കേരളത്തെ പ്രളയത്തിൽ ആഴ്ത്തിയതാര് ??

കേരളത്തിലെ മഴമൂലമുള്ള പ്രളയങ്ങളുടെ ലഭ്യമായ ഒരു ചരിത്രം കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിൽ പണ്ടുതൊട്ടേ പല ചരിത്രസംഭവങ്ങളും രേഖപ്പെടുത്തുന്ന രീതികൾ കുറവായതിനാൽ നമുക്ക് അത്രയുമൊക്കെയേ അതേപ്പറ്റി അറിയൂ. എങ്കിലും മനസ്സിലാക്കാവുന്ന ഒന്നിതാണ്, കേരളത്തിൽ വലിയ മഴയും വെള്ളപ്പൊക്കവും നദികളുടെ ഗതിമാറ്റവും പുതിയ കാര്യമല്ല. ആ ചരിത്രങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ എനിക്ക് ആദ്യം എഴുതേണ്ടിവന്നത്, നമ്മൾ ചരിത്രത്തിൽ നിന്നും പാഠം പഠിച്ചവരോ അല്ലയോ എന്ന് വിലയിരുത്താൻകൂടിയാണ്.

ഒപ്പം ഈ ഘട്ടത്തിൽ വേറൊരു ചോദ്യം ഉയരുന്നു. ഇപ്പോൾ പലരും ആരോപണങ്ങൾ ഉന്നയിക്കുംപോലെ, കേരളം ഭരിക്കുന്ന സർക്കാർ, ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചതിൽ പ്രതിസ്ഥാനത്ത് വരുന്നോ ഇല്ലയോ?

കേരളം പ്രളയങ്ങളുടെ ചരിത്രമുള്ള നാടാണെന്ന വസ്തുതയോടൊപ്പം പറയേണ്ടിവരുന്നു, ദുരിതങ്ങൾ ഉണ്ടായതിൽ ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് വലിയ പങ്കുണ്ട്. ഈ ദുരിതങ്ങൾ ഭരണകൂടത്തിന്റെ അനാസ്ഥയുടെകൂടി സൃഷ്ടിയാണ്.

ഏറ്റവും പ്രധാനപ്പെട്ട അനാസ്ഥ, കേരളം ചരിത്രത്തെ മറന്നുകളഞ്ഞു എന്നുള്ളതാണ്. ചരിത്രം എന്നും പാഠമാണ്. അത് യുദ്ധങ്ങളെയോ അധിനിവേശങ്ങളെയോ സ്വാതന്ത്ര്യസമരങ്ങളെയോ സംബന്ധിച്ചുമാത്രമല്ല, പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ചും പാഠം തന്നെയാണ്. 1341-ൽ മുസിരിസിനെ ഇല്ലാതാക്കിയ പ്രളയവും, 1790-ൽ ടിപ്പുവിന്റെ സൈന്യത്തെ മുക്കിയ വെള്ളപ്പൊക്കവും 1924-ൽ കേരളം മുഴുവൻ നശിപ്പിച്ച പ്രശസ്തമായ 99-ലെ വെള്ളപ്പൊക്കവും ചരിത്രത്തിന്റെ ഭാഗങ്ങളാണ്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു നാട്ടിൽ ആധുനികമായ ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ ഭരണാധികാരികൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവരെങ്കിൽ, വരാൻ പോകുന്ന ഏതു പ്രകൃതി ദുരന്തവും ഉണ്ടാകാനുള്ള സാധ്യതകളുടെ നേരെ ശാസ്ത്രീയമായ സമീപനം പുലർത്തി അവയിൽ നിന്നും നാടിനെ രക്ഷിക്കാനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നവരായിരിക്കണം. കേരളം, അതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല.

ഇപ്പോഴുണ്ടായ ദുരന്തത്തിൽ കേരളത്തിന്റെ ഭരണസംവിധാനം ഇക്കാര്യത്തിൽ എങ്ങനെ പരാജയപ്പെട്ടു എന്നതിനെപ്പറ്റി ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ സ്‌പെഷ്യൽ സെന്റർ ഫോർ ഡിസാസ്റ്റർ റിസർച്ച് ഒരു റിപ്പോർട്ട് അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ കേരളത്തിന്റെ ഭരണകൂടം ഇത്തരമൊരു ദുരന്തത്തെ നേരിടാൻ എങ്ങനെ തയ്യാറെടുക്കണമായിരുന്നു എന്നുള്ളത് അക്കമിട്ടു നിരത്തുന്നു. അവരുടെ അഭിപ്രായത്തിൽ നമുക്ക് വേണ്ടുന്ന മുൻകരുതലുകൾ പ്രധാനമായി താഴെ പറയുന്നവയായിരുന്നു.

1. പ്രകൃതിദുരന്തത്തിന്റെ ആഘാതമേഖലകളുടെ മുൻകൂട്ടിയുള്ള ഒരു സാധ്യതാമാപ്പ് തയ്യാറാക്കൽ
2. അടിയന്തിര രക്ഷാപ്രവർത്തങ്ങളുടെ ഏകോപനം
3. രക്ഷാ മാർഗ്ഗങ്ങളുടെ മുൻകൂട്ടിയുള്ള അടയാളപ്പെടുത്തൽ
4. അവശ്യ വസ്തുക്കളുടെയും മരുന്നുകളുടെയും സുരക്ഷിതമായ ഒരു ശേഖരം തയ്യാറാക്കിവയ്ക്കൽ.
5. വീട്ടുമൃഗങ്ങലെ രക്ഷിച്ചുനിർത്താനുള്ള ഉയർന്ന പ്രതലങ്ങൾ ഉണ്ടാക്കൽ
6. അടുത്തുണ്ടാകാനിടയുള്ള ദുരന്തങ്ങളെ ആധുനിക സങ്കേതങ്ങളുപയോഗിച്ച് ത്വരിതഗതിയിൽ മനസ്സിലാക്കൽ

