പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്


— ബോധി ദത്ത  —

കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’.
അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്.
പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ. തന്റെ പത്നിയെ പിരിഞ്ഞ വിരഹം സഹിക്ക വയ്യാതെ മേഘത്തിനേ പോലും ദൂതിനയച്ച യക്ഷന്റെ പ്രണയം ആഘോഷിച്ച, അംഗീകരിച്ച നാട്ടിൽ പക്ഷെ ഈ ഭർത്താവിന്റെ ഫേസ്ബുക് പ്രണയവും വിരഹവും ഒരു വിഭാഗത്തെ സ്പർശിക്കുന്നേ ഇല്ല.
എന്തൊരു ക്രൂരതയാണത്.?
ഒരു വിഭാഗം ജനങ്ങളും, നീതിന്യായ വ്യവസ്ഥയും ക്രൂരനായ നായികതാപിതാവും അവർക്കിടയിൽ വിലങ്ങു തടിയായി നിൽക്കുന്നു. ആ പ്രണയത്തെ നിർവചിക്കാൻ കുറച്ചെങ്കിലും കഴിയുക കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്കാണ്. ഒരു വലിയ വിഭാഗം മലയാളികൾക്ക് അതാരാണെന്ന് അറിയില്ലെങ്കിലും, ക്രിസ്ത്യാനി ആയി ജനിച്ചു ഇസ്ലാമിലും സൂഫി സിദ്ധാന്തങ്ങളിലും ആകൃഷ്ടനായ ലെബനീസ് വംശജനായ ജിബ്രാൻ തന്നെ ആണ് ഇവിടെ വേണ്ടത്. അത് ഒരുപാട് കാര്യങ്ങളെ സാധൂകരിക്കുന്നു. പോസ്റ്റ് എഴുതി കൊടുന്ന മാനവീയർക്കും, ബുദ്ധി ജീവികൾക്കും അതറിയാം. ഷെഫിൻ ജഹാനും അഖിലയ്ക്കും അറിയില്ലെങ്കിലും. എന്തിനാണ് കോടതിയും, അഖിലയുടെ അച്ഛനും, മറ്റു ചിലരും ഇങ്ങനെ മുറവിളി കൂട്ടുന്നത്.

ഭാരതത്തിൽ ഭരണഘടനാ അനുസരിച്ചു പ്രായപൂർത്തി ആയ രണ്ടു പേർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും, പ്രണയിക്കാനും, വിവാഹം കഴിക്കാനുമുള്ള അവകാശമില്ലേ എന്നതാണ് ചോദ്യം. ഉണ്ടെങ്കിൽ അഖിലയുടെ ഈ അവകാശം ഹനിക്കപ്പെടുന്നത് തടയേണ്ടത് മനുഷ്യാവകാശങ്ങളിലും ഭരണഘടനയിലെ വിശ്വസിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. രണ്ടു മൂന്നു ചോദ്യങ്ങൾ പക്ഷെ കോടതിയെയും, അശോകനെയും, മറ്റുചിലരെയും അലട്ടുന്നു.
ഇതിൽ പ്രണയം ഉണ്ടോ?
ഭരണഘടനാ അനുസരിച്ചുള്ള വിവാഹം ഉണ്ടോ?
തർക്കം ഇല്ലാത്തതു ഒരു കാര്യത്തിൽ മാത്രം, മതം മാറ്റം. വിദ്യാർത്ഥിനി ആയിരിക്കെ തന്റെ സഹപാഠികളിൽ നിന്ന് ഇസ്ലാമിനെ കുറിച്ചറിഞ്ഞു, അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിച്ച അഖില എന്ന ഹിന്ദു പെൺകുട്ടി ഇസ്ലാമിക ചര്യകൾ അനുസരിച്ചു ജീവിച്ചു തുടങ്ങുന്നു. അതൊക്കെ അനുവദിച്ചു കൊടുത്ത മകളെ അളവറ്റു സ്നേഹിക്കുന്ന നിസ്സഹായനായ ഒരു അച്ഛന്റെ ഫോൺ സംഭാഷണവും നമ്മൾ കേട്ടതാണ്. സിറിയ യമൻ തുടങ്ങുയ സംസാര മധ്യേ പണ്ടെങ്ങോ വന്ന വാക്കുകൾ മാത്രമാണ് ആ അച്ഛനെ അലട്ടിയിരുന്നത്. അഖില ഹാദിയ ആയതു ക്രൂരനും സ്വേച്ഛാധിപതിയുമായ അശോകന് ഒരു വലിയ വിഷയമായിരുന്നില്ല. മകളെ നഷ്ടപ്പെടുമോ എന്ന ഭയം അല്ലാതെ.

