— കാളിയമ്പി —
“ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം
ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്.
ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം. അതുവഴി ആയിരക്കണക്കിനു കൊല്ലങ്ങളായി ഭാരതമനസ്സുകളിൽ ധാരയായൊഴുകുന്ന സാംസ്കാരികപൈതൃകത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തെക്കുറിച്ചും. ആയിരത്തിത്തൊള്ളായിരത്തിപ്പതിനൊന്ന് ഡിസംബർ മാസം കൊൽക്കത്തയിൽ വച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇരുപത്തിയേഴാമത് വാർഷിക സമ്മേളനമായിരുന്നു. ആ സമ്മേളനത്തിന്റെ രണ്ടാം ദിവസം, ഡിസംബർ 27ന് കൊൽക്കത്തയിലെ ഭാരതസഭാ മന്ദിരത്തിൽ വച്ച് രവീന്ദ്രനാഥ ടാഗോറിന്റെ അനന്തിരവളായിരുന്ന സരളാദേവീ ചൗധരാണി കുറച്ചു സ്കൂൾക്കുട്ടികളോടൊപ്പം ആദ്യമായി ജനഹൃദയങ്ങളിലേയ്ക്ക് ഈ അമൃതധാരയൊഴുക്കി.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്നത്തെ പ്രസിഡന്റ് ബിഷൻ നാരായൺ ദർ ആ ചടങ്ങിലുണ്ടായിരുന്നു. പ്രശസ്ത ദേശീയനേതാക്കളായ ഭൂപേന്ദ്രനാഥ് ബോസ്, അംബികാചരൺ മജൂംദാർ എന്നിവരുമൊക്കെ അന്ന് അവിടെയുണ്ടായിരുന്നു. സരളാദേവീ ചൗധരാണി സാധാരണക്കാരിയായിരുന്നില്ല. ഭാരതത്തിലെ ആദ്യത്തെ സ്ത്രീ സംഘടനയായ ഭാരത സ്ത്രീ മഹാമണ്ഡൽ തുടങ്ങിയത് അവരാണ്. സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി അഹോരാത്രം പണിയെടുത്ത ആ അമ്മ മഹാത്മാഗാന്ധിയുടെ അടുത്ത സ്നേഹിതയുമായിരുന്നു. ഒരുപക്ഷേ ഗാന്ധിജിയുടെ ജീവിതത്തിലെത്തന്നെ വലിയൊരു ഭാഗമെന്ന് പറയാം. ആത്മീയ ബന്ധം എന്നായിരുന്നു ഗാന്ധിജി ആ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നത്. ഒരുതരം ആരാധനയായിരുന്നു അദ്ദേഹത്തിന്. പരാശക്തിയുടെ അവതാരമാണവർ എന്ന് ഗാന്ധിജി പറഞ്ഞിരുന്നതായും രേഖകളുണ്ട്. പക്ഷേ ചുറ്റിനും നിൽക്കുന്നവർക്ക് ആ ആത്മീയമായ ബന്ധത്തെക്കുറിച്ചറിയാൻ മനോവികാസം പോരാഞ്ഞതിനാലാവാം, അവർ പിന്നീട് അൽപ്പം അകലം പാലിച്ചു എന്നാലും ആശയവിനിമയം പൂർണ്ണമായും ഒരിയ്ക്കലും നിർത്തിയില്ല.
