ഓ. കെ. വാസു മാസ്റ്റര്‍ ഇങ്ക്വിലാബ് വിളിക്കുമ്പോള്‍..!!!

രഞ്ജിത് ജി. കാഞ്ഞിരത്തില്‍

“അഭിപ്രായം ഇരുമ്പുലക്കയല്ല.” കൊടിമാറ്റി പിടിക്കുന്ന എല്ലാവരും കാലാകാലങ്ങളായി ആശ്വാസം കണ്ടെത്തിയിരുന്നത് അനുപമമായ ഗദ്യ ശൈലിയുടെ സാമ്രാട്ടായിരുന്ന സി വി കുഞ്ഞുരാമന്‍റെ ഈ പ്രസ്താവനയിലാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളും നിത്യ ബന്ധുക്കളുമില്ല എന്നുള്ളത് സദാ സത്യവാക്യവുമാണ്. വിവിധ വിഷയങ്ങളുടെ പേരില്‍ മറു കണ്ടം ചാടി ഒറ്റ രാത്രി കൊണ്ട് സോഷ്യലിസ്റ്റ് ആയവരും, സ്വയം സേവകരായവരും കോണ്‍ഗ്രെസ്സായവരും ധാരാളം.

എന്നാല്‍ കണ്ണൂരിലെ കാര്യം അങ്ങിനെയായിരുന്നില്ല. ഗോത്ര സംസ്കൃതിയുടെ തിരുശേഷിപ്പുകളുമായി തെയ്യവും തിറയും നെഞ്ചോട്‌ ചേര്‍ത്ത ജനതയാണ് ഉത്തരമലബാറിലേത്. അങ്കത്തിനിറങ്ങിയാല്‍ ചത്തും കൊന്നും മാത്രം ശീലമുള്ള ചെകോന്മാരുടെ മണ്ണാണവിടം. രാഷ്ട്രീയം ഒരു ഉന്മാദം പോലെ സിരകളില്‍ തീച്ചാമുണ്ടി കൊട്ടിക്കയറുമ്പോള്‍ അവിടെ ശവങ്ങള്‍ വീഴാറുണ്ട്. മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങി എന്ന് കമ്യൂണിസ്റ്റുകാരും, വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി എന്ന് സംഘപരിവാര്‍കാരും പറയുന്ന മരണത്തിന്‍റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്.

ആദ്യമൊക്കെ കൊണ്ഗ്രെസ്സ് –കമ്യൂണിസ്റ്റ്‌ സംഘര്‍ഷമായിരുന്നു. കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി, മൊറാഴ, പാടിക്കുന്നു, ഒഞ്ചിയം തുടങ്ങിയ അനേകം രക്തസാക്ഷികള്‍. അവരുടെ ഗാഥകളില്‍ പല സിനിമകളും നാടകങ്ങളും ചിരസ്മരണ പോലെയുള്ള നോവലുകളും രചിക്കപ്പെട്ടു. ചോരവീണു ഉറപ്പാര്‍ന്ന മണ്ണില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പില്‍ക്കാലത്ത് എം വി രാഘവന്‍ എന്ന ഒറ്റയാന്റെ മനക്കരുത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒന്നാകെ സിപിഎം ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടു. പിന്നെയാണ് സംഘപരിവാര്‍ വരുന്നത്. എന്‍. രാമകൃഷ്ണന്റെ വീറും വാശിയും മെയ്‌ക്കരുത്തും ക്ഷയിച്ചപ്പോള്‍ പല കോണ്ഗ്രെസ്സുകാരും കാവിക്കുറിയും ധരിച്ചു, കുറുവടിയേന്തി കവാത്ത് നടത്താന്‍ പരിശീലിച്ചു. അങ്ങിനെ പോരാട്ടം ചുവപ്പും കാവിയും തമ്മിലായി.