അങ്ങനെ ഇരിക്കെ കൂടെ പഠിക്കുന്ന കൂട്ടുക്കാരികളുടെ പ്രേരണയാല്‍ അഖില വീടു വിട്ടിറങ്ങി മതപഠന കേന്ദ്രത്തിലേക്ക് പോകുന്നു. മകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയിലായ അച്ഛൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. കേസ് നടന്നുകൊണ്ടിരിക്കെ കോടതിയെ സംരക്ഷണയിലായിരുന്ന അഖില, രണ്ടു ദിവസത്തെ കേസിന്റെ ഇടവേളയില്‍ കോടതിയെ അറിയിക്കാതെ ഷെഫിൻ ജഹാനെന്ന ആളെ പ്രണയിച്ചു വിവാഹം കഴിക്കുന്നു. തീവ്രവാദ ബന്ധമുള്ള ഷെഫിൻ ജഹാനിലും, രണ്ടു ദിവസം കൊണ്ട് നടന്ന പ്രണയ വിവാഹ നാടകത്തിലും അതൃപ്തി പ്രകടിപ്പിച്ചു ഹൈകോടതി വിവാഹം റദ്ദാക്കുന്നു. അതോടെ അഖിലയുടെ പുതിയ ആങ്ങളമാരും, മാനവീകതയുടെ വക്താക്കളായ സഹോദരിമാരും യുദ്ധം പ്രഖ്യാപിക്കുന്നു. നീതിന്യായ വ്യവസ്ഥക്ക് നേരെയും, നിസ്സഹായനായ ആ അച്ഛന് നേരെയും.
അവരുടെ ചോദ്യം ഇത്രെയേ ഒള്ളൂ.
അതെന്താ, രണ്ടു ദിവസസം കൊണ്ട് പ്രണയം തളിർത്തു ആഴത്തിൽ ശക്തി പ്രാപിച്ചൂടെ?
നിങ്ങള്ക്ക് അങ്ങനെ തോന്നുന്നില്ലെങ്കിൽ അത് വർഗീയതയുടെ ഇരുട്ട് കണ്ണിൽ നിറഞ്ഞതു കൊണ്ടാണ്. ഇത് ലവ് ജിഹാദ് ആണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നോണ്ടാണ്.
സത്യത്തിൽ രണ്ടു ദിവസത്തിൽ പ്രണയം തോന്നുമോ?
ഇനി കോടതിക്കും, നമുക്കും, അശോകനും ആണോ തെറ്റ് പറ്റിയത് എന്ന് വരെ മുകളിലെ ആ പ്രേമ കാവ്യം വായിച്ചാൽ സംശയം തോന്നാവുന്നതാണ്.