പറഞ്ഞത്, ഒരുപക്ഷേ അത്രയ്ക്ക് വൈഭവമുള്ള ഒരു ശബ്ദത്തിൽ, ഗാന്ധിജിപോലും പരാശക്തിയെന്ന് വിശേഷിപ്പിച്ചവരുടെ ശബ്ദത്തിൽ ആദ്യമായി മുഴങ്ങിയതിനാലാവണം, ജനഗണമനയെന്ന ഗാനം ജനഹൃദയങ്ങളിലേയ്ക്ക് പടർന്നു കയറി. ഇരുപത്തിയേഴാം തീയതി ഈ ഗാനം ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ പാടുമ്പൊ മൂന്നു ദിവസം കഴിഞ്ഞ് ഡിസംബർ മുപ്പതിനു ജോർജ് അഞ്ചാമൻ രാജാവ് കൊൽക്കത്ത സന്ദർശിയ്ക്കുന്നുണ്ടയൈരുന്നു. ബംഗാളിലെ ഇംഗ്ളീഷ് പത്രങ്ങളിൽ ടാഗോർ ഈ കവിതയെഴുതിയത് ജോർജ് അഞ്ചാമനെ സ്തുതിയ്ക്കാനാണെന്ന് ഒരു വാർത്ത വന്നു.
അതേപ്പറ്റി ചോദിച്ചപ്പോൾ വിശദീകരണത്തിനു പോലും അർഹതയില്ലാത്ത അപവാദമാണെന്ന് ടാഗോർ തള്ളിക്കളഞ്ഞിരുന്നു.
“I should only insult myself if I cared to answer those who consider me of such unbounded stupidity as to sing in praise of George IV or George V as the Eternal Charioteer leading the pilgrims on their journey through countless ages of the timeless history of mankind.”
“ജോർജ് അഞ്ചാമനേയോ ആറാമനേയോ മനുഷ്യവംശത്തിന്റെ യുഗഗുഗാന്തരങ്ങളായുള്ള യാത്രയിൽ തീർത്ഥാടകരെ വഴികാട്ടുന്ന അനാദ്യന്തനായ തേരാളിയായി ചിത്രീകരിയ്ക്കുന്ന ആനമണ്ടത്തരം ചെയ്യുന്ന ഒരാളായി എന്നെ കാണുന്നവരോട് മറുപടി പറയാൻ പോലും പോകുന്നത് ഞാൻ എന്നെത്തന്നെ അപമാനിയ്ക്കലാവും” എന്നാണ് ടാഗോർ പറഞ്ഞത്. വേറൊരവസരത്തിൽ എന്താണാ ഗാനം എഴുതുന്നതിനുള്ള സാഹചര്യമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
Tagore wrote to his friend P.B. Sen thus: “…A certain high official in His Majesty’s service, who was also my friend, had requested that I write a song of felicitation towards the Emperor. The request simply amazed me. It caused a great stir in my heart. In response to that great mental turmoil, I pronounced the victory in Jana Gana Mana (abbreviated, JGM) of that Bhagyavidhata [god of destiny] of India who has from age after age held steadfast the reins of India’s chariot through rise and fall, through the straight path and the curved. That Lord of Destiny, that Reader of the Collective Mind of India, that Perennial Guide, could never be George V, George VI, or any other George. Even my official friend understood this about the song. After all, even if his admiration for the crown was excessive, he was not lacking in simple common sense…”
