ഇന്ത്യൻ പോസ്റ്റൽ പേയ്മെൻറ് ബാങ്ക് ( IPPB )

— ജിതിൻ ജേക്കബ് —

ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് (IPPB) :-
………………………………………………………..

ഇന്ത്യയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ബാങ്കുകൾ ഉണ്ട്. പിന്നെന്തിനാണ് പുതിയ ഒരു ബാങ്ക്?

2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഏതാണ്ട് 50% ഇന്ത്യക്കാരും ബാങ്കിങ് മേഖലക്ക് പുറത്തതായിരുന്നു. സാമ്പത്തീക കാര്യങ്ങളിൽ അവർ തീർത്തും നിരക്ഷരരായിരുന്നു. അതുകൊണ്ടുതന്നെ അവർ നിരന്തര ചൂഷണങ്ങൾക്ക് വിധേയനായിരുന്നു.

ജൻധൻ അക്കൗണ്ടുകൾ വന്നതോടെ ഇന്ത്യയിലെ 80% ത്തിലധികം ജനങ്ങളും ബാങ്കിങ് മേഖലയിലേക്ക് എത്തിച്ചേർന്നു. എല്ലാവരെയും ബാങ്കിങ് സേവനപരിധിയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളെ പൊതുവെ പറയുന്ന പേരാണ് Financial Inclusion എന്നത്.

സീറോ ബാലൻസ് അക്കൗണ്ടായ ജൻധൻ അക്കൗണ്ടുകൾ വഴി ഭൂരിഭാഗം ഇന്ത്യക്കാർക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനായി എന്ന് പറയുമ്പോഴും, നല്ലൊരു ശതമാനം ജനങ്ങൾക്കും ബാങ്കിങ് സേവനങ്ങൾ അവർക്ക് അപ്പോഴും ഏറെക്കുറെ അപ്രാപ്യമായിരുന്നു.

ഇടനിലക്കാരുടെ ചൂഷണങ്ങൾ ഒഴിവാക്കാൻ സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സർക്കാർ നൽകുന്നത്. അതേസമയം നമ്മുടെ രാജ്യത്തെ എല്ലാ മേഖലകളിലും ബാങ്കിങ് സൗകര്യം ലഭ്യമല്ലാതാനും.

ഉദ്ദാഹരണത്തിന് ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി അക്കൗണ്ടിലെക്ക് വന്നു എന്ന് കരുതുക. എല്ലാ ഗ്രാമങ്ങളിലും ബാങ്കുകളും , എടിഎംമുകളും ഇല്ല. അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ച് വളരെ ദൂരെ ആയിരിക്കും. ഒരു ദിവസത്തെ കഷ്ടപ്പാടാണ് ബാങ്കിൽ പോയി ഈ തുക വാങ്ങിക്കുക എന്നത്. ജോലിയും കളഞ്ഞു , വണ്ടിക്കൂലിയും മുടക്കി വേണം ബാങ്കിൽ പോകാൻ. അവിടെ ചെന്നാലോ വലിയ തിരക്കുമായിരിക്കും.

ഇന്ത്യയിൽ എത്ര ബാങ്ക് ബ്രാഞ്ചുകൾ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നറിയാമോ? ഏതാണ്ട് 39000 ബാങ്ക് ബ്രാഞ്ചുകൾ മാത്രമാണ് ഗ്രാമീണ ഇന്ത്യയിൽ ഉള്ളത്. എടിഎം കളുടെ എണ്ണവും അതൊക്കെ തന്നെ. ഇന്ത്യയിലെ ഗ്രാമങ്ങളുടെ എണ്ണമോ? അത് 6 ലക്ഷത്തിന് മുകളിൽ വരും. ഈ 39000 ബാങ്ക് ബ്രാഞ്ചുകൾ ഉപയോഗിച്ച് എങ്ങനെ 6 ലക്ഷം ഗ്രാമങ്ങളുടെ സാമ്പത്തീക ആവശ്യങ്ങൾ നിറവേറ്റാനാകും?

