— ഷാബു പ്രസാദ് —
ഹിന്ദു ഭീകരത എന്ന കള്ളക്കഥ
__________________________________
ഭീകരപ്രവർത്തനവും ബോംബ്സ്ഫോടനങ്ങളും രക്തച്ചൊരിച്ചിലുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു . വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഉണ്ടാക്കിയ കോൺഗ്രസ്സിന്റെ ജാരസന്തതികളാണ് ഭാരതത്തിലെ ഭീകരപ്രവർത്തനം എന്ന് ചരിത്രത്തിലേക്ക് കുറച്ച് ഇറങ്ങിച്ചെന്നാൽ ആർക്കും മനസ്സിലാകും . സ്വന്തം സ്വാർഥസാക്ഷാത്കാരത്തിനു വേണ്ടി നെഹ്റു നടപ്പാക്കിയ വികലമായ നയങ്ങളാണ് , ലോകത്തിലെ എറ്റവും വലിയ പ്രശ്നഭരിത പ്രദേശങ്ങളിലൊന്നായി കശ്മീരിനെ മാറ്റിയത് …തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കരുവായി ഭിന്ദ്രൻ വാലയെ ഇന്ദിരാഗാന്ധി വളർത്തിയപ്പോൾ , പഞ്ചാബ് രക്തക്കളമായത് ഒന്നര പതിറ്റാണ്ടോളമാണ് …അവസാനം വളർത്തിയ ഇന്ദിരയെത്തന്നെ അവസാനിപ്പിച്ച രീതിയിലേക്ക് അത് വളർന്നതും , ആയിരക്കണക്കിന് കോടികളും, മനുഷ്യജീവനുകളും എണ്ണിയാലൊടുങ്ങാത്ത വിഭവശേഷിയും പഞ്ചാബിന്റെ തെരുവുകളിൽ ഹോമിച്ച് , ആ പ്രദേശത്തെ വീണ്ടെടുത്തതും നമ്മുടെ കൺമുമ്പിലാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി LTTE യെ പരിശീലിപ്പിച്ച് , അവസാനം രാജീവ് ഗാന്ധി വരെ ആ സ്വയംകൃതിയിൽ ഒടുങ്ങിയതും നാം കണ്ടതാണ് ….
അറുപത് വർഷം നീണ്ട കുടുംബാധിപത്യത്തിന്റെ ചരിത്രത്തിലെമ്പാടും ഈ ചോരപ്പാടുകൾ പടർന്ന് കിടക്കുന്നത് കാണാൻ കഴിയും …ഇതിലൂടെ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ പ്രീണനവും , അങ്ങിനെ നേടിയ സംഘടിത ന്യൂനപക്ഷ വോട്ടുബാങ്കുമാണ് നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്വം ഇവിടെ ഊട്ടിയുറപ്പിക്കപ്പെട്ടത് …വർഗീയതയും , ഭീകരപ്രവർത്തനവും തരാതരം പോലെ ഉപയോഗിക്കുന്ന അസാധാരണമായ മെയ് വഴക്കം അവർക്ക് രണ്ട് രക്തസാക്ഷികളെ -ഇന്ദിര , രാജീവ് – ഉണ്ടാക്കിക്കൊടുത്തു …ആ സഹതാപ തരംഗത്തിന്റെ ചിറകിലേറി , മൃതപ്രായമായ അവസ്ഥയിൽ നിന്ന് അവർ തിരിച്ച് വരികയും ചെയ്തു ..
പറഞ്ഞ് വന്നത് , ഭീകരപ്രവർത്തനത്തെ ഇത്ര വിദഗ്ദ്ധമായി പാകിസ്ഥാൻ പോലും ദുരുപയോഗം ചെയ്തിട്ടുണ്ടാകില്ല . അതുപോലൊരു അന്തർ നാടകത്തിന്റെ കഥയാണ് 2006 ലെ മലഗാവ് സ്ഫോടനത്തിന്റെതും .
