രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???


— ശങ്കു ടി ദാസ് — 

ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും.

അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്?
പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്,
ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഈ പ്രബുദ്ധതയിൽ നെഗളിക്കുന്ന മലയാളി പൊതുസമൂഹം വോട്ട് ചെയ്തതെങ്ങനെയാണ് എന്നോർമ്മയുണ്ടോ നിങ്ങൾക്ക്??

“ജനാധിപത്യമോ ഏകാധിപത്യമോ എന്ന് തിരഞ്ഞെടുക്കാനുള്ള ഇന്ത്യൻ ജനതയുടെ അവസാന
അവസരം” എന്ന് വിശേഷിപ്പിക്കപ്പെട്ട 1977ലെയാ പൊതു തിരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥക്കെതിരെ രൂപം കൊണ്ട പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യമായ ജനതാ അലയൻസ് രാജ്യത്താകെ വിജയം നേടിയിരുന്നു. തങ്ങൾക്ക് മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച കോൺഗ്രസിനെ ജനം കഠിനമായി ശിക്ഷിച്ചപ്പോൾ റായ് ബറേലിയിൽ ഇന്ദിരാ ഗാന്ധിക്കും അമേട്ടിയിൽ മകൻ സഞ്ജയ് ഗാന്ധിക്കും വരെ തോൽവി നേരിടേണ്ടി വന്നു. കോൺഗ്രസിന്റെ എല്ലാ കാലത്തെയും വലിയ ശക്തി കേന്ദ്രമായിരുന്ന ഉത്തർ പ്രദേശിലെ മുഴുവൻ സീറ്റിലും കോൺഗ്രസ് അക്കുറി പരാജയപ്പെടുകയാണുണ്ടായത്.
യു.പിയിലെ 85ൽ 85 സീറ്റും ബിഹാറിലെ 54ൽ 54 സീറ്റും മധ്യപ്രദേശിലെ 40ൽ 37 സീറ്റും വെസ്റ്റ് ബംഗാളിലെ 42ൽ 38 സീറ്റും ഡൽഹിയിലെ 7ൽ 7 സീറ്റും രാജസ്ഥാനിലെ 25ൽ 24 സീറ്റും ജനതാ അലയൻസ് നേടി. 345 സീറ്റുകൾ നേടിയ ജനതാ സഖ്യം അധികാരത്തിലേറുകയും മൊറാർജി ദേശായി പ്രധാനമന്ത്രിയാവുകയും ചെയ്തു. പടിയിറങ്ങിയ ഇന്ദിരാ ഗാന്ധിക്ക് തുടർന്ന് ജയിലിൽ വരെ പോവേണ്ടി വന്നു.

ഇന്ത്യൻ ജനത ഏകാധിപത്യത്തിനെതിരെയും ജനാധിപത്യത്തിന് അനുകൂലവുമായി ശക്തമായ നിലപാടെടുത്ത അടിയന്തരാവസ്ഥാനന്തര പൊതു തിരഞ്ഞെടുപ്പിൽ പക്ഷെ കേരളം പിന്തുണച്ചത് ഇന്ദിരാ കോൺഗ്രസ്സിനെ തന്നെയാണ്. അടിയന്തരാവസ്ഥാ അനുകൂല സഖ്യം 20ൽ 20 സീറ്റും നേടിയ തിരഞ്ഞെടുപ്പിൽ മത്സരിച്ച 11 സീറ്റിലും ജയിച്ച ഇന്ദിരാ കോൺഗ്രസ് തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുമായി. പൊതു തിരഞ്ഞെടുപ്പിനൊപ്പം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 105 സീറ്റ് നേടിയ അടിയന്തരാവസ്ഥാ അനുകൂല സഖ്യം വിജയിക്കുകയും 38 സീറ്റുമായി കോൺഗ്രസ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. അടിയന്തരാവസ്ഥാ വിരുദ്ധ പോരാളിയായ മൊറാർജി ദേശായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഇന്ദിരയുടെ വലം കയ്യെന്ന് കുപ്രസിദ്ധനായ, അച്യുത മേനോൻ സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന് അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭകരെ ദയയില്ലാതെ അടിച്ചമർത്തിയതിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ട, കക്കയം പോലീസ് ക്യാമ്പിലെ ക്രൂര പീഡനത്തിന് ശേഷം അപ്രത്യക്ഷനായ രാജന്റെ തിരോധാനത്തിൽ പങ്കാരോപിക്കപ്പെട്ട കെ. കരുണാകരൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തൃശ്ശൂരിലെ മാള മണ്ഡലത്തിൽ നിന്ന് കരുണാകരൻ ജയിച്ചത്.
ഇന്ത്യയുടെ ജനാധിപത്യ മനഃസാക്ഷി കാർക്കിച്ചു തുപ്പിയതാണ് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ നോക്കി അന്ന്. ആ നിലവാരത്തിലുള്ള പ്രബുദ്ധതയും കൊണ്ടാണ് നമ്മൾ മണിപ്പൂരിലെ ജനതയുടെ ബുദ്ധിക്ക് മാർക്ക് ഇടാൻ പോവുന്നത്.