ഇവിടെ ശ്രദ്ധേയം ആയ കാര്യം എന്താണെന്ന് വച്ചാൽ ഇവിടെ ആദ്യം നടന്നത് മതം മാറ്റം ആണ്. അഖില ഹാദിയായി.
അശോകൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു കേസ് നടന്നു കൊണ്ടിരിക്കെ ആണ് പ്രണയവും വിവാഹവും നടന്നത്. അതിനാൽ ഇതൊരു ലവ് ജിഹാദ് കേസ് അല്ല എന്നത് സ്പഷ്ടം ആണ്, മറിച്ചു ആസൂത്രിത മതം മാറ്റം ആണ്.
അമേരിക്കൻ ഇമാം ആയ ലുഖ്‌മാൻ അഹമ്മദ് നടത്തിയ ഒരു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, പുതിയതായി ഇസ്ലാം മതം സ്വീകരിച്ച പത്തിൽ ഏഴു പേരും ആദ്യത്തെ രണ്ടു കൊല്ലത്തിനിടയിൽ ഇസ്ലാം വിടുന്നു അല്ലെങ്കിൽ ഇസ്ലാമികചര്യകൾ ആചരിക്കുന്നത് നിര്‍ത്തുന്നു എന്നാണ്. കമല സുരയ്യ തൊട്ടു ജാനറ്റ് ജാക്സൺ വരെ അങ്ങനെ മാറി ചിന്തിച്ചവരാണ്. ഒരു പക്ഷേ ആ സാധ്യത ആവും സൈനബയെയും അവരുടെ പിന്നിലുള്ള ശക്തികളെയും, രണ്ടു ദിവസം കൊണ്ട്, കോടതിയെ പോലും കബളിപ്പിച്ചു ഷെഫിൻ ജഹാനെ കൊണ്ട് അഖിലയെ നിക്കാഹ് കഴിപ്പിച്ചത്. പിന്നേ മാനസാന്തരം വന്നാലും ഒരിക്കലും പുറത്തേക്കു പോവാൻ കഴിയാത്ത പോലെ ഒരു പൂട്ട്. എന്നെന്നേക്കുമായി അശോകനിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റാൻ ഉള്ള മാർഗവും.

പക്ഷെ ഇവിടെയും ബാക്കി വരുന്ന ചോദ്യം അഖില പിന്നെ എന്ത് കൊണ്ട് ഭർത്താവിന്റെ കൂടെ പോണം എന്ന് പറയുന്നു എന്നതാണ്. മനഃശാസ്ത്രപരം ആയി എട്ടു തരം പ്രണയം ആണ് ഉള്ളത്. അതൊരു പുരാതന ഗ്രീക്ക് സിദ്ധാന്തമാണ്.
1) തികച്ചും ശാരീരികമായ അൽപായുസുള്ള ഇറോസ് അഥവാ ഇറോട്ടിക് പ്രണയം.
2) പരസ്പര വിശ്വാസവും, സൗഹൃദവും കലർന്ന ശാരീരികമല്ലാത്ത ഫിലിയ എന്ന പ്രണയം.
3) ദീർഘ നാളത്തെ സാമീപ്യവും കൊണ്ടുണ്ടാവുന്ന ഫെമിലിയർ പ്രണയം.
4) ബാലിശവും, നിഷ്കളങ്കവും, വിനോദരപൂര്‍ണ്ണവും ആയ ലുഡസ് എന്ന പ്രണയം.
5) ആത്മാഭിമാനം കുറഞ്ഞ ആളുകള്‍ക്ക് പൊതുവെ തോന്നുന്ന അസൂയയും, സ്വന്തമാക്കലും നിറഞ്ഞ ഒബ്‌സെസ്സിവ് ലവ്.
6) ദീർഘ നാൾ കൊണ്ട് രണ്ടു പേർ ക്ഷമയും, ത്യാഗവും സഹിച്ചു പടുത്തുയർത്തുന്ന പ്രാഗ്മാ എന്ന പ്രണയം.
7) ആത്മാനുരാഗം.
8) ആദ്ധ്യാത്മികവും നിസ്വാർത്ഥവും ആയ പ്രണയം.
ഇതിൽ ഏതു പ്രണയം ആയിരിക്കും അഖിലക്ക് ഷെഹിനോട് എന്ന് ചിന്തിക്കേണ്ടതാണ്.