2006 സെപ്റ്റംബർ 8 നും രണ്ടു വർഷത്തിന് ശേഷം 2008 സെപ്റ്റംബർ 29 നുമാണ് , മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലഗാവിൽ രണ്ട് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുന്നത്. ആദ്യത്തെ സ്ഫോടനം 37 പേരുടെ മരണത്തിടയാക്കിയ വമ്പൻ RDX സ്ഫോടനമായിരുന്നു എങ്കിൽ , രണ്ടാമത്തേത് ആൾനാശമില്ലാത്തതായിരുന്നു….ആദ്യഘട്ടങ്ങളിൽ അന്വേഷണം സിമിയെ കേന്ദ്രീകരിച്ച് മുൻപോട്ടു പോവുകയും ഏതാനും പേർ അറസ്റ്റിലാവുകയും ചെയ്തു …ആദ്യം മുതൽ , ഈ സംഭവത്തിൽ ഹിന്ദു സംഘടനയായ അഭിനവഭാരതിന്റെ പേര് ആസൂത്രിതമായി സർക്കാർ വൃത്തങ്ങളിലും , രാഷ്ട്രീയവൃത്തങ്ങളിലും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു….ഇരമണത്ത മാധ്യമങ്ങൾ സംഭവം എറ്റുപിടിച്ചു….കൃത്യമായ ഇടവേളകളിൽ , കേന്ദ്ര സർക്കാരും , കോൺഗ്രസ്സ് നേതൃത്വവും ,ശിങ്കിടികളായ ഇടതുപക്ഷവും മാറി മാറി ഈ ആരോപണത്തെ പൊലിപ്പിച്ചുകൊണ്ടിരുന്നു …അങ്ങിനെ ” ഹിന്ദു ഭീകരത ” എന്ന ഒരു പുതിയ വാക്ക് തന്നെ സൃഷ്ടിക്കപ്പെട്ടു ….അറസ്റ്റിലായ മുസ്ലീം ചെറുപ്പക്കാർ , സംഭവുമായി ബന്ധമില്ലാത്തവരായിരുന്നു എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ് …
2008 സെപ്റ്റംബറിലെ മലഗാവ് സ്ഫോടനത്തിൽ ആൾനാശം ഉണ്ടായിരുന്നില്ല …സ്ഫോടനത്തിനുപയോഗിച്ച ഹീറോ ഹോണ്ട മോട്ടോർ സൈക്കിളിന്റെ ഉടമയെത്തെടിയുള്ള തിരച്ചിൽ , സന്യാസിനി പ്രഗ്യ സിംഗ് താക്കൂരിൽ എത്തി നിന്നു…അവർ സന്ന്യാസദീക്ഷ സ്വീകരിക്കുന്നതിനു വർഷങ്ങൾക്ക് മുൻപ് വിറ്റ മോട്ടോർ സൈക്കിൾ ആയിരുന്നു അത്. രേഖകൾ മാറ്റാൻ മറന്നതുകൊണ്ടോ എന്തോ , അപ്പൊഴുമതിന്റെ സാങ്കേതികമായ ഉടമ അവരായിരുന്നു …ആർക്കാണത് വിറ്റത് , എങ്ങോട്ടാണത് കൈകൾ മറിഞ്ഞ് പോയത് എന്നതിലെക്കൊന്നും ഒരു അന്വേഷണവും പോയില്ല …
RDX കൈകാര്യം ചെയ്യൽ അതീവസൂക്ഷ്മതയും , സാങ്കേതിക ജ്ഞാനവും , പരിചയവും ആവശ്യമുള്ള കാര്യമാണ് ..അഭിനവ ഭാരതിനൊ , മറ്റെതെങ്കിലും ഹിന്ദു സംഘടനക്കോ RDX കൈകാര്യം ചെയ്ത് പരിചയമില്ല …അങ്ങനെയൊരു കേസ് ഹിസ്റ്ററിയുമില്ല ..ഇവർക്കെങ്ങനെ ഇത് കിട്ടി എന്നതിന് വളരെ കഷ്ടപ്പെട്ട് NIA ഉത്തരം കണ്ടെത്തി …അറസ്റ്റിലായ കേണൽ പ്രശാന്ത് പുരോഹിത് ,കരസേനയിൽ പ്രവർത്തിച്ചപ്പോൾ കൊണ്ടുവന്നതാണത്രേ..