന് കരഞ്ഞവരൊന്നും ഇപ്പോഴും ഇതൊന്നും അംഗീകരിച്ചിട്ടില്ല എന്നുള്ളത് മറക്കാൻ ആകില്ല. പലരോടും പലതവണ ചോദിച്ചിട്ടുള്ളതാണ്‌ എന്ത്കൊണ്ട് നമ്മുടെ പ്രകൃതിക്ക് അല്ലെങ്കിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത ഒരു രീതി അവലംബിച്ചു കൂടാ എന്ന്. മാർഗം ആയി മുന്നിൽ മെൻസ്റ്റുറൽ കപ്പ് എന്നൊരു ഓപ്ഷൻ കണ്ടു കൊണ്ടാണ് ചോദിച്ചത്. പക്ഷെ അന്ന് കരഞ്ഞ പുരോഗമന വക്താക്കളുടെ മറു ചോദ്യം എങ്കിൽ പിന്നെ തുണി ഉപയോഗിക്കാം അല്ലെങ്കിൽ എന്തെ ചാരമായാലോ എന്നൊക്കെ ആയിരുന്നു. ഈ ചോദ്യം സാനിറ്ററി നാപ്കിൻ വാങ്ങാനും ഉപയോഗിക്കാനും പാങ്ങുള്ളവരോട് ആയിരുന്നു. അപ്പോൾ എന്തെ പാങ്ങില്ലാത്തവർ ഉണ്ടോ എന്നാണോ..? അതെ ഉള്ളു.

രാജ്യത്തെ 88 % സ്ത്രീകൾ ഇന്നും ആർത്തവകാലത്തു തുണിയോ മറ്റു വസ്തുക്കളോ ആണ് ഉപയോഗിക്കുന്നത്. സാനിറ്ററി പാടുകൾ ഉപയോഗിക്കുന്നത് വെറും 12 ശതമാനമാണ. കേരളത്തിൽ 10% സ്ത്രീകൾ ഈ കാലയളവിൽ ശുചിത്വമാർഗങ്ങൾ സ്വീകരിക്കുന്നില്ല. 2015 -16 NFHS സർവ്വേ പ്രകാരം നഗര മേഖലയിൽ 78 ശതമാനവും ഗ്രാമീണ മേഖലയിൽ 48 ശതമാനവും സ്ത്രീകൾ മാത്രമേ ആർത്തവകാലത്തു സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കാറുള്ളൂ. ആർത്തവകാലത്തു ശുചിത്വമില്ലായ്മയിലൂടെ ഒട്ടനവധി അസുഖങ്ങളാണ് ഭാരതത്തിലെ സ്ത്രീകൾക്ക് ഉണ്ടാകുന്നത്. പലപ്പോഴും വന്ധ്യതയ്ക്ക് വരെ കാരണമാകും.

വളരെ കുറച്ചു പേരെ ഉപയോഗിക്കുന്നുള്ളൂ എന്നിരിക്കെ തന്നെ ഏറ്റവും കൂടുതൽ സാനിറ്ററി വെയിസ്റ്റ് ഉണ്ടാകുന്ന ഒരു രാജ്യമാണ് ഇന്ത്യ. മെൻസ്റ്റുറൽ കപ്പ് എന്നത് നമ്മുടെ പ്രകൃതിയോട് ഇണങ്ങുന്ന ഒരു മാർഗം ആണ് ഒപ്പം സാനിറ്ററി നാപ്കിൻ അപേക്ഷിച്ചു ചിലവും കുറവ്. പക്ഷെ..
അതെ അതിനു മുന്നിൽ വലിയ ഒരു പക്ഷെ ഉണ്ട്. ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ള അറിവില്ലായ്മ ഒപ്പം പേടി. സാനിറ്ററി നാപ്കിൻ ഉപയോഗിക്കാത്തവർ അല്ലെങ്കിൽ അതെങ്ങനെ എന്ന് അറിയാത്തരുടെ മുന്നിൽ മെൻസ്റ്റുറൽ കപ്പ് ഒരു മാർഗമേ അല്ല. ഇനി ഇപ്പോൾ അവരെ ബോധവത്കരിപ്പിക്കാം എന്നൊക്കെ പറഞ്ഞാലും 150 രൂപ ഒരുമിച്ചെടുക്കാൻ കഴിയുന്ന സ്ത്രീകൾ എത്ര മാത്രം ഉണ്ടാകും എന്നുള്ളത് വലിയ ഒരു പ്രതിസന്ധി ആണ്. ഈ 150 ചിലവാക്കിയാൽ കുറെ നാളത്തേക്ക് ചിലവ് ഉണ്ടാകില്ല എന്നുള്ളത് സത്യമാണ് പക്ഷെ സാഹചര്യം അതിനു അനുവദിക്കുന്നതല്ല.