ഇപ്പാഞ്ഞ ഒരു മുൻകരുതലും ഭരണകൂടം തയ്യാറാക്കിയിരുന്നില്ല എന്നും ഏർലി വാണിങ് സിസ്റ്റം ഉണ്ടായിരുന്നിട്ടും അതിലെ മുന്നറിയിപ്പുകളെ പരിഗണിച്ചില്ല എന്നും ജെ എൻ യു റിപ്പോർട്ട് പറയുന്നു. ഏർലി വാണിങ് സിസ്റ്റം ഒരു ചിലേടത്ത് പരാജയപ്പെട്ടു എങ്കിലും അതിലെ മുന്നറിയിപ്പുകൾ എടുക്കേണ്ട ഇടങ്ങളിൽ എടുക്കപ്പെട്ടില്ല എന്നുള്ളത് കുഴപ്പങ്ങൾ വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. ഏർലി വാണിങ് സിസ്റ്റം സ്ഥാപിക്കാനും അതിൻറെ റിപ്പയറിങ്ങുകൾക്കുമൊക്കെയായി അനേകം കോടി രൂപാ ചെലവഴിക്കുകയും ചെയ്ത ഒരു സാഹചര്യത്തിൽ ആണിതെന്നോർക്കണം. ചുരുക്കത്തിൽ ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെയുള്ള വ്യക്തമായ ഘടകങ്ങളുള്ള ഒരു ഭരണം വരാൻ പോകുന്ന ദുരന്തങ്ങളെ അപഗ്രഥിച്ചറിയുന്നതിൽ പരാജയപ്പെട്ടു. ഇക്കാര്യത്തിലെ ‘ഹ്യൂമൻ ഫെയിലിയർ’- മനുഷ്യപരാജയം, റിപ്പോർട്ട് പ്രത്യേകം എടുത്തുപറയുന്നുണ്ട്. അതുണ്ടായിരിക്കുന്നത്, ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പികളെ അവഗണിച്ചു കളഞ്ഞതിലൂടെയാണ്.

ഇതുകൂടാതെ, കേരളത്തിലെ ദുരന്തനിവാരണ സംസ്കാരത്തെപ്പറ്റി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി. എ. ജി.) 2017-ലെ റിപ്പോർട്ടിൽ പറയുന്നത് കേരളത്തിന് കേരളത്തിലെ അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട എമര്‍ജന്‍സി ആക്ഷന്‍ പ്‌ളാനിന് ഇതേവരെ രൂപം നൽകാനായിട്ടില്ല എന്നാണ്. സംസ്ഥാനത്തെ വലിയ 61 അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര കര്‍മ്മപദ്ധതിക്ക് കേരളം രുപം നൽകിയിട്ടില്ല എന്നുള്ളതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അണക്കെട്ട് തകരുമ്പോഴോ കൂടുതല്‍ അളവില്‍ വെളളം പുറത്തുവിടുമ്പോഴോ ജീവനും സ്വത്തുവകകള്‍ക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുളളതാണ് കര്‍മ്മപദ്ധതി. ഇതുകൂടാതെ പ്രളയമുന്നറിയിപ്പുകേന്ദ്രം കേരളത്തിന് സ്ഥാപിക്കാനായിട്ടില്ല എന്നും സി എ ജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. അതായത് സംസ്ഥാനത്ത് ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റെവിടെയും ഉള്ളപോലെ സി എ ജിയും പരാമർശിക്കുന്നു. അത്തരം ഒരിടത്ത് അവശ്യം വേണ്ടുന്ന ഒരു നടപടിയും സംസ്ഥാനം കൈക്കൊണ്ടിട്ടില്ല എന്നും മനസ്സിലാക്കാനാകുന്നു. അണക്കെട്ട് തകരുമ്പോള്‍ വെളളമൊഴുകാന്‍ സാധ്യതയുളള പ്രദേശങ്ങളുടെ വിവരങ്ങള്‍, പ്രളയ ഭൂപടം, അടിയന്തര അറിയിപ്പ് സംവിധാനം, ആശയവിനിമയം, വെളളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കല്‍ തുടങ്ങിയവയില്‍ സംസ്ഥാനത്തിനു വ്യക്തമായ ധാരണയില്ല എന്ന് റിപ്പോർട്ട് കൃത്യമായി വിലയിരുത്തുന്നുണ്ട്.

ഇനി നമുക്ക് മുൻകാലങ്ങളിലെ വലിയ ദുരിതങ്ങളുമായി ഇപ്പോഴത്തെ ദുരന്തത്തെ തട്ടിച്ചുനോക്കാം. ഇന്ന്, പല പത്രങ്ങളുടെയും ഓൺലൈൻ പേജുകളിൽ 1924 -ലെ പ്രളയത്തിന്റെ ചരിത്രം അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിലെ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്നുണ്ട്. അതിൽ ശ്രദ്ധിക്കേണ്ട കാര്യം 1924-ലെ വലിയ മഴയും വെള്ളപ്പൊക്കവും ഏതാണ്ട് ഒരു മാസത്തിൽ അധികം നിന്നു എന്നുള്ളതാണ്. അതായത്, പല ഇടങ്ങളും ഒരു മാസത്തോളം മഴയിൽ ആയിരുന്നു, വെള്ളത്തിനടിയിലും. ഇന്നത്തെപ്പോലെ റോഡുകൾ ഇല്ലാത്ത, ഇന്നത്തെ അത്രയും വനംകയ്യേറ്റവും കുടിയേറ്റവും ഇല്ലാത്ത, ഇന്നത്തത്ര നല്ല വീടുകൾ ഇല്ലാത്ത, ഇന്നാത്തത്ര വാഹനങ്ങളോ, വാർത്താവിനിമയോപാധികളോ, സാങ്കേതികതയോ ദുരന്തനിവാരണപരിശീലനങ്ങളോ ഇല്ലാത്ത ആ കാലത്ത് മഴ ഒരു മാസത്തിലധികം നിൽക്കുകയും ദുരന്തം വിതയ്ക്കുകയും ചെയ്തു.