ടാഗോർ അദ്ദേഹത്തിന്റെ സുഹൃത്ത് പീ. ബീ സെന്നിനു ഇങ്ങനെയെഴുതി “എന്റെ സുഹൃത്തും രാജസേവകനുമായിരുന്ന ഒരു വലിയ ഉദ്യോഗസ്ഥൻ രാജാവിന് ആശംസകളറിയിച്ചുകൊണ്ട് ഒരു ഗാനം എഴുതണമെന്ന് എന്നോടാവശ്യപ്പെട്ടു. ആ അപേക്ഷ എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഹൃദയത്തെ അത് വല്ലാതെ മഥിച്ചു. അതിനോട് പ്രതികരിച്ചുകൊണ്ട് , യുഗയുഗാന്തരങ്ങളായി വീഴ്ചയിലും താഴ്ചയിലും ഭാരതത്തിന്റെ രഥം സ്ഥൈര്യത്തോടുകൂടി പായിച്ച ഭാരതത്തിലെ ജന ഗണങ്ങളുടെ മനസ്സിനു ഭാഗ്യവിധാതാവിനു ഞാൻ വിജയമാശംസിച്ചു. ആ വിധാതാവായ പ്രഭു, ആ ഭാരതജനതയുടെ സഞ്ചിതമനസ്സ്, ആ അവിനാശിയായ മാർഗ്ഗദർശി ഏതെങ്കിലും ജോർജ് അഞ്ചാമനോ ജോർജ് ആറാമനോ ഒരു ജോർജ്ജിനുമോ ആകുവാനാകില്ല. എന്റെ ഉദ്യോഗസ്ഥ സുഹൃത്തിനു പോലും അത് മനസ്സിലായിരുന്നു. അദ്ദേഹത്തിന്റെ രാജവാഴ്ചയോടുള്ള ഭക്തി അദമ്യമായിരുന്നെങ്കിലും അയാളൊരു മണ്ടനല്ലായിരുന്നു….“
1911ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സെന്നത് പൂർണ്ണസ്വരാജ് ചോദിയ്ക്കുന്ന ഒരു സംഘടനയായിരുന്നില്ല. 1928ൽ പയ്യന്നൂരിൽ വച്ച് നടന്ന യോഗത്തിൽ മാത്രമാണ് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും പൂർണ്ണമായി വിട്ടുമാറി ഒരു ‘റിപ്പബ്ളിക്’ അഥവാ ഗണരാജ്യം സ്ഥാപിയ്ക്കണമെന്ന തീരുമാനത്തിൽ കോൺഗ്രസ്സ് പാർട്ടി എത്തിയത്. ഭഗത് സിങ്ങ് ഉൾപ്പെടെയുള്ള വിപ്ളവകാരികൾ കോൺഗ്രസ്സിനു വെളിയിൽ നിന്നും, സുഭാഷ് ചന്ദ്രബോസും കൂട്ടരും കോൺഗ്രസ്സിനകത്തു നിന്നും പൂർണ്ണമായ സ്വാതന്ത്ര്യത്തിനായി നിരന്തരം വാദിച്ചതും സൈമൺ കമ്മീഷന്റെ സമയത്ത് പോലീസ് മർദ്ദനത്തിന്നിരയായി ലാലാ ലജ്പത് റായിയുടെ ദാരുണമായ ബലിദാനത്തിനു ശേഷമുള്ള ജനരോഷവും കണക്കിലെടുത്താണ് ഇനി ബ്രിട്ടീഷ് അധികാരികളുമായി ഒരു ബന്ധവും വേണ്ട രാജ്യത്തിനു പൂർണ്ണ സ്വാതന്ത്ര്യം (പൂർണ്ണ സ്വരാജ്) കിട്ടണമെന്ന് കോൺഗ്രസ്സ് തീരുമാനിച്ചത്.
അതുവരെ ഇന്നത്തെ കാനഡ, ആസ്ട്രേലിയ ഒക്കെപ്പോലെ ബ്രിട്ടീഷ് രാജാവിന്റെ കീഴിൽ ഡൊമനിയൻ സ്റ്റാറ്റസ്, രാജാവിന്റെ കീഴിൽ സ്വന്തമായി നിയമനിർമ്മാണസഭകളും ജനാധിപത്യാവകാശങ്ങളുമുള്ള ഒരു ഭരണാഘടനാധിഷ്ഠിതമായ രാജവാഴ്ച മാത്രമായിരുന്നു കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നത്. അങ്ങനെയൊക്കെ ഒരു പരിണാമം എല്ലാ രാജ്യങ്ങളുടെ ചരിത്രത്തിലും കാണും. എല്ലാ ആൾക്കാരുടെയും സംഘടനകളുടേയും ചരിത്രത്തിലും കാണും. ഓരോ സാഹചര്യങ്ങൾക്കനുസ്സരിച്ചാണ് ഓരോ കാര്യങ്ങൾ തീരുമാനിയ്ക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ 1911ൽ നടന്ന ചടങ്ങിൽ ജനഗണമനയെന്ന ഗാനം പാടിക്കഴിഞ്ഞ് ബ്രിട്ടീഷ് രാജാവിനെ സ്തുതിയ്ക്കുന്ന ഒരു ഗാനവും അവതരിപ്പിച്ചിരുന്നു. രാമാനുജ് ചൗധരിയെന്ന ഹിന്ദി കവിയെഴുതിയ ‘ബാദുഷാ ഹമാര’ എന്ന ഗാനമായിരുന്നത്. പത്രങ്ങൾക്ക് ഈ ഇരു ഗാനങ്ങളും തമ്മിൽ തിരിഞ്ഞുപോയതുകൊണ്ടാണ് അന്ന് അവരങ്ങനെ റിപ്പോർട്ട് ചെയ്തതെന്ന് പറയപ്പെടുന്നു.
