“വൈദ്യരമ്മയും മെഡിക്കോ മാഫിയയും” – പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ

— അശോക് കർത്ത  —

വൈദ്യരമ്മ, ലക്ഷ്മിക്കുട്ടിക്കു പദ്മപുരസ്കാരം കിട്ടിയതിൽ മെഡിക്കോകളുടെ വികാരപ്രകടനം കണ്ടാൽ അവരുടെ വീട്ടിലിരുന്ന പദ്മശ്രീ എടുത്തു സർക്കാർ ആ അമ്മയ്ക്കു കൊടുത്തപോലെ തോന്നും. അതിനവർ പറയുന്ന വെനം തിയറിയാണു അത്യുഗ്രവിഷം. ഡോക്ടറന്മാരുടെ ചീഞ്ഞമനസിൽ നിന്നും ഇറ്റുന്ന ആ വെനത്തിനു ആന്റിവെനമില്ല!

കൈക്കൂലി വാങ്ങിയോ, മീൻകച്ചോടം നടത്തിയോ, അബ്കാരി ബിസിനസ്സ് ചെയ്തോ, ഗൾഫിൽപ്പോയോ അപ്പനപ്പുപ്പന്മാർ കാശുണ്ടാക്കി തലവരികൊടുത്തും, NRI ക്വോട്ടായിൽ കയറ്റിയും ഡോക്ടറന്മാരാക്കപ്പെടുന്നവരാണു ഭൂരിപക്ഷം ഡോക്ടറന്മാരും. യഥാർത്ഥ മെറിറ്റിൽ ഡോക്ടറന്മാരാകുന്ന എത്രപേർ കാണും കേരളത്തിൽ? മെറിറ്റിലൂടെ അല്ലാതെ ഡോക്ടറാകുന്നവരെ വ്യാജഡോക്ടറന്മാർ എന്നുതന്നെവിളിക്കണം. അവരുടെ മുന്നിൽപ്പോയിരുന്നും ജനം മരുന്നു എഴുതിമേടിക്കാറുണ്ടല്ലോ. പിന്നെന്താണു ലക്ഷ്മിക്കുട്ടി ചികിത്സിച്ചാൽ? !

പാരമ്പര്യമായി ആർജ്ജിച്ച അറിവ് തന്നെതേടിയെത്തുന്നവർക്ക് ആശ്വാസത്തിനായി പകർന്നുകൊടുത്തവരാണു ലക്ഷ്മിക്കുട്ടി. മെഡിക്കൽ റെപ്പ് വന്നില്ലെങ്കിൽ മരുന്നെഴുതാൻ കഴിയാത്ത വ്യാജഡോക്ടറന്മാർക്കും, കമ്മീഷന്റെ തോതിനനുസരിച്ചുമാത്രം മരുന്നെഴുതുന്നവർക്കും വൈദ്യരമ്മയെ കാണുമ്പോൾ കലിപ്പുതോന്നുതു സ്വാഭാവികം. രോഗങ്ങൾ ഭേദമാകുന്നതിനു മറ്റൊരുരീതിയുണ്ടെന്നു കാണുന്നത് അവർക്ക് പേടിയാണു. തങ്ങളുടെ കമ്മീഷനാണല്ലോ വൈദ്യരമ്മയെപ്പോലുള്ളവർ നഷ്ടപ്പെടുത്തുന്നത്. അതൊന്നും അവർക്ക് സഹിക്കാനാവില്ല. കമ്മീഷൻ പോയാൽ പിന്നെങ്ങനെ മണിമാളികകൾ പണിയും? റിയൽ എസ്റ്റേറ്റിലും, ഫ്ലാറ്റുകളിലും, കൺവെൻഷൻ സെന്ററുകളിലും ഇൻവെസ്റ്റ് ചെയ്യും. ഡോക്ടറായെന്നുവച്ച് ആന്തരിക സ്വഭാവം മാറണമെന്നില്ലല്ലോ. പണമുണ്ടാക്കാമെന്നു വിചാരിച്ച് ഡോക്ടർപണിക്ക് ഇറങ്ങുന്നവരാണു കൂടുതലും. അവർക്ക് ലക്ഷ്മിക്കുട്ടിയേപ്പോലുള്ളവർ ചതുർത്ഥിയായിരിക്കും. അപ്പോപ്പിന്നെ മനശാന്തിക്കു ‘ഞായം’പറഞ്ഞ് പരിഹസിക്കും. അത്രേയുള്ളു. വല്യ ഇസ്യുയൊന്നുമല്ല.