അത് സിമ്പിൾ അല്ലേ? എല്ലാ ഗ്രാമങ്ങളിലും ബാങ്കുകൾ ബ്രാഞ്ചുകൾ തുടങ്ങണം! പറയാൻ വളരെ എളുപ്പമാണ്. ബാങ്കുകൾ പ്രവർത്തിക്കുന്നത് ലാഭത്തിനായാണ്. നഷ്ട്ടം സഹിച്ചുകൊണ്ട് ഒരു ബാങ്കിനും പ്രവർത്തിക്കാനാകില്ല. അതുകൊണ്ടുതന്നെ എല്ലാഗ്രാമങ്ങളിലും ബാങ്കുകൾ ആരംഭിക്കുന്നത് പ്രായോഗികമല്ല.

അപ്പോൾ പിന്നെ എന്ത് ചെയ്യും? എന്താണൊരു പ്രതിവിധി? ജനങ്ങളുടെ സാമ്പത്തീക ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാനാകും? അവരിൽ എങ്ങനെ സമ്പാദ്യശീലം വളർത്താനാകും? എങ്ങനെ അവരെ ചൂഷങ്ങളിൽ നിന്നും മോചിപ്പിക്കാനാകും? എങ്ങനെ അവർക്ക് ബാങ്കിങ് പരിചയപ്പെടുത്താനാകും?

ഇതിന്റെയെല്ലാം മറുപടിയാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അല്ലെങ്കിൽ IPPB.

എന്തുകൊണ്ടാണ് IPPB?

നമ്മുടെ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളിലേക്കും ബാങ്കിങ് സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ തപാൽ വകുപ്പിന് കീഴിൽ തുടങ്ങിയ സ്ഥാപനമാണ് IPPB.

ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളുടെ എണ്ണം എത്രയാണെന്ന് ? അതിൽ എത്രയെണ്ണം റൂറൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നു എന്നും അറിയാമോ?

ഇന്ത്യയിൽ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ ഉണ്ട്. അതിൽ 1.39 ലക്ഷം പോസ്റ്റ് ഓഫീസുകളും ഗ്രാമീണ ഇന്ത്യയിൽ ആണ് പ്രവർത്തിക്കുന്നത്. പോസ്റ്മാൻമാർ കടന്നുചെല്ലാത്ത ഒരു ഗ്രാമവും ഇന്ത്യയിൽ ഇല്ല. അപ്പോൾ പിന്നെ ബാങ്കിങ് സേവനങ്ങൾ എല്ലാവരിലും എത്തിക്കാൻ ഏറ്റവും എളുപ്പമാർഗം ആരാണ് എന്ന് ഇനിപറയേണ്ടല്ലോ അല്ലേ?

അഞ്ചര ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ബാങ്കിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും തൊട്ടറിയുന്ന പോസ്റ്മാന്മാർക്ക് നമ്മുടെ സാമ്പത്തീക മുന്നേറ്റങ്ങൾക്ക് ശക്തിപകരാനാകും എന്ന തിരിച്ചറിവാണ് അവരെ ഈ ബൃഹത് സംരംഭത്തിലേക്ക് തിരഞ്ഞെടുത്തത്.

എന്താണ് IPPB യുടെ ബിസിനെസ്സ് മോഡൽ?

IPPB ഒരു പേയ്മെന്റ്സ് ബാങ്ക് ആണ്.

എന്നുവെച്ചാൽ എന്താണ്? ആരാണ് പേയ്മെന്റ്സ് ബാങ്കുകളെ നിയന്ത്രിക്കുന്നത്?

പേയ്മെന്റ്സ് ബാങ്ക് എന്നത് RBI യുടെ നിയന്ത്രണത്തിൽ വരുന്ന ഒരു ഷെഡ്യൂൾഡ് ബാങ്ക് ആണ്. സാധാരണക്കാരിലേക്ക് ബാങ്കിങ് സേവനങ്ങൾ എത്തിക്കുകയാണ് ഇതിന്റെ പ്രധാന കർത്തവ്യം.