കാശ്മീരിൽ തീവ്രവാദികളിൽ നിന്നും പിടിച്ചെടുത്ത 60 കിലോ RDX , ഈ മനുഷ്യൻ കടത്തിക്കൊണ്ടു വന്നു എന്നാണ് കേസ് …പക്ഷേ , തീവ്രവാദികളിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ സ്ഫോടകവസ്തുക്കളും കൃത്യമായി ഓഡിറ്റ് ചെയ്ത് , ആർമിയുടെ സ്റ്റോക്കുകളിൽ ഭദ്രമായിരുന്നു …അതുമല്ല , ഇത്രക്ക് വിനാശകാരിയായ സ്ഫോടകവസ്തു പോയിട്ട് , ഒരു സാധാരണ വെടിയുണ്ട പോലും ആർമി സൂക്ഷിക്കുന്നത് അതീവ ഗൌരവമായാണ് …പലതലങ്ങളിൽ , കണക്ക് സൂക്ഷിച്ചും, അത് കണിശമായി ഓഡിറ്റ് ചെയ്തുമാണ് ഓരോ സ്റ്റോക്കും പുറത്തേക്കും അകത്തേക്കും പോകുന്നത് …അങ്ങനെയുള്ള ഒരു സംവിധാനത്തിൽ നിന്നും ഒരു ആർമി ഉദ്യോഗസ്ഥൻ , 60 കിലോ RDX കടത്തിക്കൊണ്ടു പോയി എന്നൊക്കെപ്പറയുന്നത് മനുഷ്യന്റെ സാമാന്യബുദ്ധിയെത്തന്നെ പരിഹസിക്കുന്ന കാര്യമാണ് ..ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഒരിക്കലും NIA ക്ക് കഴിഞ്ഞില്ല ..
മലഗാവ് സ്ഫോടനത്തിലെ ദൃക്സാക്ഷിയായ ദിലീപ് പതിദാറിനെ മഹാരാഷ്ട്ര ATS വിളിപ്പിച്ചിരുന്നു …അതിനുശേഷം ആ യുവാവിനെ പുറം ലോകം കണ്ടിട്ടില്ല … കുടുംബാംഗങ്ങൾ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജ്ജി ഫയലിൽ സ്വീകരിച്ച് , മഹാരാഷ്ട്ര ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം എങ്ങുമെത്തിയില്ല …ആ ചെറുപ്പക്കാരന്റെ നാവിൽ നിന്ന് വീഴുന്ന കാര്യങ്ങൾ തങ്ങളുടെ പദ്ധതിക്ക് വിഘാതമായേക്കാം എന്നറിഞ്ഞു നടത്തിയ തിരോധാന നാടകം അവസാനിക്കുന്നത് ഒരു സാധാരണ കുടുംബത്തിന്റെ തീരാദുഖത്തിൽ …
ഏതാണ്ടതേ കാലഘട്ടത്തിലുണ്ടായ മക്ക മസ്ജിദ് , സംഝൊത എക്സ്പ്രസ് സ്ഫോടനങ്ങളിൽ അറസ്റ്റിലായ സ്വാമി അസീമാനന്ദിന്റെതായി കാരവൻ മാസിക പുറത്ത് വിട്ട അഭിമുഖത്തിൽ RSS നേതൃത്വത്തിനു സ്ഫോടങ്ങളുമായി ബന്ധമുണ്ട് എന്ന് പറഞ്ഞിരുന്നു …പക്ഷെ താൻ ഒരിക്കലും ഇങ്ങിനെ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി . കസ്റ്റടിയിലിരിക്കുന്ന ഒരു പ്രതിയുമായി ഒരു മാധ്യമം അഭിമുഖം നടത്തുക , അതിൽ കേസിലെ നിർണായകമായ വിവരങ്ങൾ വെളിപ്പെടുത്തുക , അത് ഒരു തടസ്സവുമില്ലാതെ പ്രസിദ്ധീകരിക്കുക …ഇതൊക്കെ വളരെ കരുതിക്കൂട്ടിയുള്ള ഒരു പദ്ധതിയുടെ ഭാഗമാണെന്നു ഉറപ്പിക്കാവുന്ന കാര്യങ്ങളല്ലേ . സംഘത്തിനെപ്പറ്റി , പ്രതിലോമകരമായ പ്രതിഛായ സൃഷ്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യങ്ങളായിരുന്നു ഇതിനെല്ലാം പിന്നിൽ …മോക്ക പ്രകാരം ചാർജ് ചെയ്യപ്പെട്ട കേസിൽ ,തെളിവുകളുടെ ദുർബലത കാരണം കൊണ്ട് തന്നെ അസീമാനന്ദയും പുരോഹിതും ജാമ്യത്തിലിറങ്ങി …കേസ് ഇപ്പോഴും തുടരുന്നു ..
ഈ കാലഘട്ടത്തിനു ഒരു പ്രാധാന്യമുണ്ട്…2002 ലെ ഗുജറാത്ത് കലാപങ്ങൾക്ക് ശേഷം നടത്തിയ ആസൂത്രിതമായ വ്യക്തിഹത്യയിൽ നിന്നും നരേന്ദ്ര മോദിയും ബിജെപിയും പുറത്ത് വന്നുകഴിഞ്ഞിരുന്നു. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിലും , ഗുജറാത്തിൽ ബിജെപി തിളങ്ങിത്തന്നെ നിന്നു. അപ്പോഴാണ് , മോദിയെ വധിക്കാനുള്ള ഒരു വിഫല ദൗത്യത്തിനൊടുവിൽ മലയാളിയായ പ്രാണേഷ് കുമാറും (ഇയാൾ മതം മാറി ജാവേദ് എന്ന പേര് സ്വീകരിച്ചിരുന്നു ) , പൂന സ്വദേശിയായ പത്തൊൻപത് കാരി ഇഷ്രത് ജഹാനും , രണ്ട് പാകിസ്ഥാനി ലഷ്കർ ഭീകരന്മാർക്കൊപ്പം അഹമ്മദാബാദിൽ വെടിയേറ്റു വീഴുന്നത് …ഇത് രാജ്യം മുഴുവൻ വലിയ ഒച്ചപ്പാടുണ്ടാക്കി …നിരപരാധികളായ ചെറുപ്പക്കാരെ മോദിയുടെ പോലീസ് വേട്ടയാടി എന്ന നിലയിൽ സംഭവം പ്രചരിപ്പിക്കപ്പെട്ടു.. പക്ഷെ , ഗുജറാത്തിൽ മോദിയെ ഒന്നും ചെയ്യാൻ ഈ മാധ്യമ മസ്തിഷ്ക പ്രക്ഷാളനങ്ങൾക്ക് കരുത്തുണ്ടായിരുന്നില്ല …ബിജെപിയുടെ ഭാവി മോദിയിലാണ് എന്ന് ബിജെപി തിരിച്ചറിയുന്നതിനു എത്രയോ മുൻപ് ശത്രുക്കൾ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത് …വരാൻ പോകുന്ന ഗുജറാത്ത് നിയമസഭ , ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഒതുക്കുക എന്നത് മാത്രമായിരുന്നു ഈ ” ഹിന്ദു ഭീകരത ” എന്ന വാക്കിന്റെ സൃഷ്ടിക്ക് തന്നെ കാരണം ….കേസിന്റെ ഗതി എങ്ങിനെയോക്കെയാകുമെന്നും , അറസ്റ്റുചെയ്യപ്പെട്ടവർ നിരപരാധികളായി പുറത്തിറങ്ങുമെന്നും ,ഇതൊക്കെ ആസൂത്രണം ചെയ്തവർക്ക് അറിയാമെങ്കിലും , അപ്പോഴേക്കും താത്പരകക്ഷികളും മാധ്യമ വ്യഭിചാരികളും കൂടി നടത്തിയ വമ്പൻ ഗീബൽസിയൻ പ്രചാരണങ്ങൾ ചർച്ചാവിഷയമായിക്കഴിഞ്ഞിരുന്നു ….