2018 ആഗസ്റ്റിലെ പ്രളയമഴ ഒരാഴ്ചയാണ് കനത്തുപെയ്തതെന്നുള്ളതാണ് വാസ്തവം. ഈ ഒരാഴ്ചത്തെ മഴയെപ്പോലും ഒരു മാസം പെയ്തുകൊണ്ടു ദുരിതം വിതച്ച 1924-ലെ മഴയുമായി താരതമ്യം ചെയ്യുന്ന വിധത്തിൽ മലയാളി ഇപ്പോൾ ദുരിതം അനുഭവിച്ചു എന്ന് കാണാനാകും.

വാസ്തവത്തിൽ, ഇത്രയ്ക്കും ദുരിതം നമ്മൾ അനുഭവിക്കണമായിരുന്നോ?

വേണ്ടായിരുന്നു എന്നുള്ളതാണുത്തരം. ആദ്യത്തെ കാര്യംതന്നെ, പ്രകൃതി ദുരന്തങ്ങളുമായി നേരിട്ടിടപെടുന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ പോലും സർക്കാരിന് കാണാൻ കഴിഞ്ഞില്ല എന്നുള്ളതാണ്. അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ വിദഗ്ധനായ ഒരു മലയാളി ഇത്തവണത്തെ മഴസമയത്ത്, ജൂലൈയിൽത്തന്നെ, വലിയ മഴ വന്നാൽ കേരളം അതെങ്ങനെ നേരിടും എന്നും അക്കാര്യത്തിൽ നമ്മൾ എന്തൊക്കെ വേണമെന്നും ഒക്കെ ചിന്തിപ്പിക്കുന്ന ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴത്തെ മഴയ്ക്ക് മുൻപ്, അവസാനമായി ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടിവന്നത് 2013-ലെ വലിയ മഴയ്‌ക്കാണ്‌. കേരളത്തിൽ ഒരു വലിയ വെള്ളപ്പൊക്കം ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ് 2013-ൽ അദ്ദേഹം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 28-നു അദ്ദേഹം ഇട്ട പോസ്റ്റിൽ, വെള്ളപ്പൊക്കമുണ്ടായാൽ ആലുവയിൽ നദിയുടെ കരയിൽനിന്നും ഒരു കിലോമീറ്റർ അകലെവരെപ്പോലും പ്രളയജലമെത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ വെള്ളപ്പൊക്കസമയത്ത് തുറന്നാൽ പ്രളയം എങ്ങനെ ആയിരിക്കും പെരിയാറിന്റെ ഇരുകരകളെയും ബാധിക്കുക എന്നുള്ള തന്റെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്യുന്നത്.

അതായത്, ഉണ്ടായ പ്രളയം മുൻകൂട്ടി കാണാൻ പറ്റാത്ത ഒന്നല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും സിനിമാതാരങ്ങളും ഒക്കെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു പ്രൊഫൈലിന്റെ ഉടമ പ്രളയത്തിന് ഏതാനും നാളുകൾ മുൻപേ നൽകിയ മുന്നറിയിപ്പാണ് ഭരണാധികാരികൾ പരിഗണിക്കാനുള്ള മനസ്സ് കാണിക്കാതിരുന്നത്. ഇടുക്കി ഡാമിൽ 2392 അടി വെള്ളം നിറഞ്ഞപ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകുന്നത്. അതിൽ പ്രത്യേകം പറയുന്നു, ജലനിരപ്പ് 2400 അടിയിൽ എത്തിയാൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന്. അതല്ലാം അതേപോലെ സംഭവിച്ചു.

കേരളത്തിലെ മഴയുടെ സ്വഭാവം കൃത്യമായി അറിയാവുന്ന ജലസേചനവകുപ്പിനോ കേരളത്തിലെ ഡാമുകളുടെ ചുമതലയുള്ള കേരളത്തിന്റെ വൈദ്യുതിവകുപ്പിനോ, 2392 അടി ഉയരത്തിൽ ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞപ്പോൾ പ്രവചനസ്വഭാവത്തോടെ അദ്ദേഹം നൽകിയ മുന്നറിയിപ്പിനെ പരിഗണിക്കാനായില്ല. അദ്ദേഹം അത് പറയുന്നത് പ്രവചനം എന്ന നിലയ്ക്കായിരുന്നില്ല. മറിച്ച്, ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ലോകം മുഴുവൻ ഓടിനടക്കുന്ന ഒരു വിദഗ്ദ്ധൻ താൻ പഠിച്ച കാര്യങ്ങളെ അപഗ്രഥിച്ച് നൽകിയ ഒരു മുന്നറിയിപ്പായിരുന്നു.

മെയ് മാസം തൊട്ടു കേരളത്തിൽ പലയിടത്തും കനത്ത മഴയാണ് ഉണ്ടായിരുന്നത്. വയനാടൊക്കെ ആ സമയത്ത് ഒരുതവണ തകർന്നടിയുകയും ചെയ്തു. അതായത്, കേരളത്തിൽ മഴ പെയ്യിക്കാൻ പാകത്തിൽ ദക്ഷിണസമുദ്രത്തിലോ ബംഗാൾ ഉൾക്കടലിലോ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ തുടരെത്തുടരെ ഉണ്ടാകുകയായിരുന്നു. അങ്ങനെ ഉള്ളപ്പോൾ, മഴ കൂടുതൽ പെയ്യുമെന്നും ആ മഴ തുടരുന്നപക്ഷം ഡാമുകൾ അപകടസ്ഥിതിയാൽ ആകുന്ന വിധത്തിൽ നിറയുമെന്നും മനസ്സിലാക്കാൻ സർക്കാർ വകുപ്പുകൾക്ക് കഴിയാതെപോയി. മെയ് തൊട്ട് കേരളത്തിലെ മഴ ഏതെങ്കിലും ഇടത്തിൽ മാത്രമായി കേന്ദ്രീകരിച്ചതായിരുന്നില്ല, മറിച്ച്, സംസ്ഥാനം മൊത്തത്തിൽ പെയ്യുകയായിരുന്നു. അങ്ങനെ പെയ്യുന്ന മഴ കൂടുതൽ നാളുകൾ തുടർന്നാൽ വൃഷ്ടിപ്രദേശങ്ങളിൽ ജലസാന്നിധ്യം അതിയായി വർദ്ധിക്കുകയും ഡാമുകളിൽ ആ ജലം ശേഖരിക്കപ്പെടുകയും ചെയ്യും.

മുല്ലപ്പെരിയാർ തുറക്കേണ്ടിവന്ന സാഹചര്യം ഇതിനോട് ചേർത്തുവായിക്കണം. ജൂലൈ മാസത്തിൽ മുല്ലപ്പെരിയാർ തുറക്കുന്ന കാര്യം ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. തമിഴ് നാട്ടിൽ മെയ് മാസം മുതൽ, വടക്കൻ പ്രദേശങ്ങളിൽ ഒഴികെ മഴ ലഭിക്കുന്നുണ്ടായിരുന്നു. സേലം പോലുള്ള ഇടങ്ങളിൽ മെയ് 14 തൊട്ട് മഴ ലഭിച്ചുതുടങ്ങി. കേരളാ തമിഴ്‌നാട് അതിർത്തിയിലെ തമിഴ്‌നാട് ഭാഗത്തുള്ള ജലാശയങ്ങൾ ജൂണിൽ നിറഞ്ഞിരുന്നു. ആ മഴ ജൂലൈയിൽ തുടർന്ന് പെയ്യുമ്പോൾ, തമിഴ്‌നാടിനോട് ചേർന്ന് ഇടുക്കിയിലുള്ള മുല്ലപ്പെരിയാറിലും ജലം നിറയുമെന്നും സ്വാഭാവികമായും മനസ്സിലാക്കേണ്ടതാണ്. ജൂലൈ മാസം മുഴുവനും തമിഴ്‌നാട് പരമാവധി വെള്ളം മുല്ലപ്പെരിയാറിൽ നിന്നും എടുത്തതിനാൽ ചെറിയ ഡാമായിട്ടും അത് നിറഞ്ഞിരുന്നില്ല. പക്ഷേ, ഓഗസ്റ്റിൽ മഴ ക്രമാതീതമായി വർദ്ധിച്ചപ്പോൾ, മുല്ലപ്പെരിയാർ തുറക്കുന്ന സ്ഥിതി സംജാതമായി. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ, ജലം നിറഞ്ഞാൽ ഡാമിൽനിന്നും ജലം ഒഴുക്കേണ്ട ഷട്ടറുകൾ കേരളത്തിലെ പെരിയാറിലേക്ക് വെള്ളം പോകുന്ന രീതിയിൽ ആണ് തുറക്കപ്പെടുക. അങ്ങനെയാണ് അതിന്റെ രൂപകൽപ്പന. തമിഴ്നാട്ടിലേക്കാകട്ടെ ഒരു തോടും പെൻസ്‌റ്റോക്കുകളും വഴിയാണ് ജലം കൊണ്ടുപോകാനാകുക. അവരുടെ ജലമെടുക്കാനുള്ള പരമാവധി അളവിന് അതിനാൽത്തന്നെ പരിധിയുണ്ട്. ആ പരിധിക്കപ്പുറം വെള്ളം നിറഞ്ഞാൽ, മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയേ നിവൃത്തിയുള്ളൂ. ആ വെള്ളം വരുന്നതാകട്ടെ, ഇടുക്കി അണക്കെട്ടിലേക്കും. ഫലമോ? ചെറുതോണിയുടെ ഷട്ടറുകളിലൂടെ വെള്ളം നേര്യമംഗലവും ഭൂതത്താൻ കെട്ടും പെരുമ്പാവൂരും കാലടിയും ആലുവയും കടന്ന് മുനമ്പത്തെ അഴിമുഖം ലക്ഷ്യമാക്കി പോകണം. മുല്ലപ്പരിയാർ തുറക്കാൻ തമിഴ്‌നാട് അലേർട്ട് നൽകിയിരുന്നില്ല എന്നുള്ള ആരോപണം ഇപ്പോൾ ഉയരുന്നുണ്ട്. പക്ഷേ, മുല്ലപ്പെരിയാർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപേ, തമിഴ്‌നാട് മുന്നറിയിപ്പ് നൽകുകയുണ്ടായി.

ചെറുതുണിയുടെ ഷട്ടറുകൾ തുറക്കുമ്പോൾ മഴ ഉണ്ടായിരുന്നത് ഇടുക്കി ഡാമിന്റെ പ്രദേശങ്ങളിൽ മാത്രമല്ല, മുഴുവൻ ഹൈറേഞ്ചും എറണാകുളം ജില്ലയും പിന്നെ കേരളം മുഴുവനുമാണ്. എറണാകുളം ജില്ലയിലെയും ഇടുക്കി ജില്ലയിലെയും നല്ലൊരു ഭാഗം പ്രദേശങ്ങളിൽ പെയ്യുന്ന മഴ പെരിയാറിലേക്കാണ് പോകുന്നത്. ഡാം തുറന്ന ഒപ്പം അത്രക്കധികം മഴയും ഉണ്ടായിരുന്നത് പ്രളയജലം വൻതോതിൽ വരാൻ കാരണമായി.