ഇതിൽ പകുതിയിൽ അധികവും ദീർഘനാളത്തെ സാമീപ്യം കൊണ്ടും, ആശയ വിനിമയം കൊണ്ടും ഉണ്ടാവുന്നതാണ്. രണ്ടു ദിവസം അതിനുള്ള സമയം കൊടുക്കുന്നില്ല. ഷെഹിൻ ജഹാന്റെ ഭാവനയിൽ അല്ലാതെ അവർ ഒരുമിച്ചു കഴിഞ്ഞിട്ടില്ല എന്നതും തെളിഞ്ഞതാണ്. ബാക്കി ഒക്കെ ആണെങ്കിൽ തികച്ചും ശാരീരികവും ബാലിശവും ആണ് താനും.
’ലവ് ഈസ് എ ബഞ്ച് ഓഫ് ഹോർമോൺസ്’ എന്നാണ്. അതായതു കാല്പനിക പ്രണയം സെറാടോണിൻ, ഓക്‌സിടോസിൻ, ഡോപ്പമീൻ, അഡ്രിനാലിൻ തുടങ്ങിയ ഹോര്‍മോണുകളുടെ അതിപ്രസരം മാത്രം ആണെന്ന് ചില സൈക്കോളജി ക്ലാസ്സുകളിൽ ഉയർന്നു കേൾക്കാറുണ്ട്. ആയുസ്സില്ലാത്ത അത്തരം തോന്നലുകൾ അര്‍ത്ഥവത്താകുന്നതും, സ്നേഹം ആവുന്നതും പിന്നീടുള്ള സാമീപ്യവും, ആശയ വിനിമയവും, വിശ്വാസവും ഒക്കെ കൂടുമ്പോഴാണ്. അപ്പൊ തികച്ചും ശാരീരികമോ ബാലിശമോ ആയ ഹോർമോൺ അതി പ്രസരസങ്ങൾക്കു വേണ്ടി അശോകൻ തന്റെ മകളെ അപകടത്തിലേക്ക് പറഞ്ഞയക്കാൻ തയ്യാറാവണം എന്ന് മാനവീയതയുടെ വക്താക്കൾക്കെങ്ങനെ വാദിക്കാൻ സാധിക്കും?

ഇനി ഇതൊന്നും അല്ലാതെ ആയിരം പുത്രന്മാരുടെ സാമീപ്യത്തെക്കാൾ സുഖദായകം ആണ് ഭർത്താവിന്റെ സ്നേഹവും സാമീപ്യവും എന്ന് പറഞ്ഞു ഭർത്താവിന്റെ പാദസേവക്കായി കൊട്ടാരം വിട്ടിറങ്ങിയ സീത ദേവിയുടെ പോലെ ഉള്ള ആർഷ ഭാരത പത്നി ധർമം ആണോ അഖിലയുടെ പ്രേരണ?
പക്ഷെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു വില കല്‍പ്പിക്കാത്ത, തികച്ചും സ്വാർത്ഥയായ ഒരു പെൺകുട്ടിക്ക് അങ്ങനെ ഒരു മനസുണ്ടാവുമെന്നും കരുതാൻ വയ്യ. എവിടെയോ വായിച്ചതോർക്കുന്നു പ്രാരാബ്ധങ്ങൾക്കൊടുവിൽ വിവാഹം കഴിച്ചപ്പോൾ അശോകൻ തീരുമാനിച്ചതാണെന്ന്‌ ഒരൊറ്റ മകൾ മതിയെന്നും എല്ലാ ലാളനയും, സ്നേഹവും സൗഭാഗ്യങ്ങളും അവൾക്കു കൊടുക്കണം എന്നും.