തട്ടിപ്പുകാർക്കു പദ്മകൊടുക്കാത്താലും വൈദ്യരമ്മയെപ്പോലുള്ളവർക്ക് കൊടുക്കരുതെന്നാണു വ്യാജന്മാരുടെ നിലപാട്. സ്റ്റെന്റുനിർമ്മാണത്തിൽ പങ്കാളിയായ ഒരു ഡോക്ടർ കച്ചോടം വർദ്ധിപ്പിക്കാൻ ആവശ്യമില്ലാത്തവർക്കും സ്റ്റെന്റുനിർദ്ദേശിച്ചു പണം സമ്പാദിച്ച അന്വേഷണം വന്നിട്ടും അയാളുടെ പദ്മ തിരിച്ചെടുക്കാനോ അയാളെ IMA യിൽ നിന്നു പുറത്താക്കാനോ ഒരു മെഡിക്കോയും ആവശ്യപ്പെട്ടില്ല. ഇതിൽ നിന്നും അവരുടെ എതിർപ്പിന്റെ ഉദ്ദേശശുദ്ധി മനസിലായിക്കാണുമല്ലോ?

മെഡിക്കൽ വ്യവസായം ഒരു മൾട്ടിക്രോർ ബിസിനസാണു. എന്തു അവരാതം ചെയ്തും കാശുണ്ടാക്കാനാണു ഡോക്ടറന്മാർ ആ ഫീൽഡിൽ ഇറങ്ങുന്നത്. അപ്പോൾ അതിനവർക്ക് ഒരുതിയറിയും ബാധകമല്ല. അങ്ങനെ കാശുണ്ടാകുമ്പോൾ മനസാക്ഷി കുത്താൻ തുടങ്ങും. കാശുവന്ന വഴി അവർക്കറിയാമല്ലോ. അപ്പോഴാണു പുറമേപറയാൻ ഒരു അംഗീകാരമൊക്കെ വേണമെന്നു തോന്നുന്നത്. പത്തുപേരെക്കൊണ്ട് ‘പദ്മശ്രീ’ എന്നു വിളിപ്പിച്ചാൽ ഒരു സുഖമുണ്ട്. ചെയ്ത ചെറ്റത്തരങ്ങൾ അതുകൊണ്ട് മറച്ചുപിടിക്കാം. അതിനവർ പ്രാഞ്ചിമാരാകും. ലക്ഷ്മിക്കുട്ടിയെപ്പോലുള്ളവർക്ക് പുരസ്കാരം കൊടുത്താൽ ഒരു പ്രാഞ്ചിയുടെ അവസരമാണു നഷ്ടമാകുന്നത്. അതവരെങ്ങനെ സഹിക്കും? അതിന്റെ ചൊറയാണു സോഷ്യൽ മീഡിയയിൽ പൊട്ടിയൊലിക്കുന്നത്. ഒരുതരം മെഡിക്കൽ സോറിയാസിസ്സ്! ഇതൊരു രോഗമല്ല ഡോക്ടർ. സ്വഭാവ വൈകൃതമാണു. മെഡിസിനു ചേർന്നതുകൊണ്ടുണ്ടായ വൈകൃതം. അതിനു സ്വന്തം പാരമ്പര്യത്തിൽ പരിശോധന നടത്തുന്നത് നന്നായിരിക്കും. ജനിതകശാഖയൊക്കെ വികസിച്ചുവരികയല്ലെ!

പദ്മശ്രീ കിട്ടിയിട്ട് പ്രൊഫഷൻ വികസിപ്പിക്കണ്ട ഒരു വ്യക്തിയല്ല വൈദ്യരമ്മ. പദ്മയുടെ ഇമ്മ്യൂണിറ്റിയിൽ വിപുലപ്പെടുത്താൻ ഒരു ബിസിനസ്സുമവർക്കില്ല. യഥാർത്ഥത്തിൽ ഇത് അവർക്കൊരു ബാദ്ധ്യതയാകുമോ എന്നാണു എന്റെ ഭയം. 75 വയസുവരെ അവർ സുഗമമായി നടത്തിവന്ന സേവനം ഈ ഡോക്കുകൾ തടസപ്പെടുത്തുമോ? അസൂയയ്ക്ക് അതിരില്ലല്ലോ!

500 ഔഷധയോഗങ്ങളിലൂടെയാണു ലക്ഷ്മിക്കുട്ടി ചികിത്സിക്കുന്നത്. തന്നെ തേടിയെത്തുന്നവർക്ക് മാത്രമേ അവർ മരുന്നു പറഞ്ഞുകൊടുക്കാറുമുള്ളു. രോഗം മാറുന്ന അനുഭവമുള്ളതുകൊണ്ട് പിന്നെയും ആളുകൾ തേടിയെത്തുന്നു.