ഇവിടെ അവഗണിക്കപ്പെട്ടത് രണ്ടു കരുതലുകൾ ആണ്. ഒന്ന്, വലിയ മഴയുടെ സാധ്യതയും മുല്ലപ്പെരിയാറും അതേപോലെ ഇടമലയാർ ഡാമും തുറക്കുന്ന സാഹചര്യവും മുന്നിൽ കണ്ടുകൊണ്ട്, ചെറുതോണി അണക്കെട്ടിലെ വെള്ളം ഷട്ടറുകൾ തുറന്ന് ജൂലൈയിൽ തൊട്ടേ കുറെയായി ഒഴുക്കി ജലനിരപ്പ് കുറച്ചുനിർത്തുക. മറ്റൊന്ന്, പ്രളയസാധ്യതയുള്ള ഇടങ്ങളായ കാലടി, ആലുവ പ്രദേശങ്ങൾ, ചാലക്കുടിപ്പുഴയുടെ തീരങ്ങൾ എന്നിവയിൽനിന്നൊക്കെ ജനങ്ങളെ ഒന്നുകിൽ മാറ്റാനോ, അല്ലെങ്കിൽ ജനങ്ങൾക്ക് പ്രളയം വന്നാൽ നേരിടേണ്ട കാര്യങ്ങളെപ്പറ്റി അവബോധം നൽകുകയോ ചെയ്യുക. രണ്ടും ഉണ്ടായില്ല.

കേരളത്തിൽ ഇപ്പോഴും പ്രളയവും ദുരിതവും ഒഴിയാതെ നിൽക്കുന്ന ഇടമാണ് ചെങ്ങന്നൂർ. പമ്പാനദിയിലെ ജലമൊഴുക്കാണ് അതിനു കാരണം. പമ്പയിലെ അണക്കെട്ടുകൾ തുറക്കുമ്പോൾ, അത് ജനങ്ങൾ അറിഞ്ഞിരുന്നില്ല. മുന്നറിയിപ്പുകളും ട്രയൽ റൺ ചർച്ചകളും മാധ്യമങ്ങളുടെ സംസാരവും എല്ലാം ചെറുതോണി അണക്കെട്ടിനെപ്പറ്റി ആയിരുന്നു. ചെങ്ങന്നൂർക്കാരും ആശങ്കപ്പെട്ടത് ചെറുതോണിയെപ്പറ്റി.
സ്വന്തം തലയ്ക്കുമുകളിൽ വലിയ അപകടം കാത്തുനിന്നിരുന്ന അറിഞ്ഞില്ല. അതിനാൽ പലരും ഉറങ്ങിക്കിടക്കുമ്പോൾ വെള്ളം വന്നു നിറയുന്ന അവസ്ഥയുണ്ടായി. വളരെ താണ ഇടങ്ങളും കയറ്റിയിറക്കം കുറഞ്ഞ ഭൂമിയും ആയതിനാൽ ആ ഇടങ്ങൾ ഒറ്റയടിക്ക് വെള്ളത്തിൽ മുങ്ങിപ്പോയി. വൈദ്യതി പോസ്റ്റിന്റെ ഉയരത്തിൽ നിറയുന്ന വെള്ളം ഒറ്റനില വീടുകളെ പൂർണമായി മുക്കിക്കളഞ്ഞു. ചെങ്ങന്നൂരിന് ഇനിയും അവിടത്തെ ദുരിതത്തിന്റെ ശരിയായ വ്യാപ്തി കണക്കാനായിട്ടില്ല. ജനങ്ങൾക്ക് വേണ്ടുന്ന മുന്നറിയിപ്പുകൾ നൽകാനാകാത്ത ഭരണകൂടം ചെങ്ങന്നൂരിലെ നിരവധി പേരെ ദുരിതത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടു. അതിലും വലിയ അനാസ്ഥയാണ്, രക്ഷിക്കാൻ ഉള്ള ദൗത്യസംഘങ്ങളെ സമയത്ത് ആ ധർമ്മം ഏൽപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ച. സി പി എമ്മിന്റെ അടിയുറച്ച പ്രവർത്തകനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ അടുത്ത ആളുമായി അവിടത്തെ എം എൽ എ സജി ചെറിയാൻ ദുരന്തനിവാരണത്തിനായി സൈന്യത്തെ വിളിക്കാൻ പറഞ്ഞു നിലവിളിച്ചെങ്കിൽ, അത് കാണിക്കുന്നത് ചെങ്ങന്നൂരിലെ ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനഭരണകൂടത്തിനുണ്ടായ കനത്ത വീഴ്ചയെയാണ്.

സംസ്ഥാനഭരണകൂടത്തിന്റെ അതിക്രൂരമായ അനാസ്ഥയുടെ ഇരയാണ് വയനാട് ജില്ല. ബാണാസുരസാഗർ അണക്കെട്ട് തുറക്കുന്ന വിവരം ജില്ലാ കളക്റ്റർ പോലും തുറന്ന് ശേഷമാണ് അറിയുന്നത് എന്ന് പറയുമ്പോൾ, ജില്ലയുടെ ഭരണവും ജനങ്ങളുടെ ദുരിതം കുറയ്ക്കാനുള്ള നടപടികൾ കൈയാളുന്ന ആളുമായ, മജിസ്റ്റീരിയൽ പവറുള്ള കളക്റ്ററുടെ അറിവിൽപ്പോലുംപെടാതെ ആര് എങ്ങനെ കാര്യങ്ങൾ തീരുമാനിച്ചു എന്നുള്ള ചോദ്യം ഉയരുന്നു. ഡാമുകൾ പലതും വൈദ്യതിവകുപ്പിന്റെ ആയതിനാൽ വൈദ്യതി വകുപ്പിന്റെ തലപ്പത്തുള്ളവർ, പ്രത്യേകിച്ചും മന്ത്രിതന്നെയാണ് അവിടെ പ്രതിക്കൂട്ടിൽ വരിക. ഭരണത്തെ ഇത്തരത്തിൽ കയറൂരി വിട്ടിരിക്കുന്ന മുഖ്യമന്ത്രിക്കും ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തം ആണുള്ളത്. വനം വകുപ്പ് മന്ത്രി രാജു ജർമ്മനിയിലേക്ക് പോയപ്പോൾ ചുമതല സംസ്ഥാനത്തെ മറ്റൊരു മന്ത്രിയായ തിലോത്തമനെ ഏൽപ്പിച്ചു. ചട്ടപ്രകാരം അത് പാടില്ല. അതിനുള്ള ചുമതല മുഖ്യമന്ത്രിക്കാണ്. ചട്ടം അങ്ങനെയല്ല എന്നറിയാത്തവരല്ല ഇവിടത്തെ മന്ത്രിമാർ. മൊത്തത്തിൽ ഭരണത്തിന്റെ ചിത്രം അനാസ്ഥയുടേതും അരാജകത്വത്തിന്റെയുമാണ്.