ഒരേ താവഴിയിലുള്ളവര്‍പോലും വെവ്വേറെ പതാകകള്‍ പിടിച്ചുകൊണ്ട് അന്യോന്യം വെട്ടി മരിച്ചു. ഇതിനിടയിലെപ്പോഴോ പൊട്ടി വീണ വിഷവിത്താണ് വര്‍ഗ്ഗീയത. തലശ്ശേരികലാപത്തോടെ അത് അതിന്റെ വിശ്വരൂപം കാണിച്ചു. പാനൂര്‍ നാദാപുരം മേഖലയിലെ ലീഗ് – മാര്‍ക്സിസ്റ്റ്‌ കലാപത്തിന്‍റെ അടിസ്ഥാനം വര്‍ഗ്ഗീയത തന്നെയാണ്. മുസ്ലീം ജന്മി കുടുംബങ്ങളിലെ ജോലിക്കാരായ തീയരെയും മറ്റും സംബോധന ചെയ്തിരുന്ന ചെക്കാ  പെണ്ണെ വിളിക്കെതിരെ കണാരന്മാര്‍ തുടങ്ങി വെച്ച സമരം ഒരു സാമൂഹിക നവോത്ഥാന പ്രസ്ഥാനമായിരുന്നു. മറുവശത്ത് ലീഗാകട്ടെ അമ്പലത്തില്‍ കയറാത്ത സഖാക്കള്‍ക്ക് വര്‍ഗ്ഗീയ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതില്‍ വിജയിച്ചു.ഇപ്പോള്‍ മതേതര സാര്‍വ്വഭൌമനായി കുപ്പായമിട്ട് നടക്കുന്ന കെ. എം. ഷാജിയും ഉറ്റ ചെങ്ങാതി എം. കെ. മുനീറും അത്തരത്തില്‍ കൃത്യമായ വര്‍ഗീയ ആരോപണങ്ങള്‍ സിപിഎമ്മിനെതിരെ ഉന്നയിക്കുന്നതില്‍ വിജയിച്ചവരാണ്. കാലക്രമത്തില്‍ സിപിഎം വിരുദ്ധം എന്നപേരില്‍ ഹിന്ദു വിരുദ്ധതയും, ലീഗ് വിരുദ്ധം എന്ന പേരില്‍ മുസ്ലീം വിരുദ്ധതയും പ്രചരിപ്പിക്കപ്പെട്ടു. മയ്യഴിപ്പുഴയില്‍ പിന്നെയും ജലമൊഴുകിപ്പോയപ്പോള്‍ നാദാപുരം ഡിഫെന്‍സ് ഫോറത്തിന്റെ സ്ഥാനത്ത് നാഷണല്‍ ഡെവലപ്പ്മെന്റ് (ഡിഫന്‍സ്‌) ഫ്രണ്ട് വന്നു.

ആദ്യകാലത്ത് ലീഗിനെതിരെ കയ്യില്‍ കിട്ടുന്ന ആരെയും പ്രോത്സാഹിപ്പിക്കുക എന്ന നയമായിരുന്നു സിപിഎമ്മിന്. അങ്ങിനെയാണ് ഒറ്റപ്പാലം ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ മദനി ഭംഗിയായി അവതരിപ്പിക്കപ്പെട്ടത്. പലയിടത്തും ലീഗ് വിരുദ്ധം എന്ന നിലയില്‍ എന്‍ ഡി എഫിനെയും സഹായിച്ചു. എന്നാല്‍ പില്‍ക്കാലത്ത് സിപിഎം എന്‍ ഡിഎഫ്‌ സംഘര്‍ഷമാണ് കണ്ണൂര്‍ കണ്ടത്.

ഇപ്പോള്‍ ലീഗുമായും എന്‍ ഡി എഫുമായും ഉള്ള സിപിഎമ്മിന്റെ സംഘര്‍ഷങ്ങള്‍ മിക്കവയും പുറമേക്ക് രാഷ്ട്രീയവും ഉള്ളില്‍ വര്‍ഗീയവുമാണ്. മത തീവ്രവാദികളാകട്ടെ, സഖാക്കളുടെ പേരും ജനിച്ചു പോയ സമുദായവും നോക്കി സംഘി എന്നുള്ള ആരോപണവും ഉന്നയിക്കാന്‍ തുടങ്ങി. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാലപോരാട്ടങ്ങള്‍ മുഴുവന്‍ തന്നെ ജന്മിത്വത്തിനെതിരെയുള്ളവ ആയിരുന്നു. സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തില്‍ കുന്നു കൂടുന്നത് നവീന ജന്മിത്വത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ഹിന്ദുജന്മിക്കെതിരെ ആയുധമെടുക്കുന്നത് പോലെയല്ല മുസ്ലീംജന്മിക്കെതിരെ ആശയമെങ്കിലും എടുക്കുന്നത്. എത്ര കടുത്ത കമ്യൂണിസ്റ്റിനേയും ഒറ്റയടിക്ക് സംഘി ആക്കാന്‍ പോന്ന കഴിവുള്ള തലച്ചോറുകള്‍ എതിര്‍ഭാഗത്ത് ധാരാളം. കൂടാതെ പലയിടത്തും മത തീവ്രവാദികള്‍ പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞു കയറി. താഴെത്തട്ടിലുള്ള പാര്‍ട്ടി മെഷീനറി കൈപ്പിടിയിലാക്കി. നേതൃത്വത്തോട് ആലോചിക്കാതെ അവര്‍ പലപ്പോഴും സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചു. തിരിച്ചടിയുമുണ്ടായി. എന്നാല്‍  തങ്ങള്‍ ചതിക്കപ്പെടുകയാണെന്നും ഇടയ്ക്കു നിന്ന് മറ്റു പലരും മുതലെടുക്കുന്നു എന്നുമുള്ള മാര്‍ക്സിസ്റ്റുകാരുടേയും പരിവാറിന്റെയും തിരിച്ചറിവാണ് പില്‍ക്കാലത്ത് കൊലപാതക പരമ്പരക്ക് താത്കാലിക ശമനം ഉണ്ടാക്കിയത്.