സ്വന്തം സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി , നിരപരാധികളെ വേട്ടയാടുന്നത് എന്നും കൊണ്ഗ്രസ് പരീക്ഷിച്ച് വിജയിച്ച രീതിയാണ് …സ്വന്തം മുഖ്യമന്ത്രി കരുണാകരനെ ഒതുക്കാൻ സൃഷ്ടിച്ചെടുത്ത ISRO ചാരക്കേസിൽ തകർന്നു പോയത് പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാരുടെ ജീവിതവും , ഒരു മഹാരാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുമാണ് …പാർട്ടിയിലെയും , പ്രതിപക്ഷത്തെയും പ്രതിയൊഗികളെ തകർക്കാൻ നരസിംഹറാവു ചികഞ്ഞെടുത്ത ഹവാലാ കേസിൽ പെടുത്തിയത് സാക്ഷാൽ അദ്വാനിയടക്കമുള്ള നേതാക്കളെയാണ് …കോണ്ഗ്രസ്സിന്റെ ബി ടീമായി നിന്ന ഹിന്ദു മഹാസഭയുടെ ആൾക്കാർ മഹാത്മാഗാന്ധിയെ വധിച്ചപ്പോൾ , ആ പാപഭാരം മുഴുവൻ സംഘത്തിന്റെ തലയിൽ കെട്ടിവെച്ച് ഇക്കാലമത്രയും ആർത്തട്ടഹസിച്ചതും ഇക്കൂട്ടർ തന്നെ …
2008 ലെ മലഗാവ് സ്ഫോടനത്തിനു ശേഷം രണ്ടുമാസം കഴിഞ്ഞായിരുന്നു കുപ്രസിദ്ധമായ മുംബൈ ഭീകരാക്രമണം…കടൽ വഴി വന്ന അജ്മൽ കസബും കൂട്ടരും അക്ഷരാർഥത്തിൽ രാജ്യത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുംബൈ നഗരത്തെ വിറകൊള്ളിച്ചു…അവർ ഭീകരാക്രമണം നടത്തുമ്പോൾ , കൈകളിൽ മന്ത്രച്ചരടുകളും , സിന്ദൂര തിലകവും അണിഞ്ഞിരുന്നു …കൊല്ലപ്പെടുന്ന ചാവേറുകളുടെ ഫോട്ടോ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുമ്പോൾ , ഇത് ഹിന്ദു ഭീകരതയാണ് എന്ന് വരുത്തി തീർക്കാനുള്ള തന്ത്രത്തിന്റെ ഭാഗം ..പക്ഷേ തുക്കറാം ഒംബാലെ എന്ന ഒരു സാധാരണ പോലീസുകാരൻ , സ്വന്തം ജീവൻ തന്നെ നല്കി ധീരത കാട്ടിയപ്പോൾ അജ്മൽ കസബ് ജീവനോടെ പിടിക്കപ്പെട്ടു , അയാളിൽ നിന്ന് പദ്ധതിയുടെ യാഥാർഥ്യം ലോകമറിഞ്ഞില്ലായിരുന്നങ്കിൽ , മുംബൈ ഭീകരാക്രമണവും ചിത്രീകരിക്കപ്പെടുക മലഗാവ് പോലെ തന്നെയാകുമായിരുന്നു …എന്നിട്ടും , പ്രഗ്യാസിംഗ് താക്കൂറിനെ അറസ്റ്റ് ചെയ്ത ATS തലവൻ ഹേമന്ത് കാർക്കറെ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അത് ഹിന്ദു സംഘടനകളുടെ തലയിൽ കെട്ടിവെക്കാൻ കോണ്ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗും , എ ആർ ആന്തുലെയും ശ്രമിച്ചിരുന്നു …അതവരുടെ വ്യക്തിപരമായ നിലപാട് അല്ല എന്ന് കോണ്ഗ്രസ്സിന്റെ കുടിലതയെ പറ്റിയറിയാവുന്ന ആർക്കും മനസ്സിലാകും.