1924-മായി തട്ടിച്ചുനോക്കുമ്പോൾ പല വിധത്തിൽ നമുക്ക് ദുരന്തം ഒഴിവാകുകയായിരുന്നു വേണ്ടത്. ഒന്നാമതേ, ആദ്യമേ പറഞ്ഞപോലെ, 1924-ലെ അത്രനാൾ ഇത്തവണ മഴ നിന്നുപെയ്തിട്ടില്ല. രണ്ടാമത്, അന്നില്ലാത്ത ചിലത് ഇന്നുണ്ട്. പ്രധാനം ഡാമുകൾ. ഡാമുകൾ വെറുതെ വെള്ളം ശേഖരിക്കാൻ മാത്രമല്ല, വെള്ളപ്പൊക്കത്തെ തടയാൻ കൂടിയാണ്. കേരളത്തിലെ മിക്ക വലിയ ഡാമുകൾക്കും വെള്ളപ്പൊക്കത്തെ തടയാനുമുള്ള ശേഷിയുണ്ട്. അക്കാരണത്താൽ, എല്ലാ വർഷവും ഉണ്ടാകേണ്ടുന്ന വലിയ വെള്ളപ്പൊക്കങ്ങൾ ഡാമുകൾ മൂലം ഒഴിവാകുന്നു. വെള്ളപ്പൊക്ക ദുരന്തങ്ങളെ അത്തരത്തിൽ ഒഴിവാക്കണം എങ്കിൽ, അത് ഡാമുകളിൽ വെള്ളം ശേഖരിച്ചുമാത്രമല്ല, ക്രമമായി അവയിൽനിന്നും ജലം ഒഴുക്കിക്കളഞ്ഞുകൂടി ആയിരിക്കണം. കേരളത്തിന്റെ വൈദ്യതിവകുപ്പിനും അതിന്റെ ഭരണാധികാരികൾക്കും ഡാമുകളിലെ ജലം കളയാൻ ഒട്ടും മനസ്സില്ലായിരുന്നു എന്നുള്ളതാണ് വാസ്തവം. അവർ അതിലെ വെള്ളത്തെ അളന്നത് ക്യൂമെക്‌സിലല്ല, മറിച്ച്, ജലത്തിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ വിലയുടെ അളവിലാണ്. എത്ര ഘനയടി വെള്ളം നഷ്ടപ്പെട്ടു എന്നല്ല, എത്ര രൂപയ്ക്കുള്ള വൈദ്യതി ഉത്‌പാദനം നടത്താനുള്ള ജലം നഷ്ടപ്പെട്ടു എന്നാണവർ കണക്കാക്കിയത്. വൈദ്യതി വകുപ്പ് എൺപത് കോടി രൂപ ലാഭിച്ചപ്പോൾ ജനങ്ങൾക്ക് പതിനായിരം കോടികളുടെ നഷ്ടം.

ആ ദുരിതപ്പുഴയുടെ നടുവിൽ ജനങ്ങൾ മുങ്ങിത്താഴുമ്പോൾത്തന്നെ വൈദ്യതിവില വർദ്ധിപ്പിച്ചത് എന്ത് ജനസേവനം ലാക്കാക്കിയാണെന്ന് മനസ്സിലാകുന്നതേയില്ല.

നാല്പത്തിനാല് നദികൾ ഉള്ള നാടാണ് കേരളം, കൂടാതെ കായലുകളും നീണ്ട കടൽത്തീരവും എല്ലാം ഉണ്ട്. അതായത് നമ്മുടെ ചുറ്റും വാസ്തവത്തിൽ ജലമാണ്. എന്നുവച്ചാൽ, ഏതു നിമിഷവും ഒന്നല്ലെങ്കിൽ മറ്റൊരുതരം ജലദുരന്തം- അത് വെള്ളപ്പൊക്കം ആകാം, സുനാമിയാകാം, ഉരുൾപൊട്ടൽ ആകാം- നേരിടേണ്ടി വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. വാട്ടർ ബോംബുകൾക്ക് മേലെ വസിക്കുന്നവർ ആണ് നാം എന്ന് പറയേണ്ടിവരുന്നു.
അത്തരം ഒരു നാട്ടിൽ ജലദുരന്തങ്ങൾ ഉണ്ടായാൽ നേരിടേണ്ട മിനിമം കരുതലുകൾ എങ്കിലും നമുക്കുണ്ടോ എന്നുള്ള ചോദ്യം ഉയരുന്നു. നമ്മുടെ റെസ്ക്യൂ ഫോഴ്‌സുകൾ ആയി പ്രവർത്തിക്കേണ്ട പോലീസിനും ഫയർഫോഴ്സിനും ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനങ്ങൾ, ജാക്കറ്റുകൾ, റോപ്പുകൾ, ഹെലികോപ്പ്ടറുകൾ, റബ്ബർ ബോട്ടുകൾ എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യം. അവയില്ലാതെ പോകുന്നത്, അതിനുള്ള നയം നമുക്കില്ലാത്തതിനാൽ ആണ്. തട്ടേക്കാട് ബോട്ടപകടത്തിൽ ഇരുപതോളം കുട്ടികൾ മരിച്ചപ്പോൾ കേരളം കരഞ്ഞു. പക്ഷേ, ആ അപകടം ഉണ്ടാക്കിയ തരത്തിലുള്ള വഞ്ചികളിൽത്തന്നെയല്ലേ ഇപ്പോഴും പലയിടത്തും കുഞ്ഞുങ്ങളും വലിയവരും പുഴകളും കായലുകളും കടക്കുന്നതും ചില സമയങ്ങളിൽ ഉല്ലാസയാത്രകൾ നടത്തുന്നതും. ഒന്നോർക്കൂ, കടലിനെ കീറിമുറിച്ച്. വേഗതയിൽ മുന്നോട്ടുപോകേണ്ട ഫിഷിങ് ബോട്ടുകളുടെ ആകൃതി തന്നെയല്ലേ, ഇവിടത്തെ യാത്രാബോട്ടുകൾക്കും? ജനങ്ങൾ നിറഞ്ഞാൽ അത്തരം ബോട്ടുകൾ മറിയാം. ആളുകൾ കുത്തിനിറയുന്ന ആ ബോട്ടുകൾ അപകടസാധ്യത കൂടിയവയല്ലേ? അങ്ങനത്തെ അല്ലാത്ത, കീഴ്ഭാഗം കൂടുതൽ പരന്ന ആകൃതിയുള്ള, അപകടസാധ്യതകൾ കുറവായ ബോട്ടുകൾ വിദേശങ്ങളിൽ കണ്ടിട്ടുണ്ട്. അത്തരം യാനങ്ങളാണ് ജനങ്ങളുടെ യാത്രക്ക് നല്ലതെന്നു ചിന്തിക്കാൻ ഇവിടെ പറ്റാതെ പോകുന്നത് വീക്ഷണങ്ങളുടെയും നയങ്ങളുടെയും കുറവുമൂലമാണ്. കുമാരനാശാന്റെ മരണം കഴിഞ്ഞിട്ട് നൂറ്റാണ്ടാകാറായി. പക്ഷേ, അപകടരഹിതമായ ആകൃതിയുള്ള ഒരു യാത്രായാനം കേരളത്തിലെ ജലാശയങ്ങളിൽ വേണമെന്ന് ഭരിക്കുന്നവർക്ക് ചിന്തിക്കാനാകുന്നില്ല.