പേയ്മെന്റ്സ് ബാങ്കുകളും ഇസ്സാഫ് പോലുള്ള സ്മാൾ ഫിനാൻസ് ബാങ്കുകളും രണ്ടാണോ?

അതെ. രണ്ടും രണ്ടാണ്. പേയ്മെന്റ്സ് ബാങ്കുകൾ പ്രവർത്തിക്കുന്നത് ബാങ്കുകളിലൂടെ കൂടുതൽ ഇടപാടുകൾ നടത്താനും, സമ്പാദ്യശീലം കൊണ്ടുവരാനാണ്.

പേയ്മെന്റ്സ് ബാങ്കുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 1 ലക്ഷം ആണ്.

വായ്‌പ്പാ സൗകര്യം ഉണ്ടോ?

ആദ്യം സമ്പാദ്യശീലം ഉണ്ടായിട്ട് പോരെ വായ്‌പ്പാ വാങ്ങിക്കൽ. നിലവിൽ പയ്മെന്റ്സ് ബാങ്കുകൾക്ക് മറ്റ് ബാങ്കുകളുമായി സഹകരിച്ചു ഇടപാടുകാർക്ക് വായ്‌പകൾ നൽകാനാകും. പക്ഷെ അത് പ്രായോഗികമായി നടപ്പാക്കാൻ വലിയ ബുദ്ധിമുട്ടാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പേയ്മെന്റ്സ് ബാങ്കുകളിൽ നിന്നും വായ്‌പ്പാ സൗകര്യം ലഭ്യമല്ല.

പിന്നെതിനാണ് ഈ പേയ്മെന്റ്സ് ബാങ്ക് തുടങ്ങിയിരിക്കുന്നത്?

നേരത്തെ പറഞ്ഞതുപോലെ സാധാരണക്കാരിൽ സാധാരണക്കാരെയാണ് പേയ്മെന്റ്സ് ബാങ്ക് ലക്‌ഷ്യം വെക്കുന്നത്. അവർ മാത്രം മതി.

ആദ്യം തുടങ്ങിയ പല പയ്മെന്റ്സ് ബാങ്കുകളും പ്രശ്നങ്ങളിൽ ആണല്ലോ? എയർടെൽ പേയ്മെന്റ്സ് ബാങ്കിന് RBI പിഴ ചുമത്തി എന്നൊക്കെ കേട്ടിരുന്നു? വായ്പ്പ കൊടുക്കാതെ എങ്ങനെ ഈ ബാങ്ക് ലാഭത്തിൽ പ്രവർത്തിക്കാനാകും?

ന്യായമായ ചോദ്യമാണ്. വായ്‌പകൾ കൊടുക്കാതെ ബാങ്കുകൾ ലാഭത്തിലാകില്ല. അല്ലെങ്കിൽ വൻതോതിൽ ഇടപാടുകളും ബ്രാഞ്ച് നെറ്റ്‌വർക്കും, ഇടപാടുകാരും വേണം. ചുരുക്കം പറഞ്ഞാൽ സ്വകാര്യ സ്ഥാപങ്ങൾക്കു പേയ്മെന്റ്സ് ബാങ്ക് ലൈസൻസ് കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല.

ഇനി IPPB യിലേക്ക് തിരിച്ചുവരാം. IPPB യുടെ ബിസിനസ് മോഡൽ എന്താണെന്ന് പറഞ്ഞില്ലല്ലോ?

IPPB പ്രവർത്തനം ആരംഭിച്ചത് 650 ബ്രാഞ്ചുകളും 3250 അക്സസ്സ് POINTS ഉം ഒറ്റദിവസം തുറന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് 650 ബ്രാഞ്ച്?

ഇന്ത്യയിലെ ആകെ ജില്ലകളുടെ എണ്ണം 650 ആണ് (ബിസിനസ് മോഡൽ ഡെവലപ്പ് ചെയ്ത സമയത്തെ കണക്കാണ്. അതിനു ശേഷം ജില്ലകളുടെ എണ്ണത്തിൽ വ്യത്യാസങ്ങൾ കണ്ടേക്കാം). ഇന്ത്യയിലെ എല്ലാ ജില്ലകളിലും IPPB യുടെ ഓരോ ബ്രാഞ്ചുകൾ ഉണ്ടാകും , ആ ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളും IPPB യുടെ ആ ബ്രാഞ്ചുമായി ഘട്ടം ഘട്ടമായി ബന്ധിപ്പിക്കും.