എന്തായാലും ഒരു മാസം കഴിഞ്ഞ് 1912 ജനുവരി 12ന് ടാഗോർ തന്നെ പത്രാധിപരായ തത്വബോധിനി പത്രികയിൽ ഈ കവിത അച്ചടിച്ചു വന്നു. ടാഗോറിന്റെ ഭവനത്തിൽ നടന്ന ഒരു ഉത്സവാഘോഷത്തിലും ആ കവിത അവതരിപ്പിയ്ക്കപ്പെട്ടു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ കോൺഫറൻസുകളിൽ പലതിലും ഈ ഗാനം സരളാദേവി തന്നെ അവതരിപ്പിച്ചിരുന്നു. 1919 ൽ ആന്ധ്രാപ്രദേശത്തെ മദനപ്പള്ളിയിൽ തിയോസഫിക്കൽ കോളേജിൽ നടന്ന ഒരു ചടങ്ങിൽ ഈ ഗാനം ടാഗോർ തന്നെ ആലപിച്ചു. ആ ഗാനത്തിന്റെ മാസ്മരികതയിൽ തിയൊസഫിക്കൽ സൊസൈറ്റി ആ കോളേജിന്റെ പ്രാർത്ഥനാഗാനമായി അതിനെ തിരഞ്ഞെടുത്തു.
പ്രശസ്ത ഐറിഷ് കവിയായിരുന്ന ജയിംസ് കസിൻസ് ആയിരുന്നു ആ വിദ്യാലയത്തിലെ പ്രിൻസിപ്പൾ. ബ്രിട്ടണെതിരേയുള്ള ഐറിഷ് ദേശീയ വാദികളിലൊരാളും അവർക്ക് ഭാരതീയ ദേശീയവാദികളുമായുള്ള അടുപ്പത്തിനും പാലമിട്ടയാളാണ് ജയിംസ് കസിൻസ്. അദ്ദേഹത്തിന്റെ ഭാര്യയായ സംഗീത വിദുഷി കൂടിയായ മാർഗരറ്റ് കസിൻസിന്റെ സഹായത്തോടെ ഗാനത്തിനു ചേരുന്ന ‘നൊട്ടേഷനുകളും‘ ടാഗോർ എഴുതിയുണ്ടാക്കി. സ്ത്രീകൾക്ക് വോട്ടവകാശത്തിനും സ്വാതന്ത്ര്യത്തിനും പൊതുവേ അയർലന്റിന്റെ ദേശീയതയ്ക്കുമായി നിലകൊണ്ട ഐറിഷ് വിമൻസ് ഫ്രാഞ്ചൈസ് ലീഗ് സ്ഥാപിച്ച മഹതിയാണ് മാർഗരറ്റ് കസിൻസ്. 1919ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ തന്റെ സർ സ്ഥാനം തിരികെ നൽകി. ആ സ്ഥാനം എന്തിനു സ്വീകരിച്ചു എന്ന് ചോദിയ്ക്കുന്നവരുണ്ടാകാം. താൻ ജീവിയ്ക്കുന്ന സ്ഥലത്തെ ഗവണ്മെന്റ് ഇന്നത്തെ പദ്മ അവാർഡുകൾ മാതിരി ഒരു പദവി നൽകുമ്പോൾ പ്രത്യേകിച്ചും അന്ന് ഡോമനിയൻ സ്റ്റാറ്റസാണ് ദേശീയവാദികൾ പൊലും ആവശ്യപ്പെടുന്നതെന്നിരിയ്ക്കേ, അത് സ്വീകരിച്ചതിൽ ഒരു കുഴപ്പവുമില്ല. സീ വീ രാമൻ മുതൽ അണ്ണാമലൈ ചെട്ടിയാരും മുഹമ്മദ് ഇഖ്ബാലും വരെ സർ സ്ഥാനം സ്വീകരിയ്ക്കുകയും നിലനിർത്തുകയും ചെയ്തവരാണ് എന്ന് വരുമ്പോഴാണ് ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ നൃശംസത കണ്ട് ടാഗോർ അത് തിരികെ നൽകിയതിന്റെ പ്രസക്തി ഏറുന്നത്. സർവേപ്പള്ളി രാധാകൃഷ്ണനും , എം കൃഷ്ണൻ നായരുമെല്ലാം സർ സ്ഥാനം നേടിയവർ തന്നെയാണ്.