സിംഗിൾ ചൈൽഡ് സിൻഡ്രോം എന്നത് മനശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന ഒരു സാധ്യത ആണ്. ഒരു പാട് കേസുകളിൽ സഹോദരി സഹോദരൻമാരില്ലാതെ വളർന്ന കുട്ടികളിൽ വാശി, സാമൂഹികമായ ഇടപെടലുകളിലുള്ള ബുദ്ധിമുട്ടു, ആത്മവിശ്വാസക്കുറവ്, അഡ്ജസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടു ഒക്കെ കണ്ടുവരാറുണ്ട്. ഇതൊക്കെ അഖിലയുടെ കാര്യത്തിൽ ചിന്തിക്കാവുന്നതാണ്. അഖില വളർന്നത് ഒരു യുക്തിവാദിയുടെ മകൾ ആയാണ് താനും. പലപ്പോഴും ആത്മീയത ആണ് വിഷമഘട്ടങ്ങൾ ഒരു മനശാസ്തജ്ഞന്റെ ജോലി ചെയ്യാറുള്ളത്.
വിഷമഘട്ടങ്ങളിൽ, ആത്മവിശ്വാസം കൈവിട്ടു പോകുന്ന വേളകളിൽ ഭക്തിയും ആത്മീയതയും മനസ്സിന് നൽകുന്ന ശക്തി ഒരു കൗൺസിലിങ്ങിനും നൽകാൻ കഴിയില്ല. അതു കൊണ്ടു തന്നെ ആണ് യുക്‌തിവാദം കൂടുതലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ മനഃശാസ്ത്രത്തിനും, കൗൺസിലിങ്ങിനും ഇത്ര പ്രാധാന്യം. ഭാരതത്തിലും മറ്റു മതാധിഷ്ടിത സംസ്ക്കാരങ്ങളിലും ആ ജോലി നിർവഹിക്കുന്നത് ഗുരുക്കന്മാരും, മതപണ്ഡിതരും ആണ്.

Akhila’s Mother Ponnamma

എബ്രഹാം മാഴ്സലോ എന്ന ഒരു അമേരിക്കൻ സൈക്കോളജിസ്റ് മനുഷ്യരുടെ ആവശ്യങ്ങളെ അഞ്ചായി തിരിച്ചിട്ടുണ്ട്.
തികച്ചും ശാരീരികം ആയ ആവശ്യങ്ങൾ, സുരക്ഷിതത്വം, സമൂഹം, ആത്മാഭിമാനം, ആത്മസാക്ഷാത്കാരം എന്നിങ്ങനെ.
ഇതിലെ അവസാനത്തേത് ആത്മസാക്ഷാത്കാരം എന്നത് നൽകുന്നത് ആത്മീയതയാണ്. ഒരു യുക്തിവാദി കുടുംബത്തിൽ ഏകാന്തതയിൽ വളർന്ന പ്രത്യേകിച്ച് കഴിവുകളൊന്നും ഇല്ലാത്ത, പഠിക്കാൻ പുറകിലേക്കായിരുന്ന, മാനസിക സംഘർഷം അനുഭവിച്ചിരുന്ന, ആത്മവിശ്വാസം ഇല്ലാത്ത, അന്തർമുഖിയായിരുന്ന അഖിലക്ക് ആ ശൂന്യത നിറക്കാൻ എളുപ്പം ആയിരുന്നിരിക്കില്ല. ആദ്യ വര്‍ഷം പഠിത്തം നിർത്തി പോകാൻ ആലോചിച്ച അഖിലക്ക് ആ ശൂന്യതയിലേക്ക് കടന്നു ചെന്നത് ഇസ്ലാം ആയിരുന്നിരിക്കണം. സ്വധർമ്മം പഠിക്കാതെ വളർന്ന അവൾക്കു സാന്ത്വനവും, ധൈര്യവും മറ്റൊരു മതം നൽകി എന്ന് വേണം കരുതാൻ. അത് ഭയത്തിലൂടെയും, ചട്ടക്കൂടുകളിലൂടെയും അടിച്ചേല്പിക്കപ്പെട്ടപ്പോൾ ഹൈകോടതി പരാമർശിച്ച പോലെ സാധാരണത്തിൽ താഴെ മാത്രം IQ ഉള്ള അഖിലക്ക് തിരസ്ക്കരിക്കുക എളുപ്പം അല്ല താനും.