 തലശ്ശേരി കലാപം പോലെ ലക്ഷണമൊത്ത ഒരു വര്‍ഗീയ കലാപം നടന്ന ഇടത്തില്‍ സംഘപരിവാറിനു കാര്യമായ സ്വാധീനമുറപ്പിക്കാന്‍ കഴിയാതെ പോയത് എന്ത് കൊണ്ടാണ്..?

ഉത്തരം ഒന്നേയുള്ളൂ. പരിവാറിന്റെ റോള്‍ പലപ്പോഴും സിപിഎം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പക്ഷെ സിപിഎമ്മിനെ കുറ്റം പറയാനുമാവില്ല. ഉണ്ടെന്നു പറയപ്പെടുന്ന ഭരണഘടനയില്‍ മതേതരത്വം എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും തനി വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ നേരിടുമ്പോള്‍ അങ്ങിനെ വന്നു പോകുന്നതാണ്. സിപിഎമ്മില്‍ അങ്ങിനെ ഒരാരോപണം ഉന്നയിച്ചു ഫലിപ്പിക്കുന്നതില്‍ ലീഗില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച മറ്റു വര്‍ഗീയ വേതാളങ്ങളും വിജയിച്ചു.

ഇവയെപ്പറ്റി കൃത്യമായി മനസ്സിലാക്കാന്‍ 1971 ലെ തലശ്ശേരി കലാപത്തെക്കുറിച്ച് 1973 ല്‍ കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിക്കുക. കലാപത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള പങ്കിനെക്കുറിച്ച് സഖാവ് ബേബി ജോണും, സഖാവ് ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പങ്കിനെക്കുറിച്ച് സഖാക്കള്‍, എം വി രാഘവന്‍, പിണറായി വിജയന്‍, ജോണ് മാഞ്ഞൂരാന്‍ എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.

എം വി രാഘവന്‍ തന്‍റെ ആത്മകഥയില്‍ ചുവപ്പ് ചുറ്റിയ കാവിയെ കുറിച്ച് തലശ്ശേരി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ നന്നായി പ്രതിപാദിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വേണം ഓ. കെ. വാസു മാസ്റ്റര്‍ക്കുണ്ടായ മാനസാന്തരത്തെ വിലയിരുത്താന്‍. ചുവപ്പ് വെളുത്തു കാവിയായവര്‍, കൊണ്ഗ്രെസ്സ് ആയവര്‍ ഒരുപാടുണ്ട്. ചുവപ്പില്‍ നിന്നും പാണക്കാട്ട് അഭയം പ്രാപിച്ച കെ. എന്‍. എ. ഖാദറും, എം. റഹ്മത്തുള്ളയും ഉണ്ട്. പാണ്ടവത്ത് ശങ്കുപ്പിള്ള യുടെയും ആര്‍. ശങ്കര നാരായണന്‍ തമ്പി യുടെയും നേരവകാശിയായിരുന്ന ഡി. വൈ. എഫ്. ഐ. സംസ്ഥാന നേതാവ് സി. ശ്യാം സുന്ദര്‍ പോലും ഹരിത പതാക പുതച്ചു ലീഗ് ഹൌസില്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ആര്‍ എസ്സ് എസ്സില്‍ നിന്നും സിപിഎമ്മില്‍ വന്നവര്‍ അപൂര്‍വ്വം എന്ന് തന്നെ പറയാം.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ അവര്‍ വര്‍ഗ്ഗീയ കക്ഷികളിലാണ് ചേരുന്നതെങ്കില്‍ അവര്‍ ഒരിക്കലും കമ്യൂണിസ്റ്റ്‌ ആയിരുന്നില്ല എന്ന് പാര്‍ട്ടി വിശദീകരിക്കാറുണ്ട്. നിരന്തരമായ ശുദ്ധീകരണത്തിലൂടെ വന്നു ചേരേണ്ട ഒരു അത്യുന്നത പദവിയാണ് കമ്യൂണിസ്റ്റ്‌ എന്നത് എന്ന് അടിവരയിടുന്ന വ്യാഖ്യാനങ്ങള്‍. സിപിഎമമ്മില്‍ നിന്നും പുറത്താക്കപ്പെട്ട കെ ആര്‍ ഗൌരിയമ്മ ഈഴവരാഷ്ട്രീയം പുറത്തെടുത്തപ്പോള്‍ ആലപ്പുഴജില്ലയില്‍ പാടിക്കേട്ട ഒരു മുദ്രാവാക്യ ശകലമുണ്ട്.