ഏതാണ്ടാതെ കാലത്താണ് , ഇന്ത്യ നേരിടുന്ന എറ്റവും വലിയ വിഷയം ഹിന്ദു ഭീകരതയാണ് എന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ പിന്നീട് വിക്കിലീക്സിലൂടെ പുറത്ത് വന്നത് …രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളെപ്പറ്റി ഒരു വിദേശ ഏജൻസിയോട് ഇങ്ങിനെ പറയുന്നതിലെ ഔചിത്യമോ വിവേകമോ ഒന്നും രാഹുലിന് പ്രശ്നമായില്ല . ഇത് കോൺഗ്രസ്സോ , രാഹുലോ നിഷേധിച്ചിട്ടുമില്ല . കാശ്മീരിലും , ദൽഹിയിലും , ഹൈദരബാദിലും , ബാംഗളൂരിലും , മുംബൈയിലുമെല്ലാം പാക് ഭീകരത അരങ്ങുവാഴുമ്പൊഴും , രാഹുലിനും കൊൺഗ്രസ്സിനും താത്പര്യം ഹിന്ദു ഭീകരത എന്ന സാങ്കല്പിക സൃഷ്ടിയോട് മാത്രമായിരുന്നു …പാർലിമെന്റിൽ , പൊതുസമ്മെളനങ്ങളിൽ , പത്രസമ്മേളനങ്ങളിൽ , അഭിമുഖങ്ങളിൽ …എല്ലാം ഈ വാക്ക് ആവർത്തിച്ചുറപ്പിക്കാൻ , നെഹ്റു കുടുംബത്തിന്റെ വിറകുവെട്ടികളും വെള്ളം കോരികളുമായ ദിഗ് വിജയ് സിംഗ് , ചിദംബരം , ആന്തുലെ , അഭിഷേക് സിന്ഘ്വി തുടങ്ങിയവർ മത്സരിച്ചു. അതിൽ ഒരു പരിധി വരെ അവർ വിജയിച്ചു എന്ന് തന്നെ കരുതാം …2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ , മഹാരാഷ്ട്രയിലും ആന്ധ്രയിലും , രാജസ്താനിലുമൊക്കെ കോണ്ഗ്രസ് വിജയിച്ചത് , ഈ കുടില പ്രചാരണത്തിലൂടെ സമാഹരിച്ച ന്യൂനപക്ഷ വോട്ടുകൾ കൊണ്ടാണ് …
എത്ര വിദഗ്ദ്ധമായി ആസൂത്രണം ചെയ്താലും , നുണപ്രചാരണങ്ങൾക്ക് ഒരു വെടിക്കെട്ടിന്റെ ആയുസ്സേ ഉണ്ടാകൂ …അതിന്റെ ശബ്ദഘോഷവും , പ്രതിധ്വനികളും കഴിയുമ്പോൾ , ഉത്സവപ്പറമ്പിൽ അവശേഷിക്കുക കുറെ പുകപടലങ്ങൾ മാത്രവും .. പിറ്റെന്നു സൂര്യതേജസ്സ് കൺതുറക്കുമ്പോൾ , ആ ചാരക്കൂമ്പാരത്ത്തിൽ നിന്നും സത്യത്തിന്റെ പ്രകാശമാവും ലോകം കാണുക …എട്ട് വർഷത്തെ ജയിൽവാസത്തിനും , പീസനത്തിനുമൊടുവിൽ , സ്വാമിനി പ്രഗ്യാസിംഗ് താക്കൂറും, കേണൽ പുരോഹിതും അടക്കമുള്ള പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു …ഇവർക്ക് സംഭവുമായി ഒരു ബന്ധവുമില്ല എന്ന് ഇത്രകാലം അവരെ തടവിലിട്ട് പീഡിപ്പിച്ച NIA തന്നെ കോടതിയിൽ ബോധിപ്പിച്ചു….ഒരേ ഒരു വ്യത്യാസം , അന്ന് അന്വേഷണ ഏജൻസികൾക്ക് മുകളിലുണ്ടായിരുന്ന രാഷ്ട്രീയ സമ്മർദ്ദം ഇപ്പോഴില്ല …അങ്ങിനെയൊന്നുള്ളതായി കടുത്ത മോദി വിരോധികൾ പോലും ആരോപിക്കുന്നുമില്ല….