കോൺഗ്രസ്സ് കമ്മിറ്റികളിലും ദേശീയപ്രസ്ഥാനത്തിലുമെല്ലാം ജനഗണമന വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. രാഷ്ട്രത്തിന്റെ പരമവൈഭവദാതാവിനെ സ്തുതിയ്ക്കുന്ന ജനഗണമനയും ഈ അമ്മയെ പരാശക്തിയായിക്കാണുന്ന വന്ദേ മാതരവും ഒരേപോലെ ജനങ്ങൾ നെഞ്ചിലേറ്റി. അന്നുതന്നെ ഇതിൽ ഏത് ഗാനത്തിനാണ് പ്രാധാന്യമുണ്ടാവേണ്ടതെന്ന് ചർച്ചകളുണ്ടായിരുന്നു. ഹിന്ദുമഹാസഭ 1937 ഒക്ടോബറിൽ ‘വന്ദേമാതര‘ ദിനമായി ആചരിച്ചപ്പോൾ പതിവുപോലെ മുഹമ്മദലി ജിന്ന പ്രശ്നങ്ങളുയർത്തി.എല്ലാ ജനങ്ങളും ഒരുപോലെ തന്നെ ഉപയോഗിച്ചിരുന്ന വന്ദേ മാതരമെന്ന ഗീതത്തിനെ ഒരു നാൾ ഹിന്ദുമഹാസഭ തന്നെ ഉയർത്തിക്കൊണ്ട് വന്ന് അതിനായൊരു വന്ദേമാതരദിനമൊക്കെ ആചരിയ്ക്കുകയും മുഹമ്മദലി ജിന്ന കാത്തിരുന്നതുപോലെ ഉടക്കു ന്യായങ്ങളുമായി വരികയുമൊക്കെ ചെയ്തതിന്റെ സന്ദർഭം നോക്കുമ്പോൾ മനപ്പൂർവമുള്ള ചില കൈകൾ അതിലില്ലേ എന്ന് സംശയം തോന്നാം. ആത്യന്തികമായി വിഭജിച്ചു ഭരിയ്ക്കുകയെന്ന തന്ത്രം ബ്രിട്ടീഷുകാരൻ ഭാരതത്തിൽ മാത്രം കണ്ടുപിടിച്ചതൊന്നുമല്ല. അയർലന്റിലും, ഗ്രീസിലും ഇസ്രേയലിലും ടർക്കിയിലും ശ്രീലങ്കയിലും എല്ലാമെല്ലാം അവർ എഴുതിവച്ചിട്ടുള്ള പ്രോട്ടോക്കോളെന്ന പോലെയാണ് ഈ ‘ഡിവൈഡ് ആൻഡ് റൂൾ‘ പദ്ധതി നടപ്പാക്കിയിരുന്നത്.