 

പലകാലമായി സ്ഫുടം  ചെയ്തെടുത്ത

തവ വര്‍ഗ ബോധം പതിരായിരുന്നോ..?

വര്‍ഗീയ ബോധം മറനീക്കി വന്നോ ..?

കനലായ്‌ ജ്വലിച്ചോ പ്രിയ ഗൌരിയമ്മേ..

അതായതു ,വര്‍ഗ്ഗവും വര്‍ഗ്ഗീയവും തമ്മില്‍ സാക്ഷാല്‍ കെ ആര്‍ ഗൌരിയമ്മയ്ക്ക് പോലും ഉത്പ്രേക്ഷിക്കപ്പെട്ടു എന്നുള്ള വളരെ ഗൌരവമായ ആരോപണം.

അങ്ങിനെയുള്ള കമ്യൂണിസ്റ്റ്‌ എന്ന പദവിയിലേക്ക് ഓ. കെ. വാസു മാസ്റ്റര്‍ക്കും അശോകനും മറ്റും എത്തിപ്പെടാന്‍ പറ്റുമോ..?

ഇല്ല തന്നെ. ഓ. കെ. വാസു മാസ്റ്റര്‍ക്ക് കമ്യൂണിസ്റ്റ്‌ ആവാന്‍ പറ്റില്ല. മറിച്ചു സിപിഎമ്മില്‍ ചേരാനോ, അവരുമായി കണ്ണൂര്‍ ജില്ലയിലെങ്കിലും സഹകരിക്കുവാനോ സാധിക്കും. കാരണം വടകരക്ക് വടക്ക് ഇപ്പോള്‍ സഖാക്കളും സ്വയം സേവകരും തമ്മില്‍ കൊടിയുടെ വ്യത്യാസം മാത്രമേയുള്ളൂ. നേരിടുന്നത് ഒരേ ശത്രുക്കളെ തന്നെയാണ്. ഇവര്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷമാകട്ടെ കേവലം മൂപ്പിളമ തര്‍ക്കം മാത്രവും.

ആര്‍. എസ്സ്. എസ്സ്. എന്നത് ഒരു സംഘടനയല്ല, ഒരു മനോനിലയാണ് എന്നാണ് മതേതരവാദികള്‍ പറയുക. വളരെ സത്യമാണത്. അത് സത്യമായത് കൊണ്ടാണ് ഓ. കെ. വാസു മാസ്റ്റര്‍ക്ക് വളരെപ്പെട്ടെന്നു ഇങ്ക്വിലാബ് വിളിക്കാന്‍ കഴിയുന്നത്. ബൂര്‍ഷ്വാസിയുടെ പാളയത്തിലെ അന്ത: സംഘര്‍ഷം മൂര്ചിപ്പിക്കുക എന്നുള്ളത് സാധാരണ കമ്യൂണിസ്റ്റ്‌കാര്‍ ചെയ്യാറുള്ള അടവും നയവും സ്ട്രാട്ടെജിയുമാണ്. പി. ജയരാജന്‍ അത് പ്രയോഗിച്ചു എന്നേയുള്ളൂ. എന്നാല്‍ നാളെ സാക്ഷാല്‍ നരേന്ദ്രമോഡിയെ തന്നെ ഈ ന്യായം ഉപയോഗിച്ച് സ്വാഗതം ചെയ്യാം എന്നുള്ള ഒരു സാധ്യതയുമുണ്ട്.