ഡാമുകൾ തുറന്നുവിട്ടാൽ എന്താണ് സംഭവിക്കുക എന്നറിയാത്ത ഒരു ദുരന്തനിവാരണ അതോറിറ്റിയാണ് കേരളത്തിലുള്ളതെന്ന് ഏഷ്യാനെറ്റ് കൊടുത്ത വാർത്ത റിപ്പോർട്ടിൽ കാണുന്നു. വാസ്തവമാണ് പറയുന്നതെന്ന് ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് മനസ്സിലാക്കാനാകും. അമിതമായ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിന്റെ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും. വെള്ളം പൊങ്ങിയാലും ‘ദാ ഇത്രേയുള്ളൂ, വേറെ കുഴപ്പമൊന്നും ഉണ്ടാകില്ല’ എന്നുള്ള മനോഭാവമാണ് മന്ത്രി എം എം മണിയും ഭരണകൂടവും സ്വീകരിച്ചത്. ദുരന്തനിവാരണ അതോറിറ്റിക്കാകട്ടെ മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നുമില്ല. ഇതിനു പുറമെയാണ് ഡാം മാനേജ്‌മെന്റിലെ പിഴവുകൾ. ഇടതുപക്ഷത്തെതന്നെ നേതാക്കളും എം എൽ എ മാരും ഡാമുകൾ തുറക്കുന്ന സമയം തെരഞ്ഞെടുത്തതിൽ പിഴവുകൾ പറ്റിയെന്നും മുന്നറിയിപ്പില്ലാത്തെ ഡാമുകൾ തുറന്നുവിട്ടതിനാൽ ദുരന്തമുണ്ടായി എന്നും ഇപ്പോൾ തുറന്നുപറയുന്നുണ്ട്. ബാണാസുര സാഗർ തുറന്ന വിവരം സർക്കാർ സംവിധാനങ്ങൾ അറിഞ്ഞില്ല എന്ന് ചീഫ് സെക്രട്ടറി ടോം ജോസ് തുറന്നു പറയുന്നു. ഒരു ചീഫ് സെക്രട്ടറി പോലും സ്വന്തം സർക്കാരിലെ ഒരു വകുപ്പിന്റെ പിഴവിനെപ്പറ്റി ഇത്രയ്ക്കും തുറന്നു സംസാരിക്കുന്നു എങ്കിൽ, ഉണ്ടായ പിഴവ് വളരെ വലിയതാണ്. അതിന്റെ എല്ലാം അർഥം ഇതാണ്. 2018 ഓഗസ്റ്റിൽ ഇപ്പോൾ കേരളം അനുഭവിക്കുന്ന പ്രളയദുരന്തം മനുഷ്യനിർമ്മിതമാണ്, അഥവാ ഭരണകൂടനിർമ്മിതമാണ്.