എന്തായാലും കാര്യം വിവാദമാകുമെന്ന ഘട്ടത്തിലെത്തിയപ്പോൾ സുഭാഷ് ചന്ദ്രബോസ് തന്നെ ടാഗോറിനെഴുതി. നമ്മൾ എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകണമെന്നും നമ്മുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി എല്ലാ സമുദായക്കാരേയും ഒരുമിച്ച് നിർത്തി നമ്മുടെ നന്മയും സമാധാനവും ഒരുമിപ്പും കുറയ്ക്കുന്ന നിലയിലുള്ള വടം വലികൾ ഒഴിവാക്കണമെന്നുമാണ് ടാഗോർ മറുപടി നൽകിയത്. 1937 ഒക്ടൊബർ അവസാനം സുഭാഷ് ചന്ദ്ര ബോസ്, വല്ലഭായ് പട്ടേൽ, നെഹ്രു, അബ്ദുൾ കലാം ആസാദ് എന്നിവരടങ്ങിയ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റി വന്ദേ മാതരത്തിലെ ആദ്യത്തെ രണ്ട് ഖണ്ഡങ്ങൾ എല്ലാ മതക്കാർക്കും പറ്റിയ ഭാഗമാണെന്നും മാതൃഭൂമിയുടെ മഹിമ പാടുന്ന ഭാഗങ്ങളാണതിലുള്ളതെന്നും ഒരു മതപരമായ ബിംബങ്ങളും അതിലില്ലെന്നും തീർച്ചപ്പെടുത്തി. അത് സകല സമ്മേളനങ്ങളിലും ഉപയോഗിയ്ക്കണമെന്നും തീർച്ച ചെയ്തു.(ആ ഭാഗങ്ങളാണ് ഇന്നും ഉപയോഗിയ്ക്കുനത്) ബാക്കിയുള്ള പദ്യഭാഗങ്ങളിൽ ദുർഗ്ഗാദേവിയെ സ്തുതിയ്ക്കുന്നത് മുസ്ലീം സുഹൃത്തുക്കൾക്ക് മതപരമായ കാരണങ്ങളാൽ ഉപയോഗിയ്ക്കാനാവാത്തത് കൊണ്ട് അത് ഒഴിവാക്കാമെന്നും തീരുമാനിച്ചു.
ജനഗണമന ജനഹൃദയങ്ങളേറ്റുപാടി. ദേശീയബോധം സിരകളിലൊഴുകിയ വിപ്ളവകാരികൾ വന്ദേമാതരം ചുണ്ടിലേറ്റി സന്തോഷത്തോടെ മാതൃഭൂമിയ്ക്ക് ജീവൻ ബലിനൽകി. ഇരു ഗാനങ്ങളും ഒരുപോലെ ഭാരതത്തിന്റെ ഊടും പാവുമായിത്തീർന്നു. 1947 ഓഗസ്റ്റ് പതിനാല് അർദ്ധരാതിയിൽ ഭാരത കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയുടെ ലോകമുറ്റു നോക്കിയിരുന്ന യോഗത്തിൽ വന്ദേമാതരം ആദ്യവും ജനഗണമന അവസാനവും ആലപിച്ചു. ഇനി മനസ്സിലാക്കേണ്ടത് Anthem എന്താണെന്നാണ്. പാശ്ചാത്യ സംഗീതശാഖയിൽ പൊതുവേ സംഘഗാനമായി പാടാനും ബാൻഡിൽ വായിയ്ക്കാനും പറ്റുന്ന സംഗീതത്തെയോ ഗാനത്തെയോ ആണ് Anthem ആയി കണക്കാക്കുന്നത്. ബാൻഡ് വാദ്യത്തിൽ വായിയ്ക്കുമ്പോൾ ചടുലമായ താളത്തോടെ വായിയ്ക്കാം എന്നുള്ളത് കൊണ്ട് കൂടിയാണ് National Anthem ആയി ജനഗണമനയെ തിരഞ്ഞെടുത്തത് എന്ന് പറയപ്പെടുന്നു.