ശീതികരിച്ച മുറിക്കുള്ളിൽ കോട്ടും സ്യൂട്ടുമിട്ടിരുന്നു സർവ്വകലാശാല നൽകിയ കടലാസിന്റെ ബലത്തിൽ (കോപ്പിയടിച്ചോ, സ്വാധീനിച്ചോ നേടിയ കടലാസുകളും അതിൽ കാണും) ചികിത്സിച്ചാലേ ചികിത്സയാകു എന്നാണു ഡോക്ടറന്മാരുടെ പക്ഷം. ശാസ്ത്രത്തിനു ഒരുവഴി മാത്രമേയുള്ളു, അതു തങ്ങൾ കടന്നുപോന്നവഴി മാത്രമാണെന്നു വാശിപിടിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണു. ലോകത്തിന്റെ നാനാഭാഗത്തും വിവിധതരത്തിലുള്ള ചികിത്സകളുണ്ട്. അതിലൊക്കെ അതിന്റേതായ തനത്രീതികൾ നിലനിൽക്കുന്നുണ്ട്. അതാരുടേയും ഔദാര്യം കൊണ്ടോ കമ്പനികൾ പ്രമോട്ട് ചെയ്യുന്നതുകൊണ്ടോ അല്ല. അവ ഫലപ്രദമാണെന്നു ജനത്തിനു ബോദ്ധ്യമുള്ളതുകൊണ്ടാണു. ജനത്തിനു ബോദ്ധ്യമായാലും തങ്ങൾ അംഗീകരിക്കാത്തതുകൊണ്ട് അതൊന്നും ശാസ്ത്രീയമല്ല, എന്നു ഡോക്ടറന്മാർ ചിന്തിക്കുന്നുണ്ടെങ്കിൽ, അവർ ആദ്യം പോയി സ്വന്തം തല പരിശോധിപ്പിക്കട്ടെ. പലവഴികളും, പല സാദ്ധ്യതകളുമുള്ളതാണു ശാസ്ത്രം. അതംഗീകരിക്കുന്നില്ലെങ്കിൽ അതിന്റെയർത്ഥം നിങ്ങൾ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്നാണു. അതിനു പിന്തിരിഞ്ഞുനടക്കുകയാണെന്നാണു. ശാസ്ത്രം മതമായി മാറുമ്പോഴാണു ഇത്തരം ചിന്തകൾ ഉദിക്കുന്നത്. അപ്പോൾ തങ്ങളുടേതല്ലാത്തതിനേയെല്ലാം എതിർക്കും. അതിന്റെ പേരിൽ കുരിശുയുദ്ധങ്ങൾ പ്രഖ്യാപിക്കും. അലോപ്പതി ഇന്നൊരു മതമാണു. അതിലെ പുരോഹിതന്മാരാണു വൈദ്യരമ്മയ്ക്കു എതിരേ തിരിഞ്ഞിരിക്കുന്നത്.

ഒരു ഗോത്രവർഗ്ഗക്കാരിക്ക് പദ്മനൽകുന്നത് പഠിച്ചഡോക്ടറന്മാർക്കു അസ്വസ്ഥതയുളവാക്കുന്നു. അവർക്ക് ചികിത്സിക്കാൻ എന്തവകാശമെന്നു ചോദിക്കുന്നു. അവരുടെ ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നു. പണവും, സ്വാധീനവും, നാഗരികതയുമൊക്കെയുള്ള തങ്ങൾക്കു തുല്യമായി ഗോത്രവർഗ്ഗം ഉയരാൻ പാടുണ്ടോ? ഗിരിവർഗ്ഗം തങ്ങളേക്കാൾ അധമമാണെന്ന സുപ്പീരിയോറിറ്റി കോമ്പ്ലക്സിൽ നിന്നല്ലെ ഇതൊക്കെ ഉദിക്കുന്നത്.

ഇതു മറ്റൊന്നിന്റെ ലക്ഷണമാണു.

വംശീയതയുടെ…..

യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ചതിന്റെ പേരിൽ പുതിയൊരു വരേണ്യവർഗ്ഗം ഉണ്ടായിരിക്കുന്നു. ലക്ഷ്മിക്കുട്ടിക്കു പദ്മശ്രീ നൽകിയപ്പോൾ അലോപ്പതിവർഗ്ഗം ഫാഷിസവും കടന്നു വംശീയവിരുദ്ധതയിൽ എത്തിച്ചേർന്നിരിക്കുന്നു. സ്വന്തം വംശശുദ്ധി സംരക്ഷിക്കാൻ അധിനിവേശവർഗ്ഗം എക്കാലവും ഉപയോഗിക്കുന്ന അതേ തന്ത്രമാണു മെഡിക്കോകളും ഉപയോഗിക്കുന്നത്? എതിരാളിയെ അവരുമായി ബന്ധമില്ലാത്തകാര്യങ്ങൾ പറഞ്ഞ് ആക്രമിക്കുക. പ്രതിക്കൂട്ടിൽ നിർത്തുക. അനന്തരം ഉന്മൂലനം ചെയ്യുക.

സൂക്ഷിക്കണം, അലോപ്പതി മതത്തെ.