ഈറോമിനെ തോൽപ്പിച്ചത് മണിപ്പൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് എന്ന് തിരിച്ചറിയാനുള്ള ശേഷി പോലും നമുക്കിപ്പോഴും ആയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അവർക്ക് നിഷേധിക്കപ്പെട്ട ഓരോ വോട്ടും മേഖലയിലെ വിഘടനവാദത്തിന് എതിരെയുള്ളതും, അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളോട് ഐക്യപ്പെടുന്നതുമാണ്. ഇറോമിന്റേത് വ്യക്തിപരമായി വലിയ ത്യാഗമാണ് എന്നത് കൊണ്ട് മാത്രം അവർ പ്രതിധാനം ചെയ്ത രാഷ്ട്രീയം മഹത്തരമാകില്ല. ത്യാഗം പോലും ശരിയായ ലക്ഷ്യം ഉദ്ദേശിച്ചുള്ളത് കൂടിയാവുമ്പോഴേ ശ്രേഷ്ഠമാവുകയുള്ളൂ. അങ്ങനെയല്ലെങ്കിൽ മത തീവ്രവാദി നടത്തുന്ന ചാവേർ സ്ഫോടനം പോലും അതിലൊരു മനുഷ്യന്റെ ജീവത്യാഗവുമുണ്ട് എന്നതിനാൽ ശ്രേഷ്ഠമാവണം. സ്വന്തം മന്ത്രിസഭയുടെ നിലനിൽപ്പിനെ പോലും അപകടത്തിലാക്കിയും അഴിമതിക്കാരനായ ധനമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും അതിൽ സഹപ്രവർത്തകനോടുള്ള പ്രതിബദ്ധതയും വിശ്വസ്തതയും ത്യാഗവുമുണ്ട് എന്നതിനാൽ ശ്രേഷ്ഠമാവണം.

സഭയുടേയും പുരോഹിതന്റേയും അന്തസ്സ് സംരക്ഷിക്കാനായി മകൾ ഗർഭിണിയായതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന പിതാവിന്റെ നടപടിയും അതിലും സ്വയം പീഡയും സഹനവും ത്യാഗവുമുണ്ട് എന്നതിനാൽ ശ്രേഷ്ഠമാവണം. പക്ഷെ അതൊന്നും ശ്രേഷ്ഠമാവാത്തത് ആ ത്യാഗങ്ങളൊന്നും ശരിയായ ലക്ഷ്യങ്ങളെ ഉദ്ദേശിച്ചുള്ളതല്ലാത്തതിനാലും തെറ്റുകളെ സംരക്ഷിക്കാൻ വേണ്ടിയുള്ളവയായതിനാലുമാണ്. ഈറോം നീണ്ട 16 വർഷം പട്ടിണി സമരത്തിലേർപ്പെട്ടതിൽ വ്യക്തിപരമായ വലിയ ത്യാഗമുണ്ട് എന്നത് അംഗീകരിക്കുമ്പോഴും ആ സമരം രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന വിഘടനവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള സൈനിക നടപടിക്കെതിരായിരുന്നു എന്ന വസ്തുത അവിടെ നിലനിൽക്കുന്നുണ്ട്.
അതുകൊണ്ടാണത് ത്യാഗമാവുമ്പോഴും അതിൽ മഹത്തരമായി ഒന്നുമില്ലാതാവുന്നത്.
പ്രബുദ്ധരെന്ന് സ്വയം വിളിക്കുന്ന പൈങ്കിളികൾക്കത് മനസിലാവണമെന്നില്ല.
എന്നാൽ യഥാർത്ഥ പ്രബുദ്ധത തീർച്ചയായും അത് തിരിച്ചറിയുക തന്നെ ചെയ്യും.