ഒരു ഡാം തുറന്നുവിട്ടാൽ അതിന്റെ പ്രദേശത്തുനിന്നും പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളിൽ എത്താൻ ഏതാനും മണിക്കൂറുകൾ എടുക്കും. മൂന്നുതൊട്ട് ആറു മണിക്കൂർ വരെ സമയം എന്ന് സാമാന്യേന പറയാം. പമ്പയിലെ ഡാമുകൾ തുറന്ന്നുവിട്ടശേഷം ആറന്മുളയിലും തിരുവല്ലയിലുമൊക്കെ വെള്ളം പൊങ്ങണമെങ്കിൽ മിനിമം മൂന്നുമണിക്കൂർ സമയം ആവശ്യമാണ്. ഡാം തുറന്നുവിട്ട ഉടനെ എങ്കിലും മുന്നറിയിപ്പുകൾ നൽകിയിരുന്നു എങ്കിൽ ജനങ്ങൾക്ക് വീടുകളിൽ വെള്ളം കയറിയ ശേഷം മാത്രം കാര്യം മനസ്സിലാക്കുന്നതിൽ നിന്നും രക്ഷപ്പെടാമായിരുന്നു. വെള്ളം കണ്ടാൽ ഓടി രക്ഷപ്പെടാമല്ലോ എന്ന് വേണമെങ്കിൽ പറയാം. ആർക്കൊക്കെ എന്നുള്ള ചോദ്യവും ഉദിക്കുന്നു. അത്യാവശ്യം ആരോഗ്യം ഉള്ളവർക്കു മാത്രമാണ് അങ്ങനെ രക്ഷപ്പെടാനാകുക. വൃദ്ധർ, കുട്ടികൾ, രോഗികൾ, ഗർഭിണികൾ, വികലാംഗർ, കുട്ടികൾ തുടങ്ങിയവർ എളുപ്പം രക്ഷപ്പെടണം എന്നില്ല. മാത്രവുമല്ല, പെട്ടെന്ന് വെള്ളം പൊങ്ങിയതായി മനസ്സിലാക്കി ജീവനും കൊണ്ട് ഓടുമ്പോൾ വളർത്തുമൃഗങ്ങളെ അഴിച്ചുവിടാൻ പോലും പറ്റിയിട്ടില്ല. ആയിരക്കണക്കിൽ പശുക്കളും ഓമനമൃഗങ്ങളും ചത്തൊടുങ്ങി. കെട്ടിയിട്ട പശുക്കളും ആടുകളും നായ്ക്കളും കൂടുകളിൽക്കിടന്ന നായ്ക്കളും ചത്തിരിക്കുന്നു. വേണമെന്നു വച്ചാലും പെട്ടെന്നുയരുന്ന വെള്ളത്തിൽനിന്നും അവയെ രക്ഷിക്കാൻ ജനങ്ങൾക്ക് പറ്റാതെപോയി.

വില്യം ഷേക്സ്പിയറുടെ പ്രശസ്തമായ മാക്ബത്ത് നാടകത്തിലെ ഒരു രംഗം ഇവിടെ അനുസ്മരിക്കാൻ തോന്നുന്നു. ഡങ്കൻ രാജാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അതിനുപയോഗിച്ച കത്തി കഴുകിയ ലേഡി മാക്ബത്തിന്റെ മനസ്സിൽ ആ പാപഭാരം മനസ്താപമായി കടന്നുകൂടി അവർക്കു സോമ്നാമ്പുലിസം ബാധിക്കുന്നു. ഒരു സ്വപ്നാടകയായി മാറുന്ന മാക്ബത്ത് പ്രഭ്വി പിന്നീടുള്ള രാത്രികളിൽ നിരന്തരം എഴുന്നേൽക്കുകയും ആ വൃദ്ധന്റെ ചോര കൈകളിൽ നിന്നും പോകുന്നില്ലല്ലോ എന്ന് പരാതിപ്പെട്ടുകൊണ്ട് കൈകൾ തുടരെത്തുടരെ കഴുകുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങളെ പ്രളയജലത്തിൽ മുക്കിക്കൊല്ലാൻ പാകത്തിൽ ഭരണപ്പിഴവ് സൃഷ്ടിച്ച സംസ്ഥാനസർക്കാരിന് അതിൽനിന്നും ഒഴിയാനാകില്ല. ലേഡി മാക്ബത്തിൽ നിന്നും മനോവിഭ്രാന്തിയിൽ ഉണ്ടായ രോദനങ്ങൾ തന്നെയാണ് ഇപ്പോൾ പല സി പി എം നേതാക്കളിൽനിന്നും എംഎൽഎമാരിൽനിന്നും കേട്ടുകൊണ്ടിരിക്കുന്നത്. എൺപതുകോടി രൂപാ ലാഭിക്കാനായി ഡാം സുരക്ഷകളെയും മുന്നറിയിപ്പുകളെയും അവഗണിച്ച ഭരണകൂടത്തിലെ ആളുകൾക്ക് ഇനി വരുന്ന നാളുകളിൽ പല രാവുകളിലും വിലപിച്ചുകൊണ്ട് കൈകൾ കഴുകേണ്ടിവരും. സംസ്ഥാനം അനുഭവിക്കുന്ന ഇനിയും തീരാത്ത ദുരിതങ്ങളുടെ പേരിൽ അവർക്ക് കേരളത്തോട് ക്ഷമ ചോദിക്കേണ്ടിവരും.

ദുരിതം സംബന്ധിച്ച മുന്നറിയിപ്പുകൾ കിട്ടിയാൽ മുൻകൂട്ടി കണ്ട് ആളുകളെ ഒഴിപ്പിക്കുന്നതും ജനങ്ങളുടെ മരണവും ദുരിതവും കുറയ്ക്കുന്നതും അത്ര എളുപ്പത്തിൽ സാധ്യമാണോ എന്നൊരു ചോദ്യം വേണമെങ്കിൽ മലയാളിക്ക് ചോദിക്കാം. പക്ഷേ, 1990-കൾക്ക് ശേഷം നിരവധി സൈക്ളോണുകൾ ഉണ്ടായിട്ടും ഇപ്പോൾ ആന്ധ്രപ്രദേശിലോക്കെ വിരലിലെണ്ണാവുന്ന മരണങ്ങളേ ഉണ്ടാകുന്നുള്ളൂ. സാറ്റലൈറ്റ് ഡേറ്റാ അപഗ്രഥിച്ച് ശാസ്ത്രം നൽകുന്ന മുന്നറിയിപ്പുകൾ പരിഗണിക്കുന്ന ആന്ധ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനാൽ ആണത്. അതിനൊക്കെ മുൻപ്, ഓരോ കൊടുങ്കാറ്റിലും ആയിരവും പതിനായിരവും പോലും ആളുകൾ അവിടെ മരിക്കാറുണ്ടായിരുന്നു എന്നത് മറക്കരുത്. തെലുങ്കർ കാണിക്കുന്ന സാമാന്യബോധംപോലും തെട്ടുതീണ്ടാത്ത ഭരണകൂടമായിപ്പോയി കേരളത്തിന്റേത് എന്ന് പറയാതെവയ്യ.