1947ൽ ഐക്യരാഷ്ട്രസഭയിൽ ജനഗണമന ഓർക്കസ്ട്രയായി അവതരിപ്പിയ്ക്കപ്പെട്ടു. 1950 ജനുവരി 24ന് ഭരണഘടനാ അസംബ്ളി ഭാരത ഭരണഘടന ഒപ്പിട്ട് അംഗീകരിയ്ക്കാൻ കൂടിയ യോഗത്തിൽ National Anthem ആയി ജന ഗണ മനയും ദേശീയഗാനമായി വന്ദേ മാതരത്തേയും തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.( National Anthem and National Song) ഇരു ഗാനങ്ങൾക്കും ഒരേ പദവി തന്നെയാണുള്ളത് എന്ന് അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. സാധാരണയായി ഒരു ചടങ്ങിന്റെ ആദ്യം വന്ദേമാതരവും അവസാനം ജനഗണമനയും പാടിവരുന്നു. National Anthem പാടേണ്ടി വരുന്ന, അല്ലെങ്കിൽ ബാൻഡുമേളമായോ ഓർക്കസ്ട്രയായോ അവതരിപ്പിയ്ക്കുമ്പോൾ ജനഗണമന അവതരിപ്പിയ്ക്കുന്നു.
ഈ ജനഗണമന എന്ന കവിതയുടെ ആദ്യഭാഗങ്ങളാണ് നമ്മൾ കേൾക്കുന്നത്. ബാക്കി വരികളും കൂടി വായിയ്ക്കാം. ഈ വരികൾ എൻ ഡീ ടീവീയിലെ ഒരു പരിഭാഷയിൽ കിടന്നതാണ്. ആരാണിത് ചെയ്തതെന്ന് അവർ അവിടെ കൊടുത്തിട്ടില്ല. പദാനുപദമായതുകൊണ്ട് ചേർക്കുന്നു. ടാഗോർ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അത് ആശയത്തെ സ്വാംശീകരിച്ച് ആംഗലേയത്തിൽ മനോഹരമായെഴുതിയതാണ്. അത് ടാഗോറിന്റെ തന്നെ കയ്യക്ഷരത്തിലെഴുതിയത് ചിത്രമായി നൽകുന്നു.
Stanza 2:
Ohoroho Tobo Aahbaano Prachaarito,Shuni Tabo Udaaro Baani
Hindu Bauddho Shikho Jaino,Parashiko Musholmaano Christaani
Purabo Pashchimo Aashey,Tabo Singhaasano Paashey
Premohaaro Hawye Gaanthaa
Jano Gano Oikyo Bidhaayako Jayo Hey,Bhaarato Bhaagyo Bidhaataa
Jayo Hey, Jayo Hey, Jayo Hey,Jayo Jayo Jayo, Jayo Hey
Your call is announced continuously, we heed your gracious call
The Hindus, Buddhists, Sikhs, Jains, Parsis, Muslims and Christians,
The east and the west come, to your throne
And weave the garland of love…
Oh! You who bring in the unity of the people!
Victory be to you, dispenser of the destiny of India!
Stanza 3:
Potono Abhbhudoy Bandhuro Ponthaa, Jugo Jugo Dhaabito Jaatri
Hey Chiro Saarothi, Tabo Ratha Chakrey Mukhorito Potho Dino Raatri
Daaruno Biplabo Maajhey,Tabo Shankhodhwoni Bajey
Sankato Dukkho Traataa
Jano Gano Potho Parichaayako,Jayo Hey Bhaarato Bhaagyo Bidhaataa
Jayo Hey, Jayo Hey, Jayo Hey,Jayo Jayo Jayo, Jayo Hey
The way of life is somber, as it moves through ups and downs.
But we, the pilgrims, have followed it through the ages.
Oh! Eternal charioteer, the wheels of your chariot echo day and night in the path
In the midst of fierce revolution, your conch shell sounds.