തുടക്കത്തിൽ ഓരോ ജില്ലയിലെയും 5 പോസ്റ്റ് ഓഫീസുകളാണ് അതാതു ജില്ലയിലെ IPPB ബ്രാഞ്ചുമായി ബന്ധിപിപ്പിച്ചിരിക്കുന്നത്. അതാണ് 3250 ACCESS POINTS എന്നത്.പോസ്റ്റ് ഓഫീസുകളെയാണ് Access Points എന്ന് വിളിക്കുക.

ഡിസംബർ 2018 ഓട് കൂടെ ഇന്ത്യയിലെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും (access points), IPPB യുമായി ബന്ധിപ്പിക്കും. അങ്ങനെ വരുമ്പോൾ ഡിസംബർ 2018 ഓട് കൂടി ഏതാണ്ട് 1.55 ലക്ഷം ബ്രാഞ്ചുകളുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കായി മാറും നമ്മുടെ സ്വന്തം IPPB.

കൂടുതൽ ലളിതമായി പറഞ്ഞാൽ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും ബാങ്കിങ് സൗകര്യം സാധ്യമാകും.

എന്താണ് IPPB യുടെ കരുത്ത്?

5.50 ലക്ഷം വരുന്ന തപാൽ ജീവനക്കാർ തന്നെയാണ് IPPB യുടെ കരുത്ത്. രണ്ടാമതായി നേരത്തെ പറഞ്ഞ 1.55 ലക്ഷം ബ്രാഞ്ചുകൾ (അതായത് പോസ്റ്റ് ഓഫീസുകൾ). ഇന്ത്യയിലെ ഗ്രാമങ്ങളുടെ സ്പന്ദനം തൊട്ടറിയുന്ന പോസ്റ്റുമാൻമാർ വഴി ബാങ്കിങ് ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും എത്തും.

ഇന്ത്യയിൽ 6 ലക്ഷം ഗ്രാമങ്ങൾ ഉണ്ടെന്നല്ലേ പറഞ്ഞത്. പിന്നെങ്ങനാണ് ഈ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി എല്ലാവരിലും ബാങ്കിങ് സൗകര്യം എത്തിക്കുക?

പോസ്റ്മാൻമാർ എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരുന്നവരാണ്. അവർ വഴി വീടുകളിലേക്കും സ്ഥാപങ്ങളിലേക്കും ബാങ്കിങ് സൗകര്യം എത്തിക്കും. അതായത് ബാങ്കിങ് സൗകര്യം വീട്ടുപടിക്കൽ എത്തും.

അപ്പോൾ പോസ്റ്മാൻമാർ ബാങ്കിങ് സേവനം കൂടി ചെയ്യുന്നു എന്നർത്ഥം അല്ലേ?

അതെ. പോസ്റ്മാന്റെ കയ്യിൽ ഓരോ സ്മാർട്ട് ഫോണും, ബയോമെട്രിക് ഡിവൈസും ഉണ്ടാകും. അതുവഴിയാണ് അവർ ഇടപാടുകൾ സാധ്യമാക്കുന്നത്.

വീട്ടുപടിക്കൽ ബാങ്കിങ് എന്നുപറഞ്ഞാൽ ദിവസവും വന്ന് ക്യാഷ് വാങ്ങുകയും കൊടുക്കയും ചെയ്യലാണോ? അത് ഫ്രീ ആണോ?