അടുത്ത ചോദ്യം പൗരാവകാശത്തിന്റെ ആണ്.
പതിനെട്ടു വയസ്സ് കഴിഞ്ഞ എനിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന തരുന്നുണ്ടെന്നാണ് അഖിലയുടെയും സഹോദരിമാരുടെയും വാദം. ശരി ആണ്, പക്ഷെ പതിനെട്ടു വയസ്സ് കഴിഞ്ഞ മകളോട് സ്വന്തമായി പഠിക്കണമെന്നും, താമസിക്കാൻ വേറെ സ്ഥലം നോക്കണം എന്നും, സ്വയം കാര്യങ്ങൾ നോക്കണം എന്നും പറയാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്. പക്ഷെ അശോകൻ ചെയ്തത് രാജ്യത്തിന് കാവൽ നിന്ന് ലഭിച്ച തുച്ഛമായ ശമ്പളം കൊണ്ട് പഠിക്കാൻ മോശമായ മകളെ അവൾക്കിഷ്ട്ടപ്പെട്ട വിഷയം പഠിക്കാൻ അയക്കുകയാണ്. അവൾ മതം മാറിയിട്ടും സ്നേഹത്തോടെ അവളെ വിളിച്ചു സംസാരിക്കുന്ന അച്ഛനെ ആണ് നമ്മൾ കണ്ടത്. പാശ്ചാത്യരെ കണ്ടു തുള്ളുന്ന ലിബറൽ, ഫെമിനിസ്റ്റ് മനുഷ്യാവകാശ വാദികൾ അശോകൻ എന്ന പുരുഷമേധാവിത്വത്തിന്റെ വക്താവിനെ കടിച്ചു കീറുമ്പോൾ മറക്കുന്ന ഒരു കോൺസെപ്റ് ഉണ്ട്. കൾച്ചറൽ അപ്പ്രോപ്രിയേഷൻ.

പാശ്ചാത്യ രാജ്യങ്ങളിൽ പ്രായപൂർത്തി ആയാൽ വിദ്യാഭ്യാസവും, വിവാഹവും പിന്നീടുള്ള ജീവിതവും സ്വയം പണം കണ്ടെത്തി ആണ് നടത്തുന്നത്. മകളുടെ വിദ്യാഭ്യാസവും, അത് കഴിഞ്ഞു ആര്‍ഭാടത്തോട് കൂടി അവളുടെ വിവാഹവും, പിന്നീട് ജീവിതത്തിലെ ഓരോ ഘട്ടത്തിലും സാമ്പത്തികമായും അല്ലാതെയും കൂടെ നിൽക്കുന്ന അശോകനെ പോലെ ഉള്ള ഒരു ശരാശരി ഭാരതീയനായ അച്ഛന് മകളിൽ പതിനെട്ടു വയസ്സ് വരെ മാത്രമാണോ അവകാശം ഉള്ളത്?
ഈ പറയുന്ന ലിബറൽ അനാർക്കിസ്റ്റുകൾ ഒരു പക്ഷെ അങ്ങനെ ഉള്ള അരക്ഷിതാവസ്ഥയിൽ വളർന്നു വന്നവരാവാം. പക്ഷെ അഖിലയുടെ അച്ഛൻ അങ്ങനെ അല്ല എന്നത് സ്പഷ്ടം ആണ്. അശോകൻ അഖിലയുടെ വിദ്യാഭ്യാസത്തിനായി കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ ഒരു പക്ഷെ പിരിഞ്ഞു കിട്ടിയ എൺപതു ലക്ഷത്തിൽ മുങ്ങി പോയിട്ടുണ്ടാവാം. എന്റെ ഭർത്താവിന്റെ പണം കൊണ്ട് ഞാൻ പഠിച്ചോളാം എന്ന് പറയാൻ അഖിലയെ പ്രാപ്തയാക്കിയത് അതാവാം. അല്ലെങ്കിൽ ചുറ്റും നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെയും , സുഹൃത്തുക്കളുടെയും മാധുര്യമൂറുന്ന വാക്കുകൾക്കു മുന്നിൽ പരുക്കനും , നാട്ടിന്പുറത്തുകാരനും അഭ്യസ്തവിദ്യനും അല്ലാത്ത അശോകന്റെ ആത്മാർത്ഥമായ വാക്കുകൾ അവൾക്കു പീഡനമായി തോന്നുന്നുണ്ടാവാം.