You save us from fear and misery
Oh! You who guide the people through tortuous path…
Victory be to you, dispenser of the destiny of India!
Victory to you, victory to you, victory to you…
Stanza 4:
Ghoro Timiro Ghono Nibiro,Nishithey Peerito Murchhito Deshey
Jagrato Chhilo Tabo Abicholo Mangalo,Noto Nayoney Animeshey
Duhswapney Aatankey,Rokkhaa Koriley Ankey Snehamoyi Tumi Maataaa
Jano Gano Duhkho Trayako,Jayo Hey Bhaarato Bhaagyo Bidhaataa
Jayo Hey, Jayo Hey, Jayo Hey,Jayo Jayo Jayo, Jayo Hey
During the bleakest of nights, when the whole country was sick and in swoon
Wakeful remained Your incessant blessings, through your lowered but winkless eyes
Through nightmares and fears, you protected us on Your lap. Oh loving mother
Oh! You who have removed the misery of the people…
Victory be to you, dispenser of the destiny of India!
Victory to you, victory to you, victory to you…
Stanza 5:
Raatri Prabhatilo Udilo Rabichhabi, Purbo Udayo Giri Bhaaley
Gaahey Bihangamo Punyo Samirano, Nabo Jibano Rasho Dhaley
Tabo Karunaaruno Ragey,Nidrito Bhaarato JageyTabo Chorone Noto Maatha
Jayo Jayo Jayo Hey, Jayo Rajeshwaro, Bhaarato Bhaagyo Bidhaataa
Jayo Hey, Jayo Hey, Jayo Hey,Jayo Jayo Jayo, Jayo Hey
The night is over, and the sun has risen over the hills of the eastern horizon.
The birds are singing, and a gentle auspicious breeze is pouring the elixir of new life.
By the halo of your compassion, India that was asleep is now waking.
On your feet we lay our heads.
Victory, victory, victory be to you, the supreme king, the dispenser of the destiny of India!
Victory to you, victory to you, victory to you…
ദാരുണ ബിപ്ളവ മാഝേ തബ ശംഘധ്വനി ബാജേ സങ്കട ദുഃഖ ത്രാതാ …
ഇനി തീരുമാനിച്ചോളൂ ജനഹൃദയങ്ങളിൽ ദുഃഖനാശകനായി യുദ്ധത്തിനു നടുക്ക് ശംഘും വിളിച്ച് തേരുനടത്തിയ ആ അനാദ്യന്തനായ തേരാളി ആരാണെന്ന്.
ദൂസ്വപ്നേ ആതൻഗേ രക്ഷാ കരിലേ അൻകേ സ്നേഹമയി തൂമി മാതാ…
ദുസ്വപ്നങ്ങളിൽ നിന്നും മനസ്സുകളെ രക്ഷിയ്ക്കുന്ന സ്നേഹമയിയായ അമ്മയാരാണെന്ന്,
തവ കരുണാരുണ രാഗേ, നീദ്രിതൊ ഭാരത് ജാഗേ തവ ചരണേ നതൊ മാതാ..
ഉറങ്ങിക്കിടക്കുന്ന ഭാരതത്തെ ആർദ്രമാർന്ന സ്നേഹത്താലുണർത്തി നിൻ ചരണങ്ങളിലേയ്ക്കുയർത്തുന്ന പരാശക്തിയായ മാതാവാരാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ആ ഭാരതഭാഗ്യവിധാതാവാണ് ഇന്നും ഈ ഭൂമിയ്ക്ക് ശക്തിയായുള്ളത്. ആ അമ്മതന്നെയാണ് ഭാരതമാതാവായി ഈ മണ്ണിലെ ഓരോ പുൽക്കൊടിയിലും തുടിയ്ക്കുന്നത്.
ഈ വരികൾ എവിടെപ്പാടിയെന്നാലും അതിലെ ആശയം കൃത്യവും വ്യക്തവുമാണ്