ഡോർ ബാങ്കിങ് എന്നത് നിലവിൽ 5000 രൂപ വരെയുള്ള ക്യാഷ് ഇടപാടുകൾക്കാണ്. ക്യാഷ് ഇതര സേവനങ്ങൾ നടത്താനാകും അതിനു പരിധികളില്ല. പക്ഷെ ഇതിന് കാൾ സെന്റർ വഴി മുൻ‌കൂർ request നൽകണം. 48 മണിക്കൂർ സമയ പരിധിക്കുള്ളിലാണ് സേവനം വീട്ടുപടിക്കൽ ലഭ്യമാകുന്നത്. വീട്ടുപടിക്കൽ എത്തിച്ചേരുന്ന ഇടപാടുകൾക്ക്‌ ഫീ ഉണ്ട്. 5000 രൂപ ക്യാഷ് വീട്ടിൽ എത്തിച്ചുനൽകാൻ 25 രൂപയാണ് ചാർജ്. ക്യാഷ് ഇതര ഇടപാടുകൾ നടത്താൻ 15 രൂപയും.

അതേസമയം IPPB യിൽ അക്കൗണ്ടുള്ള ഒരാൾ പോസ്റ്റുമാനെ വഴിക്കുവെച്ചു കാണുന്നു, ഉടൻ അയാൾക്ക്‌ പൈസ ആവശ്യമുണ്ട്. അപ്പോൾ തന്നെ പൈസ കിട്ടുമോ?

മുൻകൂട്ടി request തന്നിരിക്കുന്ന ഇടപാടുകൾ ആണ് പോസ്റ്റുമാൻ ആദ്യം പൂർത്തിയാക്കുന്നത്. അതിനുശേഷം കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രമേ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ക്യാഷ് നൽകേണ്ടതുള്ളൂ. അത് പൂർണമായും പോസ്റ്മാന്റെ വിവേചനാധികാരമാണ്.

അപ്പോൾ ഡോർ ബാങ്കിങ്ങിന്റെ ഗുണം എന്താണ്?

പൈസ നിക്ഷേപിക്കാനും, പിൻവലിക്കാനും ബാങ്കിലേക്ക് വരേണ്ട ആവശ്യം ഇതോടെ ഇല്ലാതാകുന്നു.

IPPB ATM കാർഡ് നൽകുന്നുണ്ടോ?

ഇല്ല. പകരം ഒരു QR കാർഡ് ആണ് നൽകുന്നത് (ക്വിക്ക് റെസ്പോൺസ് കാർഡ്) .

എന്താണ് ഈ കാർഡിന്റെ പ്രത്യേകത?

ഇതൊരു എടിഎം കാർഡ് അല്ല. ഇതുപയോഗിച്ച് എടിഎം ൽ നിന്നും ക്യാഷ് പിൻവലിക്കാൻ സാധ്യമല്ല. QR കാർഡ് എന്നത് ഓൺലൈൻ ഇടപാടുകൾക്കായാണ് കൂടുതലും ഉപയോഗിക്കുന്നത്. അത് പാസ് ബുക്കും ആണ്.

IPPB അക്കൗണ്ട് തുറക്കാൻ എന്തൊക്കെയാണ് വേണ്ടത്?

ആധാർ നമ്പർ മാത്രം മതി. കോപ്പി പോലും വേണ്ട. അപേക്ഷ ഫോം ഇല്ല, ഒപ്പിടൽ ഇല്ല. ആധാർ നമ്പർ കൊടുക്കണം, ഫോൺ നമ്പർ ഉണ്ടായിരിക്കണം, ഫോണും കയ്യിൽ ഉണ്ടായിരിക്കണം. പൂർണമായും ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് അക്കൗണ്ട് ഓപ്പണിങ്.

IPPB അക്കൗണ്ട് ൽ മിനിമം ബാലൻസ് വെക്കണോ? എന്തൊക്കെയാണ് ചാർജുകൾ?

IPPB സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല. സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാകും. അതേസമയം വ്യാപാര സ്ഥാപങ്ങളെ ഉദ്ദേശിച്ചുള്ള കറന്റ് അക്കൗണ്ടിൽ മിനിമം ബാലൻസ് ചാർജ് ഉണ്ട് (മാസം Rs.100/ -). കറന്റ് അക്കൗണ്ട് തുറക്കാൻ മിനിമം 1000 രൂപ വേണം.