അശോകൻ തന്റെ നിലപാട് വ്യക്തമാക്കിയതാണ്.
മകൾ മതം മാറിയത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഒരു തീവ്രവാദം ബന്ധം ഉള്ള അപരിചിതനായ ഒരാളോടൊപ്പം പോയാൽ പിന്നെ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയം ആണ് ആ അച്ഛനെ നിയമ പോരാട്ടത്തിനായി പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെയും തോന്നലുകളെയിം ശരി വയ്ക്കുന്നതായിരുന്നു സുപ്രീം കോർട്ടിൽ നടന്ന സംഭവ വികാസങ്ങളും. കളിപ്പാട്ടം വേണം എന്ന് വാശിപിടിച്ചു കരയുന്ന ഒരു കുട്ടിയുടെ വാശിയായി ഇതിനെയൊക്കെ കണ്ടു ക്ഷമിച്ചു സാംസ്ക്കാരിക നായകന്മാരൊക്കെ പറയുന്ന പോലെ മകളെ ഉപേക്ഷിക്കാതെ ഇപ്പഴും സ്നേഹിക്കാനും അദ്ദേഹത്തിന് കഴിയുന്നു. സുപ്രീം കോടതി നടപടികള്‍ക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലും അച്ഛനുമായി സംസാരിച്ചെന്നും, ഷെഫിൻ ഫോണെടുത്തില്ലെന്നും പറഞ്ഞു നെടുവീർപ്പിട്ടു അഖിലയെ ആണ് നമ്മൾ കണ്ടത്.

അഖില ഭാഗ്യവതി ആണ്. അവൾ ആഗ്രഹിക്കുന്ന പോലെ ഒരു നിസ്വാർത്ഥ പ്രണയകഥയിലെ നായിക തന്നെ ആണ് അവൾ. അതിൽ ശക്തനായ ഒരു നായകനും ഉണ്ട്. അത് പക്ഷെ ഷെഫിൻ ജഹാൻ അല്ല. ഒരു വിഭാഗം സ്വേച്ഛാധിപതിയെന്ന് ആക്രോശിക്കുമ്പോഴും, മറ്റൊരു വിഭാഗം സ്വധർമ്മം പഠിപ്പിക്കാത്ത കഴിവുകെട്ട അച്ഛൻ എന്ന് പരിഹസിക്കുമ്പോഴും, മകൾ കാഫിർ എന്ന് വിളിച്ചാക്ഷേപിക്കുമ്പോഴും മരണം വരെ മകളെ ആർക്കും അപായപ്പെടുത്താൻ ആവില്ലെന്നും ആർക്കും അവളെ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു അവളെ തളർന്ന കൈയ്യുകളോടെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്ന അശോകൻ ആണ് എന്റെ മനസ്സിലെ ഹീറോ. കാറ്റായും തീയയും പൂതം വന്നാലും എന്റെ കണ്ണ് ചൂഴ്ന്നെടുത്താലും എന്റെ കുഞ്ഞിനെ ഞാൻ തരില്ലെന്ന് ധൈര്യപൂർവം പറഞ്ഞ നങ്ങേലിയുടെ പുരുഷ രൂപം.
ഏതോ ഒരു സിനിമയിൽ കേട്ട് ചിരിച്ച ഒരു വാചകം ഓര്‍മ്മ വരുന്നു. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം നീ എന്നെ സ്നേഹിച്ചു തുടങ്ങുമെന്ന് നായികയോട് പറയുന്ന നായകൻ.
അത് പോലെ അഖില തീർച്ചയായും താൻ ചെയ്ത അബദ്ധവും അച്ഛന്റെ സ്നേഹവും തിരിച്ചറിയും എന്ന് ഉറപ്പാണ്. പക്ഷെ അത് തിരിച്ചു പോക്കിന് ഒരു അവസരം ഉള്ളപ്പോഴാവട്ടെ. ഏകാന്തതയിൽ, ആനയും ശീവേലിയും ഒന്നുമില്ലാതെ, വിവര്‍ണ്ണമായ ജീവിതം സ്വയം ശപിച്ചു കൊണ്ട് ജീവിച്ചു തീർക്കുമ്പോഴാവതിരിക്കട്ടെ.