ഈറോമിനോട് സത്യത്തിൽ ആരെങ്കിലും നന്ദികേട് കാണിച്ചിട്ടുണ്ടെങ്കിൽ അത് അവരെ അനവധി വർഷം പൗരാവകാശ സമരങ്ങളുടെ മുഖമായി കൊണ്ടാടുകയും ഒടുവിലവർ നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ച നിമിഷം നിഷ്കരുണം കയ്യൊഴിക്കുകയും ചെയ്ത എൻ.ജി.ഓ ലോബികളാണെന്നതാണ് സത്യം. സമരം പിൻവലിക്കുമ്പോൾ ഈറോം പറഞ്ഞത്, “ഞാൻ ഉരുക്കു വനിതയൊന്നുമല്ല, ഒരു മനുഷ്യ ജീവിയാണ്. എന്നാൽ ചിലരെന്നെയൊരു സമര പ്രതീകമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. അവർക്ക് വേണ്ടത് ഒരു രക്തസാക്ഷിയെ മാത്രമായിരുന്നു.” എന്നാണ്.
താൻ ഇത്രയും കാലം ചിലരുടെ കയ്യിലെ കളിപ്പാവയായി വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിന്റെ മുഴുവൻ വേദനയും ആ വാക്കുകളിലുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് ‘Icon of Rights Movement; a lonely figure in Manipur today’ എന്നായിരുന്നുവെന്ന് ഇപ്പോഴും നല്ല ഓർമയുണ്ട്.
അതു വരെ അവരെ പിന്തുണച്ച ‘സകൽ’ അടക്കമുള്ള എൻ.ജി.ഓകളൊക്കെ അവരെ കൈവിട്ടിരുന്നു.
അവർക്ക് താമസിക്കാനൊരു വാടക വീട് നൽകാൻ പോലും ആരും കൂട്ടാക്കിയിരുന്നില്ല.
അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് സഹകരിക്കാൻ പഴയ കൂട്ടാളികൾ ഒന്നും തയ്യാറായില്ല.
ഒരുപക്ഷേ ഈറോമിന്റെ സമരപന്തലിൽ ദിവസേന കൂടെയുണ്ടായിരുന്നവർ മാത്രം അവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ പോലും മൂന്നക്കം തികയ്ക്കാൻ അവർക്ക് പ്രയാസമുണ്ടാവുമായിരുന്നില്ല.
ഈറോമിനോട് നന്ദികേട് കാണിച്ചത് മണിപ്പൂരിലെ ജനങ്ങളൊന്നുമല്ല.
അവരെ വേണ്ടോളം ഉപയോഗിച്ച് വേണ്ടാതായപ്പോൾ വലിച്ചെറിഞ്ഞ അവരുടെ പഴയ സമര സഖാക്കൾ തന്നെയാണ്.

ഇറോം ശർമിളക്കും രാഹുൽ ഗാന്ധിക്കും ഹിലാരി ക്ലിന്റനുമൊക്കെ ഒരുപോലെ അവകാശപ്പെടാവുന്ന എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിലത്, ഇടത്-ലിബറൽ-മാധ്യമ പ്രൊപ്പഗണ്ടകളിളൊന്നും ജനങ്ങൾ വീണുപോവില്ല എന്ന വസ്തുത ഒരുപോലെ തെളിയിച്ചവരാണവരെല്ലാം എന്നതാവും.
ഇവരെല്ലാം ചേർന്ന് ഇത്രയേറെ വ്യാജ കോലാഹലം സൃഷ്ടിച്ചാലും ജനങ്ങൾ കാര്യങ്ങൾ വൃത്തിയായി മനസ്സിലാക്കുന്നുണ്ട്. മണിപ്പൂരിൽ അഫ്‌സ്പ നിലവിലുണ്ടെങ്കിൽ അഫ്സ്പയെ അനിവാര്യമാക്കിയ സാഹചര്യവും മണിപ്പൂരിലുണ്ട് എന്നവർക്കറിയാം. അഫ്‌സ്പ പിൻവലിക്കാൻ ചെയ്യേണ്ടത് ഭരണകൂടത്തിനെതിരെ പട്ടിണി സമരം നടത്തുകയല്ല, മറിച്ച് മേഖലയിലെ വിഘടനവാദത്തെ ഇല്ലാതാക്കുകയും, ഇന്ത്യയുടെ അഖണ്ഡതയോടുള്ള പ്രതിബദ്ധത ഉറക്കെ പ്രഖ്യാപിക്കുകയും ആണെന്ന് അവർക്ക് നല്ല ബോധ്യവുമുണ്ട്. അതിനാലാണവർ ജനാധിപത്യത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്. ഇറോം ശർമിളയെ നോട്ടക്കും പിറകിലാക്കുക വഴി അവർ നടത്തിയിരിക്കുന്നത് വ്യക്തമായൊരു രാഷ്ട്രീയ പ്രസ്താവന തന്നെയാണ്. വിഘടനവാദത്തോട് തങ്ങൾക്ക് യാതൊരു മൃദു സമീപനവുമില്ലെന്നും, അതുള്ളവരും ഉണ്ടായിരുന്നവരും പോലും ഞങ്ങളുടെ സമ്മതിയുള്ളവരല്ല എന്നുമാണാ പ്രസ്താവന.

അഞ്ച് സംസ്ഥാനങ്ങളിലെ തോൽവിയുടെ ജാള്യത മറയ്ക്കാൻ ഇറോമിന് കിട്ടാത്ത വോട്ടിലേക്ക് മാത്രമായി ചർച്ചയെ ചുരുക്കി, കേരളിത്തിന് പുറത്തുള്ളവരെല്ലാം പൊതുവേ പ്രബുദ്ധത കുറവുള്ളവരാണെന്ന് സ്ഥാപിച്ച്, തങ്ങളുടെ പരാജയത്തെ കൂടി ആ പൊതു പ്രബുദ്ധതക്കുറവിൽ വകയിരുത്തി സ്വയം സമാധാനിപ്പിക്കുന്നവരോട് തന്നെയാണ്.
മണിപ്പൂരിന്റെ പ്രബുദ്ധതയളക്കാൻ നമ്മളിപ്പോഴും ആയിട്ടില്ല.