ഏത് പോസ്റ്റ് ഓഫീസിലും ചെന്നാലും അക്കൗണ്ട് തുറക്കാനാകുമോ?

നേരത്തെ സൂചിപ്പിച്ചതുപോലെ നിലവിൽ ഓരോ ജില്ലയിലെയും 5 പോസ്റ്റ് ഓഫീസുകളാണ് IPPB ബ്രാഞ്ചുകളായി മാറിയിരിക്കുന്നത്. ഡിസംബർ 2018 ഓടുകൂടി എല്ലാ പോസ്റ്റ് ഓഫീസുകളും ബ്രാഞ്ചുകളായി മാറും.

ഇപ്പോൾ IPPB യുടെ പ്രവർത്തനം ആരംഭിച്ച അതാത് ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ പോയി അക്കൗണ്ട് തുറക്കാം അല്ലെങ്കിൽ പോസ്റ്റുമാൻ വീട്ടിൽ വരുമ്പോഴും അക്കൗണ്ട് തുറക്കാനാകും. അക്കൗണ്ട് തുറക്കാൻ പോസ്റ്റുമാൻ വീട്ടിലോ വ്യാപാര സ്ഥാപനങ്ങളിലോ വരുന്നതിന് ചാർജ് ഒന്നും ഈടാക്കുന്നതല്ല.

ക്യാഷ് പിൻവലിക്കാൻ അപ്പോൾ പോസ്റ്റ് ഓഫീസിൽ പോകണം അല്ലെങ്കിൽ ഡോർ ബാങ്കിങ് സംവിധാനം ഉപയോഗിക്കണം അല്ലെ?

അതെ.

അപ്പോൾ പിന്നെ എന്ത് ഗുണമാണ് ഉണ്ടാകുക?

ക്യാഷ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനല്ല പേയ്മെന്റ്സ് ബാങ്കുകൾ തുടങ്ങിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ നടത്താനും കൂടിയാണ്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് പോസ്റ്റ് ഓഫീസ് എന്നത് എളുപ്പം എത്തിച്ചേരാൻ പറ്റിയ ഇടമാണ്.

IPPB ക്ക് മൊബൈൽ ബാങ്കിങ് സൗകര്യം ഉണ്ടോ?

ഉണ്ട്. Play സ്റ്റോറിൽ ലഭ്യമാണ്. എല്ലാവിധ ഓൺലൈൻ ഇടപാടുകളും നടത്താനാകും.

സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് പലിശ ഉണ്ടോ? ചെക്ക് ബുക്ക് ലഭ്യമാണോ?

സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് 4% പലിശയുണ്ട്. കറന്റ് അക്കൗണ്ടിൽ ചെക്ക് ബുക്ക് സൗകര്യം ലഭ്യമാണ്.

ഫിക്സഡ് നിക്ഷേപങ്ങൾക്ക് പലിശ എത്രയാണ്?

ഫിക്സഡ് നിക്ഷേപങ്ങൾ ഇല്ല.

പോസ്റ്റ് ഓഫീസിൽ ഇപ്പോൾ തന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടല്ലോ?

നിലവിലുള്ള പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്യാഷ് ഇടപാടുകൾ മാത്രമേ നടത്താനാകൂ. അതിൽ എടിഎം സൗകര്യം ലഭ്യമാണ്. പക്ഷെ വേറൊരു ബാങ്കിലേക്ക് പൈസ അയക്കാൻ പോലും സാധ്യമല്ല. ഓൺലൈൻ ഇടപാടുകളും ഇല്ല.

നിലവിൽ പോസ്‌റ്റോഫീസിൽ സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് IPPB അക്കൗണ്ട് തുറക്കാനാകുമോ?

തീർച്ചയായും. IPPB അക്കൗണ്ട് തുറന്നതിനുശേഷം , പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഈ രണ്ടു അക്കൗണ്ടുകളും തമ്മിൽ ബന്ധിപ്പിച്ചു ഓൺലൈൻ ഇടപാടുകൾ അടക്കം നടത്താനാകും.