ഭാരതത്തിന്റെ വിശാലമായ ചരിത്രം , രോമാഞ്ച ദായാകമാണെന്നതിനോപ്പം ചതികളുടെയും കുതികാൽ വെട്ടുകളുടെയും കൂടിയാണ് …വിദേശ ശക്തികൾ എന്നും ഇവിടെ ശക്തിപ്രാപിച്ചത് ഇവിടെത്തന്നയുള്ള അഞ്ചാം പത്തികളുടെ സഹായത്തോടെയാണ് …ഏതു കാലഘട്ടത്തിലും ഭാരതം നേരിട്ടിട്ടുള്ള ഒരു ദുർവിധിയാണിത് . ഈ ആധുനിക കാലഘട്ടത്തിൽ ആ റോൾ ഭംഗിയായി ആടിയതും ആടുന്നതും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളുമാണ് …പക്ഷേ എന്നും , അധർമത്തിന്റെ ഇരുണ്ട തിരശീലകളെ വകഞ്ഞു മാറ്റി , സമാജത്തെ രക്ഷിക്കാൻ യുഗപുരുഷന്മാർ അവതാരമെടുക്കുകയും ചെയ്തിട്ടുണ്ട് …ഇരുൾ ദിനങ്ങളെ , കടന്നുപോയ ദുസ്വപ്നങ്ങൾ മാത്രമാക്കിക്കൊണ്ട് പ്രകാശ കിരണങ്ങൾ പരക്കാൻ പരക്കാൻ തുടങ്ങിയ ഇപ്പോഴും നമുക്കങ്ങിനെ തന്നെ പ്രത്യാശിക്കാം …
NB – ലേഖനമെഴുതിയിട്ട് രണ്ട് വർഷമായി.കേണൽ പുരോഹിതും സ്വാമി അസീമാനന്ദയും കുറ്റവിമുക്തരായി ജയിലിൽ നിന്നിറങ്ങി… ഹിന്ദുത്വഭീകരത എന്ന പദം സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളിൽ ഭീതി നിറച്ചവർ ഇപ്പോൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കുള്ള നെട്ടോട്ടത്തിലാണ്.ഒരു പിഞ്ചു ബാലികയുടെ ചോരകൊണ്ടുള്ള തീക്കളിയാണ് അവസാനം നടന്നത്… അതും നുണക്കഥകളുടെ കൂമ്പാരമാണത്തിന്റെ തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു… വർഷങ്ങൾ കഴിഞ്ഞല്ല ,ദിവസങ്ങൾക്കുള്ളിലാണിപ്പോൾ നുണകൾ പൊളിഞ്ഞ് വീഴുന്നത്….
ലോകം ചുറ്റി വരുന്ന നുണകളെ കാത്ത് ഊരിപ്പിടിച്ച ചെരിപ്പുകളുമായി സത്യങ്ങൾ കാത്തിരിക്കുന്ന കാഴ്ചയാണ് ഈ സോഷ്യൽ മീഡിയ കാലം കാട്ടുന്ന വിപ്ളവ പ്രവർത്തനം…
(Originally Published in Kesari Magzine)