അപ്പോൾ ആകെ ഉള്ള മാർഗം ചിലവ് കുറഞ്ഞ നാപ്കിനുകൾ ആണ്. ചെറുകിട വ്യവസായങ്ങൾ വഴി നമ്മുടെ നാട്ടിൽ പലരും അതിനു ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ ലഭ്യത കുറവ് ഒരു വല്യ പ്രശനം തന്നെ ആണ്. ഇതിനോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട് നമ്മുടെ സർക്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് സ്വച്ഛ്‌ ഭാരത്. നേരത്തെ പറഞ്ഞ പോലെ സാനിറ്ററി വെയിസ്റ്റ് ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അപ്പോൾ ഇനി ഉണ്ടാകുന്ന പരിഹാരം അതിനെയും കൂടി ഉൾ കൊള്ളുന്നതാകണം. അതായത് സാധാരണ വിപണിയിൽ കിട്ടുന്ന നാപ്കിൻ പ്ലാസ്റ്റിക് പോലെ ഉള്ള വസ്തുക്കൾ കൊണ്ടാണ് അവ ഒന്നും മണ്ണിൽ കിടന്നാൽ ഒരിക്കലും നശിക്കില്ല. ഇനി ഇപ്പൊ വളരെ ചെറിയ തോതിൽ മാത്രം ഉണ്ടാക്കുന്ന ബയോഡീഗ്രേഡബിൾ അതായത് മണ്ണിൽ അലിഞ്ഞു ചേരുന്ന പാടുകൾ കിട്ടാനും പാടാണ്. സാധാ നാപ്കിക്കിന്റെ വില പോലും താങ്ങാൻ ആകാത്തവർക്ക് ഇതിനെ പറ്റി ആലോചിക്കാൻ കൂടി കഴിയില്ല.

പക്ഷെ നമ്മുടെ കേന്ദ്ര സർക്കാർ ഇത്തരം ആശങ്കൾക്ക് ഒക്കെ വിരാമം ഇട്ടുകൊണ്ട് സുവിധ എന്നൊരു ഉത്പന്നം ഈ പരിസ്ഥിതി ദിനത്തിൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
അപ്പോൾ സുവിധ എന്തെന്നല്ലേ.!!
ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിൻ ആണ് സുവിധ.
സ്വാഭാവികമായും കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുക ഇതിന്റെ വില എന്തെന്നാകും. പ്രകൃതിയോടിണങ്ങിയ ഈ നാപ്കിന്റെ വില വെറും 2 രൂപ 50 പൈസയാണ്. ഒരു പാക്കറ്റിൽ 4 നാപ്കിനുകൾ ലഭിക്കും, പാക്കറ്റിന് 10 രൂപ. സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകളെ ലക്‌ഷ്യം വെച്ചുള്ള ഈ പദ്ധതി, ഇന്ത്യയിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് ഉപകാരപ്പെടും എന്ന് ഉറപ്പ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഉള്ള ജൻഔഷധി ഷോപ്പുകൾ വഴിയാണ് തുടക്കത്തിൽ ഇത് വിതരണം ചെയ്യുന്നത്. പിന്നീട് PDS ( പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം ) അതായത് റേഷൻ കട, സപ്ലൈ കോ പോലെ ഉള്ളവ വഴി വിതരണം തുടങ്ങും എന്നും അറിയുന്നു.

കൃത്യമായി പറഞ്ഞാൽ സുവിധ ഓക്സോ – ബയോഡീഗ്രേഡബിൾ ആണ്. ഉപയോഗ ശേഷം കളയുന്ന നാപ്കിൻ ഓക്സിജനുമായുള്ള സമ്പർക്കം കൊണ്ട് മണ്ണിൽ അലിഞ്ഞു ചേരുന്നു. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന മുന്തിയ ഇനം പാടുകൾ ഒക്കെ ഒരിക്കലും നശിക്കാതെ മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ ആണ്.  നമ്മുടെ രാജ്യത്തെ 88 % വരുന്ന സ്ത്രീകൾക്ക് ഇടയിൽ ഇതൊരു പുതിയ വഴിത്തിരിവ് ആകട്ടെ എന്ന് പ്രാർത്ഥിക്കാം. ഈ സാനിറ്ററി നാപ്കിൻ കാരണം നമ്മുടെ നാട്ടിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ സ്ത്രീകളുടെ സ്വച്ഛ്‌ , സ്വസ്ഥ്യ ,സുവിധ എന്നത് ഫലവത്താക്കട്ടെ