പ്രവാസികൾക്ക് (NRI) IPPB അക്കൗണ്ട് തുറക്കാനാകുമോ? വിദേശത്തുനിന്നും IPPB യിലെ അക്കൗണ്ടിലേക്കു പണം അയക്കാൻ സാധിക്കുമോ?

NRI സ്റ്റാറ്റസിൽ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനാകില്ല. അതേസമയം വിദേശത്തുനിന്നും നാട്ടിലെ IPPB അക്കൗണ്ടിലേക്കു പണം അയക്കാൻ സാധിക്കും. ഉദ്ദാഹരണത്തിനു വീട്ടിലേക്കു പണം അയക്കണം. മാതാപിതാക്കളുടെ ആരുടെയെങ്കിലും പേരിലുള്ള IPPB അക്കൗണ്ടിലേക്ക് വിദേശത്തുനിന്നും പണമയക്കാൻ സാധിക്കും.

ജോയിന്റ് അക്കൗണ്ട് സാധ്യമാണോ?

അല്ല.

വ്യാപാര സ്ഥാപങ്ങളുടെ പേരിൽ അക്കൗണ്ട് തുറക്കാനാകുമോ? സൊസൈറ്റി, ട്രസ്റ്റ് , അസോസിയേഷൻ എന്നീ പേരുകളിൽ അക്കൗണ്ട് തുടങ്ങാനാകുമോ?

ഇല്ല. IPPB പൂർണമായും ആധാർ അധിഷ്ടിതമാണ്. വ്യക്തിഗത പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാനാകൂ.

1 ലക്ഷം രൂപ വരയെ നിക്ഷേപിക്കാനാകൂ, എടിഎം കാർഡ് ഇല്ല, ക്യാഷ് എടുക്കാൻ പോസ്റ്റ് ഓഫീസിൽ പോകണം, ഡോർ ബാങ്കിങ്ങിന് ചാർജും ഉണ്ട്, അതും 5000 രൂപ വരെ മാത്രവും (ഡോർ ബാങ്കിങ് ക്യാഷ് പരിധിയാണ് Rs.5000/-) . ഇതുകൊണ്ടു എന്തുനേട്ടമാണ് ഉള്ളത്? ഇതിനെയാണോ ഭയങ്കര നേട്ടമായി കൊട്ടിഘോഷിക്കുന്നത്?

നേരത്തെ പറഞ്ഞില്ലേ. IPPB ക്ക് കുത്തക ബൂർഷ്വാ മുതലാളിമാരെ വേണ്ട. സാധാരണക്കാരിൽ സാധാരണക്കാരെ മതി. അതുകൊണ്ടാണ് മാക്സിമം നിക്ഷേപം 1 ലക്ഷം ആയി നിജപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരിലേക്കും ബാങ്കിങ് എത്തട്ടെ.സാധാരണക്കാരും ബാങ്കിങ് ,ഡിജിറ്റൽ ഇടപാടുകൾ നടത്തട്ടന്നെ. എല്ലാവരിലും ബാങ്കിങ് സംവിധാനവും ബാങ്കിങ് സാക്ഷരതയും എത്തട്ടെ. ചൂഷങ്ങൾക്ക് ഒരു പരിധിവരെ അവസാനം ഉണ്ടാകും ഇതുവഴി.

മുന്നറിയിപ്പ്:- IPPB അക്കൗണ്ട് തുറക്കുമ്പോൾ നോമിനേഷൻ ആവശ്യപ്പെടും. നോമിനിയുടെ ജനനത്തീയതി ആവശ്യമാണ്. നോമിനിയായി ഭാര്യയുടെ പേര് ചേർക്കാൻ ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ ഭാര്യയുടെ ജനനത്തീയതി ഓർത്തുവെക്കുക. നോമിനിയുടെ ജനനത്തീയതി ചോദിക്കുമ്പോൾ ഭാര്യയെ ഫോണിൽ വിളിച്ച് നിന്റെ ജനനത്തീയതി എന്താണെന്നു ഭർത്താവ് ചോദിച്ചാൽ ഉണ്ടാകുന്ന പുകിൽ എന്താണെന്ന് ഊഹിക്കാമല്ലോ.