ഹിന്ദുത്വ ശക്തികള്‍ക്കാവട്ടെ ഓ കെ വാസു മാസ്റ്ററുടെ കൂടുമാറ്റത്തെ നല്ല പ്രതീക്ഷയോടെ നോക്കി കാണാവുന്നതാണ്. ഒരു പക്ഷെ ജയരാജത്രയങ്ങളെയോ വിജയ – ബാലകൃഷ്ണന്‍മാരെയോ കാവി പുതപ്പിക്കാന്‍ ഓ. കെ. വാസു മാസ്റ്റര്‍ക്ക് കഴിഞ്ഞേക്കില്ല. അതുപോലെയല്ല താഴെത്തട്ടിലെ കഥ.
സംഘ പരിവാറിന്റെ കൃത്യമായ ട്രെയിനിങ്ങും ആശയസാക്ഷരതയും യഥേഷ്ടം ലഭിച്ച രണ്ടായിരം പേര്‍ പാലില്‍ പഞ്ചസാര കലങ്ങുന്ന പോലെ  മാര്‍ക്സിസ്റ്റ്‌ പാര്‍ടിയില്‍ ലയിക്കാന്‍ പോകുന്നു. മറു വശത്ത് പേരും ജനിച്ച സമുദായവും നോക്കി സംഘിത്വം ആരോപിക്കാന്‍ സദാ സന്നദ്ധരായി നില്‍ക്കുന്ന മത തീവ്രവാദികള്‍.

ഏകാത്മ മാനവ ദര്‍ശനവും, പരമ വൈഭവ രാഷ്ട്ര സിദ്ധാന്തവും, സാംസ്കാരിക ദേശീയതയും നിറഞ്ഞ തലച്ചോറുകള്‍ക്ക്, തൊഴിലാളി വര്‍ഗ സാര്‍വ്വ ദേശീയത വഴങ്ങുമോ..?

“നമസ്തേ സദാ വല്സലെ മാതൃഭൂമേ” എന്നുള്ള സംഘ പ്രാര്‍ത്ഥന പാടിയ നാവില്‍ “ബലികുടീരങ്ങളെ ” മുഴങ്ങുമോ..?

അതോ ലീഗും എന്‍ ഡി എഫുമായി മാര്‍ക്സിസ്റ്റ്‌പാര്‍ട്ടി നടത്തുന്ന സംഘട്ടനങ്ങളിലെ അവശേഷിക്കുന്ന ചുവപ്പ് കൂടി മാഞ്ഞിട്ടു അവിടെ കുങ്കുമം പടരുമോ..?

കാത്തിരുന്നു കാണാം.

ഓ. കെ. വാസുവും കൂടെയുള്ള രണ്ടായിരത്തോളം സ്വയംസേവകരും ഹിന്ദുത്വ ശക്തികള്‍ക്ക് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ലോങ്ങ്‌ ടേം ഇന്‍വെസ്റ്റ്‌മെന്റ്‌ ആകാനാണ് സാധ്യത.

വാല്‍ക്കഷണം:

ദളിത്‌വാദി കളും, നക്സലുകളും ഉന്നയിക്കുന്ന “ബ്രാഹ്മണ മാര്‍ക്സിസം” എന്നുള്ള ആക്ഷേപത്തില്‍ നിന്നു ഒരു പരിധിവരെ രക്ഷ പെടാന്‍ സാധിക്കും. എന്നാല്‍ ഷാജി ജേക്കബ്‌ മുതല്‍ സി ദാവൂദ്‌ വരെയുള്ളവര്‍ ആരോപിച്ച കാവി കമ്യൂണിസം എന്നുള്ള തൂവല്‍ എടുത്തണിയുകയാണ് പാര്‍ട്ടി.

കുറെ നാളുകള്‍ക്ക് ശേഷം മാമന്‍ വാസു അനുസ്മരണം ഉദ്ഘാടനം ചെയ്യുന്ന വാസുജി….

സഖാവ് കെ വി സുധീഷ്‌ രക്തസാക്ഷിത്വ അനുസ്മരണ പഥസഞ്ചലനം നയിക്കുന്ന വാസുജി..kv sudheesh

 രക്ത സാക്ഷികള്‍ സിന്ദാബാദ്…

രക്ത പതാക സിന്ദാബാദ്…

രക്ത കുടീരം സിന്ദാബാദ്…!!!

 സാക്ഷാല്‍ വെള്ളാപ്പള്ളി നടേശജിയെ ഉദ്ധരിച്ചുകൊണ്ട്…

“ആര് വെട്ടിയാലും ആര് ചത്താലും പോകുന്നത് തീയര്‍ക്കു…”

തീയര്‍ ഒന്നിക്കേണ്ടതിന്റെ പ്രത്യയശാസ്ത്ര ആവശ്യം വ്യാഖ്യാനിക്കുന്ന ഭാസുരേന്ദ്രബാബു…..